വിട അറിവിന്റെ വിളക്കിന്; വിജ്ഞാനവും വിനയവും ഒത്തിണങ്ങിയ പണ്ഡിതൻ

ആലിക്കുട്ടി മുസ്‌ലിയാര്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കും ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കും ഒപ്പം |ഫോട്ടോ:മാതൃഭൂമി
ആലിക്കുട്ടി മുസ്‌ലിയാര്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കും ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കും ഒപ്പം |ഫോട്ടോ:മാതൃഭൂമി

മലപ്പുറം: അന്തരിച്ച പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ വിദേശങ്ങളിലും സുപ്രധാന സമിതികളും നിർണായക സാന്നിധ്യമറിയിച്ച പണ്ഡിതനായിരുന്നു. ഇന്ത്യക്കകത്തും പുറത്തും ഒട്ടേറേ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ മുസ്‌ലിങ്ങളെ പ്രതിനിധീകരിച്ച് ഒട്ടേറേ രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുത്ത ആലിക്കുട്ടി മുസ്‌ലിയാർ നിലവിൽ മുസ്‌ലിം വേൾഡ് ലീഗിലെ ഇസ്‌ലാമിക് ഫിഖ്ഹ് കൗൺസിൽ അംഗമാണ്.

1978-ൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയുടെ (ഇഫ്ളു) സിലബസ് രൂപവത്കരണ കമ്മിറ്റിയിലും അംഗമായി. 2011-ൽ ലിബിയയിൽ പ്രസിഡന്റ് മുഅമ്മർ ഗദ്ദാഫിയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര സൂഫി സമ്മേളനത്തിലും 2012-ൽ മൊറോക്കോയിൽ നടന്ന സൂഫി സമ്മേളനത്തിലും സെനഗലിലെ സമ്മേളനങ്ങളിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

2004 മുതൽ സംസ്ഥാന മുസ്‌ലിം ഓർഫനേജ് കോഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയാണ്. ഓൾ ഇന്ത്യ പേഴ്സണൽ ലോ ബോർഡ്, മുസ്‌ലിം വേൾഡ് ലീഗ് ഫിഖ്ഹ് കൗൺസിൽ എന്നീ സമിതികളിൽ പ്രത്യേക ക്ഷണിതാവാണ്.

വിജ്ഞാനവും വിനയവും ഒത്തിണങ്ങിയ പണ്ഡിതൻ

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആലിക്കുട്ടി മുസ്‌ലിയാരെ അനുസ്മരിക്കുന്നു

അറിവും വിനയവും ഒത്തിണങ്ങിയ പണ്ഡിതനായിരുന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുഖ്യ കാര്യദർശി കെ. ആലിക്കുട്ടി മുസ്‌ലിയാർ. സമസ്ത എന്ന മഹാവൃക്ഷത്തിന്റെ അമരത്തിരുന്നപ്പോഴും ആയിരക്കണക്കിനു ശിഷ്യഗണങ്ങളുടെ ഗുരുവായി ജീവിച്ചപ്പോഴും തികഞ്ഞ വിനയവും അസാധാരണമായ പക്വതയും അദ്ദേഹത്തെ വ്യത്യസ്തനാക്കി. സമസ്തയുടെ ജനറൽസെക്രട്ടറിയായി സേവനംചെയ്ത ആലിക്കുട്ടി മുസ്‌ലിയാർ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം സംഘടനയുടെ നയനിലപാടുകൾക്ക് കരുത്തും കാവലുമായി നിലകൊണ്ടു.

വ്യക്തിപരമായി ദീർഘകാലത്തെ ബന്ധം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. സംഘടനാരംഗത്ത് സജീവമായതോടെ കൂടുതൽ അടുത്തിടപഴകാൻ അവസരം ലഭിച്ചു. കൂടിയാലോചനകളിലും ചർച്ചകളിലും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. മതഗ്രന്ഥങ്ങളിൽ വലിയ അവഗാഹംനേടിയ അദ്ദേഹം സ്വപ്രയത്നത്തിലൂടെ വൈജ്ഞാനിക വ്യക്തിത്വത്തെ വികസിപ്പിച്ചു. അറബിഭാഷയിലും സാഹിത്യത്തിലും ഇംഗ്ലീഷിലും പാണ്ഡിത്യം നേടി.

സമസ്തയുടെ കേന്ദ്ര മുശാവറ ഏതെങ്കിലുമൊരു വിഷയത്തിൽ നയപരമായ തീരുമാനം കൈക്കൊള്ളുമ്പോൾ അദ്ദേഹം സ്വീകരിച്ചിരുന്ന കീഴ്‌വഴക്കങ്ങളും സമീപനങ്ങളും എന്നും ഓർമ്മിക്കപ്പെടുകതന്നെ ചെയ്യും. സമസ്തയുടെ പാരമ്പര്യത്തിലൂന്നി പുതിയകാലത്തെ ഉൾക്കൊള്ളുന്ന സമീപനമാണ് അദ്ദേഹം എല്ലാകാലത്തും സ്വീകരിച്ചത്.

സങ്കീർണമായ വിഷയങ്ങളുള്ളപ്പോഴെല്ലാം അവധാനതയോടെ കാര്യങ്ങൾ കേൾക്കാനും അഭിപ്രായം രേഖപ്പെടുത്താനും അദ്ദേഹത്തിനു സാധിച്ചു. ജനറൽസെക്രട്ടറി എന്നനിലയിൽ സമസ്ത എടുത്ത തീരുമാനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കൈയൊപ്പുണ്ടായിരുന്നു.

ഉസ്താദുമാരുടെ ഉസ്താദ്- സാദിഖലി ശിഹാബ് തങ്ങൾ

അറിവിന്റെ മധുരം കിനിയുന്ന വാക്കുകളും അലിവിന്റെ കുളിർസ്പർശവും സമ്മേളിച്ച യുഗപുരുഷനായിരുന്നു പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ. ഉസ്താദുമാരുടെ ഉസ്താദായിരുന്നയാൾ. ഇസ്ലാമിന്റെയും സമസ്തയുടെയും ധന്യപാത ജീവിതവഴിയായി സ്വീകരിച്ച പണ്ഡിതശ്രേഷ്ഠൻ. ഒരു വിളക്കുമാടമായി ജ്വലിച്ചുനിന്ന് വിശ്വാസികൾക്ക് അറിവിന്റെ ശോഭതെളിച്ച സൂഫിവര്യൻ. മൗനമായിരിക്കുമ്പോഴും അല്ലാഹുവിന്റെ മഹദ്വചനങ്ങൾ ഉരുവിട്ട് സദാസമയവും സ്രഷ്ടാവിൽ അലിഞ്ഞുചേർന്നുള്ള ജീവിതം. ഇസ്ലാമിന്റെ ധാർമികപാതയും സമസ്തയുടെ പാരമ്പര്യവും പൈതൃകവും മുറുകെപ്പിടിച്ചാണ് അദ്ദേഹം ജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടിയത്.

കൗമാരം മുതൽതന്നെ സമുദായ നേതൃത്വത്തിലെത്തിയയാളായിരുന്നു ആലിക്കുട്ടി മുസ്ലിയാർ. 16-ാം വയസ്സിൽത്തന്നെ ഖത്തീബായി. 20 വയസ്സ് കഴിയുംമുൻപ് ഖാസിയായി. പിന്നിട്ട ജീവിതം മുഴുവൻ സമുദായനേതൃനിരയിൽ അദ്ദേഹമുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രശസ്ത ഇസ്ലാമിക കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രവർത്തനങ്ങൾക്ക് എന്നും ചുക്കാൻപിടിച്ചു. സമസ്തയ്ക്കായി ജീവിതംമുഴുവൻ ഓടിനടന്നു. അനാരോഗ്യംകാരണം കിടപ്പിലാകുന്നതുവരെ അദ്ദേഹം സമുദായത്തിനായി പ്രവർത്തിച്ചു. ജാമിഅയിലെ അധ്യാപകനായും പ്രിൻസിപ്പലായും പ്രവർത്തിച്ച അദ്ദേഹം നിരവധി പണ്ഡിതരെ വളർത്തിയെടുത്തു.

വിയോഗംവരെ ഉമ്മുൽ മദാരിസിന്റെ രക്ഷകർത്തൃസ്ഥാനമുണ്ടായിരുന്നു അദ്ദേഹത്തിന്. അവസാനം നടന്ന വാർഷിക, സനദ്ദാന സമ്മേളനത്തിലും സജീവമായി പങ്കെടുത്തു.

പാണക്കാട് കുടുംബവുമായി ആഴത്തിലുള്ള ബന്ധം പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ കാലംമുതൽക്ക് തുടങ്ങിയതായിരുന്നു. പിന്നീട് എല്ലാവരുമായും ആ ബന്ധം ഊഷ്മളമായി തുടർന്നു. പാണക്കാട്ടെ വീട് അദ്ദേഹത്തിന് സ്വന്തം വീടുപോലെ പ്രിയപ്പെട്ടതായിരുന്നു. ഇടയ്ക്കിടെ വരും, ദീർഘനേരമിരിക്കും. പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പൂർവികരുടെ കബറിടം സന്ദർശിക്കും.

അടുത്തിടപഴകിയപ്പോഴെല്ലാം പുഞ്ചിരിയും സംയമനവും നിറഞ്ഞസ്നേഹവുമല്ലാതെ മറ്റൊന്നും ആ മുഖത്ത് നിഴലിച്ചുകണ്ടിട്ടില്ല. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ചേർത്തുനിർത്തുന്ന പ്രകൃതം. അറിവുകൊണ്ടും അലിവുകൊണ്ടും മനുഷ്യരെ ചേർത്തുനിർത്തിയ മഹാവ്യക്തിത്വം.

Content Highlights: Prof. K. Alikutty Musliyar was a key figure in Samastha Kerala Jamiyyathul Ulama., He served as a member of the Muslim World League's Islamic Fiqh Council., He was a dedicated educator and former Principal of Jamia Nooriya, Pattikkad., Known for his immense contributions to Islamic jurisprudence and communal harmony., He maintained a lifelong association with the Panakkad family.