അടിക്കടിയുള്ള വിവാദങ്ങളിൽ അതൃപ്തി; ഡിസിസി നേതൃമാറ്റം ആവശ്യപ്പെട്ട് പ്രിയങ്കാഗാന്ധി

പ്രിയങ്കാ ഗാന്ധി | Photo: PTI
പ്രിയങ്കാ ഗാന്ധി | Photo: PTI

കല്പറ്റ: മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തംഗം ജോസ് നെല്ലേടത്തിന്റെ മരണവും കള്ളക്കേസും ഉൾപ്പെടെ അടിക്കടിയുള്ള വിവാദങ്ങളിൽ അതൃപ്തിയറിയിച്ച് പ്രിയങ്കാഗാന്ധി എം.പി. ജില്ലാ കോൺഗ്രസ് േനതൃത്വത്തെ അഴിച്ചുപണിയണമെന്നും ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെ തത്‍സ്ഥാനത്തുനിന്ന് മാറ്റണമെന്നും പ്രിയങ്കാഗാന്ധി കെപിസിസി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

ജില്ലയിൽ ഒന്നിനുപുറകെ ഒന്നായി വിവാദങ്ങളുയരുന്നതിലും കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യയും അഴിമതിയാരോപണങ്ങളും കള്ളക്കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിലും പ്രിയങ്കാഗാന്ധി എതിർപ്പും അതൃപ്തിയും അറിയിച്ചിട്ടുണ്ട്. വയനാട് എംപിയായ താൻ മണ്ഡലം സന്ദർശിക്കുന്ന സന്ദർഭങ്ങളിലൊക്കെയും വിവാദങ്ങളും പ്രശ്നങ്ങളുമാണെന്നും അവർ പരാതിപ്പെട്ടതായാണ് വിവരം. എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയും അഴിമതിയാരോപണങ്ങളും സാമ്പത്തികക്രമക്കേടുകളും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കഴിഞ്ഞ സന്ദർശനത്തിൽത്തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കുറി എത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായതിൽ പ്രിയങ്ക അതൃപ്തയാണ്.

കെപിസിസി നേതൃത്വത്തിൽ ആലോചിച്ച മുണ്ടക്കൈ-ചൂരൽമല പുനരധിവാസപദ്ധതി ഉൾപ്പെടെ നടക്കാതെപോയതിലും സ്ഥലമേറ്റെടുപ്പുപോലും പൂർത്തീകരിക്കാത്തതിലും പ്രിയങ്ക നേരത്തേതന്നെ എതിർപ്പറിയിച്ചിരുന്നു. ഇതിനെല്ലാംപിന്നിൽ ജില്ലാനേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന ആരോപണവും പ്രിയങ്ക ഉന്നയിച്ചിരുന്നു. അസ്വാരസ്യങ്ങൾ പരിഹരിക്കാനും വിഷയങ്ങളിൽ ഇടപെടാനും നേതൃത്വത്തിനുസാധിക്കുന്നില്ലെന്നാണ് ആരോപണം. മറ്റുജില്ലകൾക്കൊപ്പം വയനാട്ടിലും നേതൃമാറ്റമെന്ന നിലപാടാണ് കെപിസിസി ഇതുവരെ കൈക്കൊണ്ടത്.

എന്നാൽ, ഇതിനു കാലതാമസം വരുകയാണെങ്കിൽ ഉടനെ വയനാട്ടിൽമാത്രം പ്രസിഡന്റിനെ മാറ്റണമെന്നാണ് പ്രിയങ്കാഗാന്ധി ആവശ്യപ്പെട്ടതെന്ന്‌ അറിയുന്നു. ഡിസിസി പ്രസിഡന്റായ എൻ.ഡി. അപ്പച്ചൻ ഇക്കുറി പ്രിയങ്കാഗാന്ധിയുടെ പരിപാടികളിലൊന്നും ഒപ്പമുണ്ടായിരുന്നില്ല. കെപിസിസി സെക്രട്ടറിയും കല്പറ്റ നഗരസഭാധ്യക്ഷനുമായ ടി.ജെ. ഐസക്, കെപിസിസി അംഗവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ കെ.ഇ. വിനയൻ എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

Content Highlights: priyanka gandhi wayanad dcc leadership