പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. LPST സമരക്കാരെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

കൽപറ്റ: ജനങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. സമാധാനപരമായ സമരങ്ങൾ തടയാൻ പാടില്ലെന്നാണ് തന്റെ നിലപാടെന്നും ജനങ്ങളോട് സർക്കാരുകൾക്ക് ഉത്തരവാദിത്തമുണ്ടെന്നും എൽപിഎസ്ടി സമരത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രിയങ്ക മറുപടി നൽകി.
ജനങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനും പ്രതിഷേധിക്കാനുമുള്ള ഭരണഘടനാപരമായ അവകാശമുണ്ട്. സമാധാനപരമായ രീതിയിലാണ് സമരം നടക്കുന്നതെങ്കിൽ അതിനെ അനുവദിക്കണമെന്നതാണ് തന്റെ വ്യക്തമായ നിലപാട്. അത് സ്വന്തം പാർട്ടിയുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകൾക്കെതിരെയോ തങ്ങളുടെ നയങ്ങൾക്കെതിരെയോ ഉള്ള പ്രതിഷേധമാണെങ്കിൽ പോലും സമാധാനപരമാണെങ്കിൽ അതിനെ തടയാൻ പാടില്ലെന്ന് അവർ വ്യക്തമാക്കി. ജനങ്ങൾക്ക് ഭരണഘടന നൽകുന്ന പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിക്കാൻ അനുവദിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അവർ കൂട്ടിച്ചേർത്തു.
അക്രമ സംഭവങ്ങളോ ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടാകുകയോ ആളുകൾക്ക് പരിക്കേൽക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ മാത്രമേ പോലീസ് നിയമനടപടികൾ സ്വീകരിക്കാവൂ എന്നും പ്രിയങ്ക പറഞ്ഞു. ജനങ്ങൾ ചോദ്യങ്ങൾ ചോദിക്കുമ്പോഴും ഉത്തരം ആവശ്യപ്പെട്ട് തെരുവിലിറങ്ങുമ്പോഴും പോലീസിനെ ഉപയോഗിച്ച് മർദ്ദിച്ചും ജയിലിലടച്ചും പ്രതിഷേധങ്ങൾ തടയാൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ല. ജനാധിപത്യ വ്യവസ്ഥയിൽ സർക്കാരിന്റെ ഓരോ തീരുമാനത്തിനും നടപടികൾക്കും ജനങ്ങളോട് മറുപടി പറയാൻ ഭരണകൂടം ബാധ്യസ്ഥമാണെന്നും അവർ പറഞ്ഞു.