'പൃഥ്വി റൂട്ട് ' പോരാട്ടം തുടങ്ങി, മഞ്ഞക്കൊന്നയുടെ വേരറക്കാന്‍

#നീനു മോഹന്‍
'പൃഥ്വി റൂട്ട്' അംഗങ്ങള്‍ മുത്തങ്ങക്കാട്ടില്‍ മഞ്ഞക്കൊന്ന നശീകരണത്തില്‍
'പൃഥ്വി റൂട്ട്' അംഗങ്ങള്‍ മുത്തങ്ങക്കാട്ടില്‍ മഞ്ഞക്കൊന്ന നശീകരണത്തില്‍

മുത്തങ്ങ: വേനല്‍മഴ പെയ്തിട്ടും പുല്‍നാമ്പിന്റെ തളിരുപോലുമില്ല മുത്തങ്ങക്കാട്ടില്‍. കാടിനെ കൈയേറി മഞ്ഞക്കൊന്ന (Senna siamea) പടര്‍ന്നിരിക്കുന്നു. മഞ്ഞക്കൊന്നയുടെ വാടിയ ഇലകള്‍മൂടിയ മണ്ണില്‍ മറ്റൊന്നും മുളയ്ക്കുന്നില്ല. മുന്നോട്ടുനീങ്ങുംതോറും കാഴ്ചമറയ്ക്കുന്ന മഞ്ഞക്കൊന്നക്കാടിനുള്ളില്‍ മണ്ണിലിരിക്കുന്ന യുവതികളും യുവാക്കളും.

കത്തിയെടുത്ത് മഞ്ഞക്കൊന്നയുടെ തൊലിചീകി മാറ്റി, മണ്ണിട്ടുമൂടി അധിനിവേശ സസ്യത്തിന്റെ വേരറക്കുകയാണ് ഇവര്‍. കോഴിക്കോട് കേന്ദ്രമായുള്ള 'പൃഥി റൂട്ട്' കൂട്ടായ്മയുടെ നേതൃത്വത്തില്‍ എല്ലാ വാരാന്ത്യങ്ങളിലും യുവതീ-യുവാക്കളുടെ ഒരു കൂട്ടം ചുരംകയറി മുത്തങ്ങയിലെത്തും, മഞ്ഞക്കൊന്ന നിര്‍മാര്‍ജനത്തില്‍ പങ്കാളികളാകാന്‍.

കോഴിക്കോട് രാമകൃഷ്ണ മിഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബ് 'പൃഥ്വി'യില്‍ സജീവമായിരുന്ന പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് 'പൃഥ്വി റൂട്ട്'. 30 പിന്നിട്ടവര്‍ മുതല്‍ ഇപ്പോള്‍ പ്ലസ് വണില്‍ പഠിക്കുന്നവര്‍വരെയുള്ള സംഘം. ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും അധ്യാപകരുമടങ്ങുന്ന ഈ കൂട്ടായ്മ ഏറെക്കാലമായി പരിസ്ഥിതിപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

സ്‌കൂള്‍വിദ്യാര്‍ഥികളായിരിക്കേ സന്ദര്‍ശിച്ച മുത്തങ്ങ വന്യജീവിസങ്കേതം, അധിനിവേശസസ്യമായ മഞ്ഞക്കൊന്ന പടര്‍ന്നതോടെ തകര്‍ച്ചയിലാണെന്ന വിവരമാണ് വലിയൊരു ഉത്തരവാദിത്വം ചുമലിലേറ്റാന്‍ ഇവരെ പ്രേരിപ്പിച്ചത്. സംഘടനയുടെ ഭാഗമായവര്‍ എല്ലാ വെള്ളിയാഴ്ചയും രാത്രിയോടെ മുത്തങ്ങയിലെത്തും.

ശനിയും ഞായറും മുത്തങ്ങയില്‍ തങ്ങി മഞ്ഞക്കൊന്ന നശീകരണപ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. ഞായറാഴ്ച വൈകീട്ട് മടങ്ങും. ഏഴ് ആഴ്ചയായി തുടര്‍ച്ചയായി ഇവര്‍ കാട്ടിലെത്തുന്നുണ്ട്. ഇതിനകം രണ്ടുഹെക്ടറോളം വനത്തിലെ മഞ്ഞക്കൊന്നകള്‍ നശിപ്പിച്ചുകഴിഞ്ഞു. വര്‍ഷങ്ങളോളം ഈ പ്രവര്‍ത്തനം തുടരാനാണ് ഇവരുടെ തീരുമാനം.

Content Highlights: prithvi root members comes to muthanga forest to distroy senna siamea