രാഷ്ട്രപതി നാളെയെത്തും, ഗുരുവായൂരിൽ ട്രയൽ റൺ, സമ്മാനമായി ‘സ്വർണക്കോലം’

ഗുരുവായൂർ: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഗുരുവായൂർ സന്ദർശനവുമായി ബന്ധപ്പെട്ട മുന്നൊരുക്കത്തിന്റെ ഭാഗമായി ഗുരുവായൂരിൽ ട്രയൽ റൺ നടത്തി. രാഷ്ട്രപതി വന്നിറങ്ങുന്ന ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞു മൂന്നരയോടെ ഹെലികോപ്റ്റർ ഇറങ്ങി. മൂന്നുതവണ ആകാശത്ത് വട്ടമിട്ടുപറന്ന ശേഷമായിരുന്നു ഇറക്കം.
സുരക്ഷാമേധാവികളുടെ നേതൃത്വത്തിൽ ഹെലിപാഡും പരിസരങ്ങളും നിരീക്ഷിച്ച് സുരക്ഷ ഉറപ്പുവരുത്തി. പോലീസിനും മറ്റു ഉദ്യോഗസ്ഥർക്കും വേണ്ട നിർദേശങ്ങളും നൽകി. കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. എം. സന്ദീപ്, കുന്നംകുളം തഹസിൽദാർ ടി.എ. ഷാജി, ഗുരുവായൂർ അസി. പോലീസ് കമ്മിഷണർ സുരേന്ദ്രൻ മങ്ങാട്ട്, ഗുരുവായൂർ സി.ഐ. ശശികുമാർ, എസ്.ഐ.മാരായ പി. രാജു, എ.ആർ. നിഖിൽ എന്നിവരും അഗ്നിരക്ഷാസേന ഉൾപ്പെടെയുള്ള വിഭാഗങ്ങളും പങ്കെടുത്തു. വ്യാഴാഴ്ചയും ട്രയലുണ്ട്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.10-നാണ് രാഷ്ട്രപതി ഗുരുവായൂരിലെ ഹെലിപാഡിലിറങ്ങുക. 3.30-ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. 3.50-ന് ക്ഷേത്രത്തിൽ ദർശനം. 4.30-ന് മടങ്ങും. ഭക്തർക്കു കുറച്ചുസമയം ദർശനനിയന്ത്രണമുണ്ടാകും. ഉച്ചയ്ക്ക് ഒന്നുമുതൽ രാഷ്ട്രപതി പോകുന്നതുവരെ നഗരത്തിലും തൃശ്ശൂർ റോഡിലും ഗതാഗതനിയന്ത്രണമുണ്ടാകും.
രാഷ്ട്രപതിക്ക് സമ്മാനമായി ‘സ്വർണക്കോലം’
: രാഷ്ട്രപതി ദ്രൗപദി മുർമുവിനു ഗുരുവായൂർ ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുപതിപ്പ് നൽകും. കുമിഴ്മരത്തിൽ തീർത്ത മനോഹരകൃഷ്ണവിഗ്രഹവും നൽകും.
നൃത്തപരിപാടികൾ മാറ്റിവെച്ചു
: രാഷ്ട്രപതിയുടെ സന്ദർശനം കാരണം ക്ഷേത്രനടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലെ നൃത്തപരിപാടികൾ മാറ്റിവെച്ചു. ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് അഞ്ചുവരെ നിശ്ചയിച്ചിരുന്ന അഞ്ച് നൃത്തസംഘങ്ങളുടെ പരിപാടികളാണ് മാറ്റിയത്.
Content Highlights: President Droupadi Murmu is visiting Guruvayur temple., A successful helicopter trial run was conducted at Sreekrishna College ground helipad., Strict security measures, traffic restrictions, and brief temple darshan regulations are in place., The Devaswom will present a miniature goldenkolam and a wooden Krishna idol to the President., Scheduled dance performances at Sreeguruvayurappan Auditorium have been postponed.