പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

Prayar Gopalakrishnan | Photo: Mathrubhumi

കൊല്ലം: മുൻ എംഎൽഎയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ (73) അന്തരിച്ചു. വട്ടപ്പാറ എസ്.യു.ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്.

ചടയമംഗലം എംഎൽഎ ആയിരുന്നു. ദീർഘകാലം മിൽമയുടെ ചെയർമാനായി പ്രവർത്തിച്ചിരുന്നു. കെ.എസ്.യു വഴിയാണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്. കെ.എസ്.യു കൊല്ലം ജില്ലാ പ്രസിഡന്റായിരുന്നു. 2001-ൽ കൊല്ലത്തെ ചടയമംഗലം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2015-ലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകുന്നത്.

കെ.എസ്.യു.വിന്റെയും യൂത്ത് കോൺഗ്രസിന്റെയും കൊല്ലം ജില്ലാ പ്രസിഡന്റായിരുന്ന പ്രയാർ 1982-ൽ മിൽമ ഡയറക്ടർ ബോർഡ് അംഗമായി. 1984 മുതൽ 2001 വരെ ചെയർമാനായിരുന്നു. സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗമായും പ്രവർത്തിച്ചിരുന്ന അദ്ദേഹത്തെ ആർ. ബാലകൃഷ്ണപിള്ള സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് മുന്നാക്ക ക്ഷേമ കോർപ്പറേഷൻ അധ്യക്ഷനായി നിയമിച്ചിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചതിനെത്തുടർന്ന് മുന്നാക്ക ക്ഷേമ കോർപ്പറേഷൻ അധ്യക്ഷസ്ഥാനം പ്രയാർ രാജിവക്കുകയായിരുന്നു.

Related Stories
×