സ്വന്തം ചരമക്കുറിപ്പ് തയ്യാറാക്കി നൽകിയ പ്രഭാകരമേനോൻ വിടവാങ്ങി

#ന്യൂസ് ഡെസ്ക്
പ്രഭാകരമേനോൻ, മൂന്നു വർഷം മുൻപ് തയ്യാറാക്കിയ ചരമക്കുറിപ്പ്
പ്രഭാകരമേനോൻ, മൂന്നു വർഷം മുൻപ് തയ്യാറാക്കിയ ചരമക്കുറിപ്പ്

പട്ടാമ്പി: മൂന്നു വർഷം മുൻപ് തന്റെ ചരമക്കുറിപ്പ് തയ്യാറാക്കി മക്കളെ ഏൽപ്പിച്ച വള്ളൂർ പെരുമ്പിലാവിൽ പ്രഭാകരമേനോൻ (85) അന്തരിച്ചു. താൻ മരിച്ചശേഷം ചരമക്കുറിപ്പ് മാതൃഭൂമി ശങ്കരമംഗലം ഏജന്റ് ഉണ്ണിക്കൃഷ്ണനെ ഏൽപ്പിക്കണമെന്ന് അദ്ദേഹം നിർദേശം നൽകിയിരുന്നു. ഏതാനും മാസങ്ങളായി രോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. തുടർന്ന് മകൻ ഗോപിനാഥൻ, അച്ഛൻ സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ ചരമക്കുറിപ്പ് ഉണ്ണിക്കൃഷ്ണന് കൈമാറുകയായിരുന്നു. തന്റെ ചരമവാർത്ത വീട്ടിൽ ഏൽപ്പിച്ചിട്ടുണ്ടെന്ന് ഒരു വർഷം മുൻപ് പ്രഭാകരമേനോൻ തന്നോട് പറഞ്ഞിരുന്നതായി മാതൃഭൂമി ഏജന്റ് ഉണ്ണിക്കൃഷ്ണനും ഓർക്കുന്നു.

ആദ്യകാല കോൺഗ്രസ് പ്രവർത്തകനായ പ്രഭാകരമേനോൻ കലാ-കായിക രംഗങ്ങളിലും വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്. 1966, 1968, 1969 വർഷങ്ങളിൽ ഒറ്റപ്പാലം താലൂക്കിലും 1967, 68 കാലയളവിൽ ജില്ലയിലും സ്പോർട്സ് ചാമ്പ്യനായിരുന്നു. 12-ാമത് കേരള സ്‌പോർട്‌സ് ഫെസ്റ്റിവലിൽ തലശ്ശേരിയിലും 1972-ൽ ആറ്റിങ്ങലിലും ജില്ലയ്ക്കുവേണ്ടി സമ്മാനങ്ങൾ നേടി. ജില്ലാ ബാസ്കറ്റ്ബോൾ ടീമംഗവുമായിരുന്നു. കലാ-കായിക രംഗത്തെ പ്രവർത്തനങ്ങൾക്ക് 2019-ൽ പട്ടാമ്പി നഗരസഭ ആദരിച്ചിട്ടുണ്ട്.

പരേതരായ കൊടുമുണ്ട കൊച്ചിയിൽ രാവുണ്ണിമേനോന്റെയും പെരുമ്പിലാവിൽ കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഗോപിനാഥൻ, സംഗീത. മരുമക്കൾ: രാജീവ്, ഗായത്രി. സഹോദരങ്ങൾ: കൃഷ്ണകുമാരി, ചന്ദ്രശേഖരമേനോൻ, പരേതരായ ഗോപിനാഥമേനോൻ, ആനന്ദവല്ലിയമ്മ, കുഞ്ഞുക്കുട്ടിയമ്മ, പങ്കജാക്ഷിയമ്മ, മാധവിക്കുട്ടിയമ്മ, കേളുക്കുട്ടിമേനോൻ, രാമദാസമേനോൻ.

തിങ്കളാഴ്ച വൈകുന്നേരം വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. നാടിന്റെ നാനാതുറകളിൽപ്പെട്ടവർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി‌.

Content Highlights: Prabhakaran Menon of Valloor Perumpilavil (85), who meticulously prepared his own obituary three years ago, has passed away. Read the details of his unique final arrangements and contributions.