എയ്ഡഡ് സ്കൂളുകളിൽ പോഷ് ആക്ട് കമ്മിറ്റി പ്രവർത്തനം കാര്യക്ഷമമാക്കണം: വനിതാ കമ്മീഷൻ

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ പോഷ് ആക്ട് കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പോഷ് ആക്ട് (2013) പ്രകാരം അതത് സ്ഥാപനങ്ങളിലെ പരാതി നിർവഹണ ആഭ്യന്തര കമ്മിറ്റികളുടെ (ഐസിസി) പ്രവർത്തനങ്ങളെ പറ്റി തൊഴിലുടമകൾക്ക് ഇപ്പോഴും ധാരണയില്ലെന്നും അവർ പറഞ്ഞു. എറണാകുളം ജില്ല കളക്ടറേറ്റിൽ നടന്ന സംസ്ഥാന വനിതാ കമ്മീഷന്റെ ജില്ലാതല അദാലത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
പരാതികളുടെ ആധിക്യം കണക്കിലെടുത്ത് എറണാകുളത്തും കോഴിക്കോടും വനിതാ കമ്മീഷന്റെ മേഖലാ ഓഫീസുകളിൽ കൂടുതൽ കൗൺസലർമാരെ നിയമിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ അറിയിച്ചു.
ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ ആഭ്യന്തര കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. സർക്കാർ സ്കൂളുകളിൽ ഈ സമിതിയുടെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ട്. എയ്ഡഡ് സ്കൂളുകളിൽ സ്ഥിതി ഇതല്ല. പൊതുവിൽ അധ്യാപികമാരാണ് പരാതികളുമായി കമ്മിറ്റികളെ സമീപിക്കുന്നത്. പലപ്പോഴും പരാതി കേൾക്കുന്നത് പുറമെ നിന്നുള്ള അംഗത്തിന്റെ സാന്നിധ്യത്തിൽ അല്ല. ഇത് ആത്യന്തികമായി വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണെന്നും വനിതാ കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞു.
തിരുവനന്തപുരം ജില്ല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പരാതി ലഭിക്കുന്ന ജില്ല എറണാകുളമാണ്. ഗാർഹിക ചുറ്റുപാടുകളിൽനിന്നുള്ള പരാതികളാണ് അധികവും. പല ജില്ലകളിലും ഗാർഹിക പീഡന പരാതികളുമായി എത്തുന്ന സ്ത്രീകൾക്ക് ജില്ലാ വനിത പ്രൊട്ടക്ഷൻ ഓഫീസേഴ്സിൻ്റെ സേവനം കാര്യക്ഷമമായി ലഭ്യമാകുന്നില്ല. ഇവർ അവരുടെ അധികാരം കൃത്യമായി ഉപയോഗിച്ച് പരാതിയുമായി വരുന്ന സ്ത്രീകൾക്ക് സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് ചെയർപേഴ്സൺ നിർദ്ദേശിച്ചു.
കമ്മീഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമൻ മത്തായി, ഇന്ദിര രവീന്ദ്രൻ, അഡ്വക്കേറ്റ് പാനൽ അംഗമായ അഡ്വ. സ്മിത ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Posh Act Committee in aided schools, should be made more efficient, said p sathi devi