'ജനം വോട്ട് ചെയ്യുന്നത് കടമ നിറവേറ്റാനാണ് പേര് വെക്കാനല്ല' പൂഞ്ഞാർ എംഎൽഎ പറയുന്നു

#സ്വന്തം ലേഖകൻ
എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ | Image credit: @profile.php Facebook
എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ | Image credit: @profile.php Facebook

കാഞ്ഞിരപ്പള്ളി: സർക്കാർ അനുവദിക്കുന്ന തുക വിനിയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ഫലകങ്ങളിൽ തന്റെ പേര് എഴുതിച്ചേർക്കില്ലായെന്ന പൂഞ്ഞാർ എം.എൽ.എ. അഡ്വ. എം.ജെ. സെബാസ്റ്റ്യന്റെ പ്രഖ്യാപനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സമൂഹമാധ്യമങ്ങളിൽ വലിയ കൈയടി കിട്ടിയ തന്റെ പ്രതികരണത്തെക്കുറിച്ച് മാതൃഭൂമിയോട് എം.എൽ.എ. സംസാരിക്കുന്നു.

എന്തുകൊണ്ടാണ് ഈ തീരുമാനം?

സർക്കാർ ഫണ്ട് വിനിയോഗിച്ച് എം.എൽ.എ.ഫണ്ട്, എം.പി.ഫണ്ട് എന്ന് എഴുതി വെയ്ക്കുന്നതിൽ എന്ത് ന്യായീകരണമാണുള്ളത്. അതും പേരും അഡ്രസുംകൂടി. നിയമം കൊണ്ടുവന്ന് നിരോധിക്കേണ്ട സംഭവമാണിത്.

മുൻപേ ഉള്ള തീരുമാനമാണോ ഇത്?

ഇത് പുതിയ തീരുമാനമല്ല. തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ഇത്തരം കാര്യങ്ങളോട് എതിർപ്പായിരുന്നു. സർക്കാർഫണ്ട് വിനിയോഗിച്ചുള്ള വികസനപ്രവർത്തനങ്ങളിൽ കല്ലിൽ പേര് കൊത്തി വെയ്ക്കുന്നതിനോട് ഇഷ്ടമില്ലാത്തയാളാണ്.

നമ്മളെ ഒരു കർമം ചെയ്യാനാണ് ആളുകൾ വോട്ടുചെയ്ത് വിജയിപ്പിച്ചത്. അത് ഭംഗിയായി ചെയ്യുകയാണുവേണ്ടത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപേതന്നെ ഈ തീരുമാനമെടുത്തതാണ്.

മറ്റ് ജനപ്രതിനിധികളും ഇത് പിന്തുടരണോ?

ജനാധിപത്യമല്ലേ, അത് ഒരോരുത്തരുടെയും ഇഷ്ടമാണ്. ഇതിനുവേണ്ടി നമ്മൾ ആരെയും നിർബന്ധിക്കില്ല.

എന്താണ് പേരുവെച്ച് ബോർഡ് വെയ്ക്കുന്നതിനെക്കുറിച്ച് പറയാനുള്ളത്?

തികച്ചും തെറ്റായ കാര്യമാണിത്. ജനങ്ങൾ ഒരാളെ വിജയിപ്പിക്കുന്നത് കടമ നിറവേറ്റാനാണ്. കടമ നിർവഹിക്കുന്നതിന് പകരം ഏത് പ്രവർത്തനങ്ങളിലും പേരും അഡ്രസും എഴുതിവെയ്ക്കുന്നത് ശരിയല്ല.

കൂട്ടിക്കൽ കൊടുങ്ങ ആർ. ശങ്കർ മെമ്മോറിയൽ യു.പി. സ്‌കൂളിൽ തൂഫാൻ ലഹരിവിരുദ്ധ പരിപാടി ഉദ്ഘാടനംചെയ്യവെയാണ് പൂഞ്ഞാർ എം.എൽ.എ. ഇത്തരമൊരു പ്രസ്താവന നടത്തിയത്.

'ഒരു കിണറിന് 5000 രൂപ സബ്സിഡി കൊടുക്കുക, ഒരു മുക്കാൽ ചാൺ നീളമുള്ള റോഡ് ടാർ ചെയ്തിട്ട് ചെണ്ട കൊട്ടി പേര് എഴുതി വെക്കുക. ഇങ്ങനെയുള്ള ഒരു പണിയും എം.എൽ.എയുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. എന്റെ പേര് എഴുതിവെക്കരുതെന്ന് പഞ്ചായത്ത് പ്രസിഡന്റിനോട് പറഞ്ഞിട്ടുണ്ട്.' അദ്ദേഹം പറഞ്ഞു.

'നിങ്ങളും ഞാനും കൊടുത്ത ടാക്സെടുത്ത് സർക്കാർ തന്ന് എം.എൽ.എയുടെ ഫണ്ടാണെന്ന് പറഞ്ഞ് പേരും വീട്ടുപേരും എഴുതിവേക്കേണ്ട കാര്യമുണ്ടോ. നാണംകെട്ട പണിയാണ്. ഫലം ഇച്ഛിക്കാതെ കർമ്മംചെയ്യുക എന്നാണ് ഭഗവത്ഗീതയിലുള്ളത്'- അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: MJ Sebastian opposes personal branding on government-funded development works. Advocates for a legal ban on name plates on public projects. Emphasizes that public funds belong to taxpayers, not individual representatives. Stresses the importance of performing duties without seeking personal glory.