പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം; ഷാൾ കഴുത്തിൽ മുറുക്കി കൊന്നതെന്ന് സമ്മതിച്ച് ഭർത്താവ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ (22) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുഹമ്മദിനെ (24) പിടികൂടിയതായി പൊന്നാനി എസ്ഐ ബിബിൻ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. ഫാത്തിമയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

ഹാർബർ പരിസരത്ത് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നതിനിടെ, പൊന്നാനി ഡിവൈഎസ്പി സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദിനെ പിടികൂടുകയായിരുന്നു.

മണലിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ നാട്ടുകാരാണ് ഫാത്തിമയുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒന്നര വർഷം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. നാല് മാസം പ്രായമായ ഒരു മകളുണ്ട്.

പ്രതിയെ വിശദമായി ചോദ്യംചെയ്തതിനു ശേഷമേ കൊലയിലേക്ക് നയിച്ച കാരണം വ്യക്തമാകൂവെന്ന് എസ്ഐ വ്യക്തമാക്കി. നടപടികൾക്കുശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Content Highlights: 22-year-old Fathima found dead at Ponnani Harbor, Husband Muhammad confessed to strangling the victim with a shawl, Police investigation led by Ponnani DySP Siddique, Post-mortem to be conducted at Manjeri Medical College