തുടർച്ചയായ മൂന്നു ബജറ്റിലും ഇടംപിടിച്ചു, തുറമുഖപ്രതീക്ഷയിലാണ് പൊന്നാനി

ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു | Photo: Screen grab of youtube live stream by Sabha TV
ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു | Photo: Screen grab of youtube live stream by Sabha TV

പൊന്നാനി: മണ്ഡലം ഉറ്റുനോക്കിയിരുന്ന തുറമുഖനിർമാണം ഇത്തവണയും ബജറ്റിൽ ഇടംപിടിച്ചതോടെ പ്രതീക്ഷയിലാണ് തീരം. തുടർച്ചയായ മൂന്നു ബജറ്റിലും പൊന്നാനിയിലെ തുറമുഖനിർമാണം ഇടംപിടിച്ചുകഴിഞ്ഞു. അഴീക്കൽ, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം, പൊന്നാനി, ആലപ്പുഴ, കൊടുങ്ങല്ലൂർ, തലശ്ശേരി, വിലയതുറ, വടകര, കണ്ണൂർ, കാസർകോട് എന്നീ നോൺ മേജർ തുറമുഖങ്ങളുടെ വികസനത്തിനായി 65 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിൽ വകയിരുത്തിയത്. നടപ്പുവർഷത്തെ വിഹിതത്തേക്കാൾ 19.80 കോടി രൂപ കൂടുതലാണിത്.

അഴീക്കൽ, ബേപ്പൂർ, കൊല്ലം, ആലപ്പുഴ എന്നിവയ്ക്കൊപ്പമാണ് കഴിഞ്ഞ ബജറ്റിൽ പൊന്നാനി തുറമുഖത്തെ പരിഗണിച്ചത്. ഇത്തവണ നോൺ മേജർ തുറമുഖങ്ങളുടെ കൂട്ടത്തിലാണ് ഈ തുറമുഖങ്ങളെയെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത്. ചരക്കുനീക്കത്തിനും ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും ഊന്നൽനൽകിയുള്ള സമഗ്ര അടിസ്ഥാനസൗകര്യ വികസനത്തിനായി 39.20 കോടിരൂപയാണ് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത്.

സ്വകാര്യ പങ്കാളിത്തത്തോടെ പൊന്നാനി തുറമുഖം യാഥാർഥ്യമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ചരക്കുനീക്കവും ടൂറിസം സാധ്യതയും മുന്നിൽകണ്ട് കപ്പൽ ടെർമിനൽ നിർമിക്കാനും നടത്തിപ്പിനും സ്വകാര്യ കമ്പനിക്ക് ചുമതല ഏൽപ്പിക്കാനാണ് തീരുമാനം. ലാഭകരമായി നടപ്പാക്കാവുന്ന പദ്ധതിയെക്കുറിച്ച് വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കിയശേഷം താത്പര്യപത്രം ക്ഷണിച്ച് ഇൻവെസ്റ്റ്‌മെന്റ് മീറ്റ് നടത്തും ഇതെല്ലാം പൂർത്തിയായാൽ ടെൻഡർ നടപടികൾ ആരംഭിക്കും. പുതിയ ബജറ്റിലും തുറമുഖപദ്ധതി ഇടംപിടിച്ചതോടെ പദ്ധതി യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.

Content Highlights: Ponnani seaport construction in Kerala budget 2025