കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞു; അനൂപ് ജേക്കബ് അടക്കം 13 പേര്‍ക്കെതിരേ കേസ്

അനൂപ് ജേക്കബ് / ചോറ്റാനിക്കര അടിയാക്കല്‍ത്താഴം പാടശേഖരത്തില്‍ കെ-റെയില്‍ സര്‍വേക്കായി കൊണ്ടുവന്ന കല്ല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുളത്തില്‍ എറിയാനായി കൊണ്ടുപോകുന്നു| ഫോട്ടോ : മാതൃഭൂമി
അനൂപ് ജേക്കബ് / ചോറ്റാനിക്കര അടിയാക്കല്‍ത്താഴം പാടശേഖരത്തില്‍ കെ-റെയില്‍ സര്‍വേക്കായി കൊണ്ടുവന്ന കല്ല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുളത്തില്‍ എറിയാനായി കൊണ്ടുപോകുന്നു| ഫോട്ടോ : മാതൃഭൂമി

കൊച്ചി: ചോറ്റാനിക്കരയില്‍ കെ-റെയില്‍ വിരുദ്ധ സമരത്തില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ സംഭവത്തില്‍ അനൂപ് ജേക്കബ് എംഎല്‍എ അടക്കം 13 പേര്‍ക്കെതിരേ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കെ-റെയിലുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ തടയുകയും സര്‍വേ കല്ലുകള്‍ പിഴുതെറിയുകയും ചെയ്തതിനാണ് മുന്‍ മന്ത്രി അനൂപ് ജേക്കബിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ള യുഡിഫ് നേതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഇതോടൊപ്പം കണ്ടാലറിയുന്ന 25 പേര്‍ക്കെതിരേയും ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചോറ്റാനിക്കര പോലീസാണ് കേസ് രജസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഇന്നലെ ചോറ്റാനിക്കരയില്‍ കെ-റെയില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നതില്‍ യു.ഡി.എഫിന്റെയും കെ-റെയില്‍ വിരുദ്ധ സമര സമിതിയുടെയും നാട്ടുകാരുടെയും കനത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. കല്ലിടല്‍ കരഭൂമിയിലേക്ക് കടന്നതോടെ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തടഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. സ്ത്രീകള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ഇതിനേതുടര്‍ന്ന് തിങ്കളാഴ്ച സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. 

അനൂപ് ജേക്കബ് എം.എല്‍.എ.യും പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസും കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനും ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസും സ്ഥലത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനിടയില്‍ അഞ്ചു സര്‍വേക്കല്ലുകള്‍ പിഴുതെടുത്ത് സമീപത്തെ കുളത്തില്‍ ഇട്ടു. കെ-റെയില്‍ സാമഗ്രികളുമായി വന്ന വാഹനത്തില്‍ ഉണ്ടായിരുന്ന സര്‍വേക്കല്ലുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ സമീപത്തെ പാടത്തെറിയുകയും ചെയ്തിരുന്നു.

Content Highlights: Police take case against 13 persons including anoop jacob on k rail protest in chottanikkara