എഡിഎമ്മിന്റെ മരണം: കൊലപാതക സംശയവും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ്, വിശദമായ സത്യവാങ്മൂലം ഇങ്ങനെ

#സ്വന്തം ലേഖകന്‍
നവീൻ ബാബു, പിപി ദിവ്യ
നവീൻ ബാബു, പിപി ദിവ്യ

കൊച്ചി: കണ്ണൂര്‍ എ.ഡി.എം.ആയിരുന്ന നവീന്‍ ബാബുവിന്റെ മരണം കൊലാപാതകമാണെന്ന് സംശയിക്കാന്‍ നിലവില്‍ തെളിവുകളില്ലെന്നും ബന്ധുക്കള്‍ വരാന്‍ വൈകിയതിനാലാണ് ഇന്‍ക്വസ്റ്റ് സ്വതന്ത്രരായ അഞ്ചുപേരുടെ സാന്നിധ്യത്തില്‍ നടത്തിയതെന്നും പോലീസ്. 

സി.സി.ടി.വി.ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ കൃത്യമായി ശേഖരിച്ചിട്ടുണ്ടെന്നും പ്രതിയായ പി.പി.ദിവ്യ, കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തന്‍ എന്നിവരുടെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകളൊക്കെ ശേഖരിച്ച് പരിശോധന നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ടൗണ്‍ എസ്.എച്ച്.ഒ.ശ്രീജിത് കൊടേരി എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.

അഡീഷണല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ പി.നാരായണന്‍ വഴി ഫയല്‍ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തില്‍ അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നത് ഭരണകക്ഷിയായ സി.പി.എം.അല്ലെന്നും പറയുന്നു. നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയിലെ ഒരോ ആരോപണവും അക്കമിട്ട് നിഷേധിക്കുകയാണ്  സത്യവാങ്മൂലത്തില്‍.

അന്വേഷണം വേഗം പൂര്‍ത്തിയാക്കി പ്രതികളെ പിടികൂടേണ്ടതുണ്ടെന്നും അതിനാല്‍ സി.ബി.ഐ.അന്വേഷണം ആവശ്യമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ ഡി.ഐ.ജി.യുടെ മേല്‍ നോട്ടവുമുണ്ട്. രണ്ടാഴ്ച കൂടുമ്പോള്‍ നോര്‍ത്ത് സോണ്‍ ഐ.ജി.യ്ക്ക് അന്വേഷണ പുരോഗതിയും അറിയിക്കുന്നുണ്ട്. 

സത്യവാങ്മൂലത്തില്‍ നിന്ന്

  • ഒക്ടോബ് 15 ന്  രാവിലെ 10.45 നും 11.45 നും ഇടയിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്
  • 15 ന് രാത്രി 11 മണിയോടെയാണ് നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ സ്ഥലത്ത് എത്തിയത്
  • യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ നവീന്‍ ബാബുവിന്റെ ഭാര്യ കുട്ടികള്‍ എന്നിവരുടെയൊക്കെ മൊഴിയെടുത്തു
  • വിരലടയാളമടക്കം ശേഖരിച്ചിട്ടുണ്ട്
  • നവീന്‍ ബാബു ഉപയോഗിച്ച  രണ്ട് ഫോണുകളും കണ്ടെടുത്ത്  കോള്‍ വിവരങ്ങളടക്കം പരിശോധിച്ചു.
  • പ്രെട്രോള്‍ പമ്പ് തുടങ്ങാനായി പ്രശാന്തന്‍ നല്‍കിയ അപേക്ഷയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പിടിച്ചെടുത്തു
  • നവീന്‍ ബാബു കളക്ടറേറ്റില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും മുനീശ്വരന്‍ കോവിലില്‍ നിന്നും പോകുന്നതിന്റെ സി.സി.ടി.വി.ദൃശ്യങ്ങളും ശേഖരിച്ചു.
  • കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന ഹര്‍ജിക്കാരിയുടെ സംശയം അന്വേഷിക്കുകയാണ്
  • കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍്‌സിക് വിഭാഗം മേധാവി ഡോ.ടി.എം.പ്രജിതിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഇതില്‍ തൂങ്ങിമരണം എന്നാണ് കണ്ടെത്തിയത്. ശരീരത്തില്‍ മറ്റ് മുറിവുകളൊന്നും ഇല്ല. കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് സംശയം ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല. ഇന്‍ക്വസ്റ്റിലും അത്തരം സംശയത്തിന് കാരണമായ തെളിവുകള്‍ കിട്ടിയിട്ടില്ല
  • നവീന്‍ ബാബു താമസിച്ചിരുന്നതിന്റെ 30 മീറ്റര്‍ ചുറ്റളവിലുള്ള സി.സി.ടി.വി.ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ചു.
  • അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വേണം ഇന്‍ക്വസ്റ്റ് തയ്യാറാക്കേണ്ടത് എന്നത് നിര്‍ബന്ധമല്ല.
  • മരണം നടന്ന് അഞ്ച് മണിക്കൂറിനുള്ളിലും ഇന്‍ക്വസ്റ്റ് നടത്തണം എന്ന  സര്‍ക്കുലര്‍ ഉണ്ട്.
  • ഒക്ടബര്‍ 15 ന് രാത്രി 11 മണിയോടെ മാത്രമാണ് നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ സ്ഥലത്ത് എത്തിയത്. സംഭവത്തെക്കുറിച്ച് വിവരം നല്‍കി 15 മണിക്കൂറിന് ശേഷമാണിത്.
  • പത്തനംതിട്ടയില്‍ നിന്ന് 12 മണിക്കൂറോളം യാത്രയുള്ളതിനാല്‍ ഇന്ക്വസറ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹോദരന്‍ കളക്ടറേറ്റ് ഉദ്യോഗസ്ഥരോട് ഫോണില്‍ നിര്‍ദ്ദേശിച്ചിരുന്നു.
  • പത്തനംതിട്ടയില്‍ നിന്ന് ബന്ധുക്കള്‍ വരുന്നതുവരെ മൃതദേഹം സൂക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലുമായിരുന്നില്ല
  • ആത്മഹത്യക്കുറിപ്പ് നശിപ്പിച്ചു,ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല
  • പോലീസ് സംഘം മൃതദേഹത്തിലും മുറിയിലും വിശദമായ പരിശോധന നടത്തിയെങ്കിലും  ആത്മഹത്യക്കുറിപ്പ് ലഭിച്ചില്ല
  • രണ്ട് ഫോണുകളിലും ആത്മഹത്യക്കുറിപ്പ് ഉണ്ടായിരുന്നില്ല
  • പ്രശാന്തനെ കേസുമായി ബന്ധിപ്പിക്കാനുള്ള യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല

നവീന്‍ ബാബുവിനെ അപമാനിക്കുകയായിരുന്നു ദിവ്യയുടെ ലക്ഷ്യം 
നവീന്‍ ബാബുവിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ പി.പി.ദിവ്യ യാത്രയപ്പ് യോഗത്തില്‍ കടന്നുകയറുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സഹപ്രവര്‍ക്കകരുടെയും സാന്നിധ്യത്തില്‍ അഴിമതി ആരോപണം ഉന്നയിക്കുകയുമായിരുന്നു. രണ്ട് ദിവത്തിനുള്ളില്‍ തുറന്ന് കാട്ടുമെന്ന ഭീഷണി മുഴക്കുകയും അത് റെക്കോഡ് ചെയ്ത് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് നവീന്‍ ബാബു ജീവനൊടുക്കിയത്.

Content Highlights: Police submit affidavit in highcourt on adm naveen babu death