തോട്ടപ്പുഴു കടിച്ച് കാലിന് നീരുവെച്ചു, ദാഹിച്ചുവലഞ്ഞു; മൃതദേഹം വീണ്ടെടുക്കാൻ കൊടുംകാട്ടിൽ പോലീസിന്റെ സാഹസികദൗത്യം

ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ കൊടുംവനമായ അയ്യപ്പൻമലയിലെ ചെങ്കുത്തായ പാറയിടുക്കിൽ ജീവനൊടുക്കിയ ആദിവാസിയുവാവിന്റെ മൃതദേഹം പോലീസ് പുറത്തെത്തിച്ചത് സാഹസികമായി. തോട്ടപ്പുഴു കടിച്ചും ചാറ്റൽമഴ നനഞ്ഞും വെള്ളംപോലും കിട്ടാതെയും അവശരായ പോലീസുകാർക്ക് ദൗത്യം പൂർത്തിയാക്കാൻ പുലർച്ചെ മൂന്നുമണിവരെ കാത്തിരിക്കേണ്ടിവന്നു.
വെണ്മണി പാലപ്ലാവ് ഉന്നതിയിലെ പാറയളിയിൽ സജിയെ (30) കാണാനില്ലെന്നുകാണിച്ച് സഹോദരി ചിത്ര കഴിഞ്ഞ 12-നാണ് കഞ്ഞിക്കുഴി പോലീസിൽ പരാതി നൽകിയത്. രണ്ടുദിവസത്തിനുശേഷം ഉൾവനത്തിലെ അയ്യപ്പൻമലയിലെ പാറയിടുക്കിൽ മൃതദേഹം കിടക്കുന്നതായി ഫോറസ്റ്റ് വാച്ചർമാർ പോലീസിനെ അറിയിച്ചു.
സർക്കിൾ ഇൻസ്പെക്ടർ കെ.ജെ. ജോബിയുടെ നിർദേശപ്രകാരം എസ്.ഐ.മാരായ ആതിരാ പവിത്രൻ, അജിംസ് എസ്., എസ്.സി.പി.ഒ. പ്രിൻസ് തോമസ്, സി.പി.ഒ.മാരായ ടി.ആർ. രാജ്മോഹൻ, പി.എസ്. താജുദ്ദീൻ, ടെൻസൺ എന്നിവരടങ്ങിയ സംഘം മൃതദേഹം കണ്ടെത്താനായി പുറപ്പെട്ടു. ഉച്ചകഴിഞ്ഞ് രണ്ടിന് യാത്ര തുടങ്ങിയ സംഘം നാലുകിലോമീറ്റർ പിന്നിട്ട് മനയത്തടത്ത് എത്തിയപ്പോഴേക്കും ജീപ്പിന്റെ യാത്ര അവസാനിച്ചു. തുടർന്ന് കല്ലും മണ്ണും പാറക്കൂട്ടങ്ങളും നിറഞ്ഞ കാട്ടുവഴിയിലൂടെ രണ്ടുമണിക്കൂറോളം നടന്നു. നാട്ടുകാരും വഴികാണിക്കാൻ ഫോറസ്റ്റ് വാച്ചർ ബിജുവും ഒപ്പമുണ്ടായിരുന്നു.
ടോർച്ചിന്റെ വെളിച്ചത്തിൽ കൊടുംവനത്തിനുള്ളിൽ അയ്യപ്പൻമല കണ്ടെത്തുകതന്നെ വെല്ലുവിളിയായിരുന്നു. മഴയും ഉണ്ടായിരുന്നു. ഒടുവിൽ ആദിവാസികൾ കാട്ടുകമ്പുകളുപയോഗിച്ച് കെട്ടിയുണ്ടാക്കിയ വടത്തിന്റെ സഹായത്തോടെ പോലീസുകാർ 20 അടി താഴ്ചയുള്ള പാറയിടുക്കിലേക്ക് ഇറങ്ങി. ദുർഗന്ധം വമിച്ചുതുടങ്ങിയ മൃതദേഹം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് മുകളിലെത്തിച്ചു. ജീപ്പ് കിടക്കുന്ന സ്ഥലത്തേക്ക് ചുമന്നുകൊണ്ടുപോയി.
തുടർന്ന് മണിയാറൻകുടിവഴി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴേക്കും പുലർച്ചെ മൂന്നായി. അപ്പോഴേക്കും വെള്ളം കിട്ടാതെയും തോട്ടപ്പുഴു കടിച്ച് കാല് നീരുവെച്ചും പോലീസുകാർ വലഞ്ഞിരുന്നു.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന സജി നേരത്തേ രണ്ടുതവണ ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)
Content Highlights: In a dangerous mission lasting until 3 AM, Kanjikuzhy police traversed steep terrain and dense forest to retrieve the body of a 30-year-old missing tribal youth from a 20-foot gorge in Idukki's Ayyappanmala forest.