പോപ്പുലര്‍ ഫിനാന്‍സിന്റെ കോഴിക്കോട് ശാഖയില്‍ റെയ്ഡ്; 10 കോടി നഷ്ടപ്പെട്ടതായി നിക്ഷേപകർ

പ്രതികളെ തെളിവെടുപ്പിനായി പത്തനംതിട്ടയിലെത്തിച്ചപ്പോള്‍(ഫയല്‍ ഫോട്ടോ)
പ്രതികളെ തെളിവെടുപ്പിനായി പത്തനംതിട്ടയിലെത്തിച്ചപ്പോള്‍(ഫയല്‍ ഫോട്ടോ)

കോഴിക്കോട്: വിവാദമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ വ്യാപ്തി മറ്റ് ജില്ലകളിലേക്കും നീളുന്നു. കോഴിക്കോട് പാറോപ്പടിയുള്ള ശാഖയില്‍ ഇന്ന് ചേവായൂര്‍ പോലീസിന്റേയും ജില്ലാ കളക്ടര്‍ നിയോഗിച്ചുള്ള മറ്റ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ റെയ്ഡ് നടത്തി.

ഇവിടെ നിന്ന് മാത്രം 80 പരാതികള്‍ ലഭിച്ചുവെന്നും ഇതില്‍ 23 എണ്ണത്തില്‍ എഫ്.ഐ.ആര്‍ ഇട്ടുവെന്നും ചേവായൂര്‍ എസ്.ഐ ആറിയിച്ചു. പത്ത് കോടിയോളം രൂപ ഈ ശാഖയില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പരാതികള്‍ വരും ദിവസങ്ങളില്‍ വര്‍ധിക്കാനും സാധ്യതയുണ്ട്. 

2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ, മറ്റ് മക്കളായ റിനു, റീബ, റിയ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് 125 കോടിയോളം രൂപയുടെ ആസ്തിയുള്ളതായി കണ്ടെത്തിയിരുന്നു. 

രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുള്ളത്. തമിഴ്‌നാട്ടില്‍ മൂന്നിടത്തായി 48 ഏക്കര്‍ സ്ഥലം, ആന്ധ്ര പ്രദേശില്‍ 22 ഏക്കര്‍, തിരുവനന്തുപുരത്ത് മൂന്ന് വില്ലകള്‍, കൊച്ചിയിലും തൃശ്ശൂരിലും ആഡംബര ഫ്‌ളാറ്റുകള്‍, പുണെ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടങ്ങളില്‍ ഓഫീസ് കെട്ടിടം എന്നിവയുണ്ടെന്നും കണ്ടെത്തിയിരുന്നു.

ഇതിനിടെ ഉടമകളുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനും തീരുമാനിച്ചിരുന്നു. പോപ്പുലര്‍ ഫിനാന്‍സിന്റെ രാജ്യമെമ്പാടുമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രാര്‍മാര്‍ക്കും, ബാങ്കുകള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനാണ് ഈ കത്ത് നല്‍കിയിട്ടുള്ളത്. 

ആസ്തി വകകള്‍ കൈമാറരുത് എന്നുള്ള വിവരം കാണിച്ചാണ് ഈ കത്ത് നല്‍കിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും എന്‍ഫോഴ്സ്മെന്റ് നടത്തുകയാണ്. കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പ്രതികളെല്ലാം ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

Content Highlights:Police Raid In Popular Finance Kozhikode Branch

Content Highlights: