ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചു; പി.വി.അന്‍വര്‍ എം.എല്‍.എ.ക്കെതിരെ കേസ്

ചേലക്കര: ചേലക്കര ഗവ.താലൂക്ക് ആശുപത്രിയില്‍ ഒ.പി.യില്‍ കയറി ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചതിന് നിലമ്പൂര്‍ എം.എല്‍.എ. പി.വി.അന്‍വറിനെതിരെ ചേലക്കര പോലീസ് കേസെടുത്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍ നല്കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.
ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡി.എം.കെ. സ്ഥാനാര്‍ഥി എന്‍.കെ. സുധീറിനും അനുയായികള്‍ക്കുമൊപ്പമെത്തിയ അന്‍വര്‍ എം.എല്‍.എ. ആശുപത്രിയിലെത്തി ഒ.പി.യിലുണ്ടായിരുന്ന ഡോക്ടര്‍ സെബാസ്റ്റ്യനോട് തട്ടിക്കയറുകയും ആശുപത്രി ജീവനക്കാരോട് മോശമായി സംസാരിക്കുകയും ചെയ്തെന്നാണ് പരാതി.
അനുവാദമില്ലാതെ ആശുപത്രിയില്‍ പ്രവേശിച്ച് ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിനെതിരെയാണ് കേസെടുത്തിട്ടുള്ളത്.
Content Highlights: police case against pv anwar in chelakkara