പി.എം.എ.വൈ. ലൈഫ് ഭവനപദ്ധതി; അവസാനഗഡു കിട്ടാൻ കെട്ടിടനമ്പർ വേണ്ട, സാങ്കേതികതടസ്സം നീക്കി

രാമനാട്ടുകര(കോഴിക്കോട്): പി.എം.എ.വൈ. (നഗരം) ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട് വീട് നിർമിക്കുന്ന ഗുണഭോക്താക്കൾക്ക് അന്തിമഗഡു വേഗം നൽകാൻ ഇളവുകളുമായി തദ്ദേശവകുപ്പ്. അവസാനഗഡു കിട്ടാൻ കെട്ടിടനന്പർ നിർബന്ധമാക്കുന്ന വ്യവസ്ഥ ഒഴിവാക്കി പുതിയ ഉത്തരവിറക്കി.
വീട് നിർമാണം പൂർത്തിയായിട്ടും കെട്ടിട വാസയോഗ്യതാ സർട്ടിഫിക്കറ്റോ (ഒക്യുപൻസി സർട്ടിഫിക്കറ്റ്) കെട്ടിടനമ്പറോ ലഭിക്കാത്ത കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതാണ് ഈ തീരുമാനം.
നിലവിലെ മാനദണ്ഡമനുസരിച്ച് അടുക്കള, കുളിമുറി, വാതിലുകൾ, ജനലുകൾ എന്നിവ ഉൾപ്പെടെയുള്ള നിർമാണം പൂർത്തിയാക്കി നഗരസഭയിൽനിന്ന് കെട്ടിടനമ്പർ അനുവദിക്കണം. എങ്കിലേ അവസാന (നാലാം) ഗഡു നൽകൂ. നിർമാണം പൂർത്തിയായിട്ടും കെട്ടിടനമ്പർ അനുവദിച്ചുകിട്ടാൻ ഗുണഭോക്താക്കൾക്ക് തടസ്സങ്ങൾ നേരിട്ടിരുന്നു.
അതേസമയം, പി.എം.എ.വൈ. അന്തിമഗഡു അനുവദിക്കുംമുൻപ് കെട്ടിടനമ്പർ ലഭിച്ചിരിക്കണമെന്ന വ്യവസ്ഥ കേന്ദ്ര മന്ത്രാലയത്തിന്റെ പദ്ധതി മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടിരുന്നില്ല. ഈ വിഷയം കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടറാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഉത്തരവ് ഉടൻ പ്രാബല്യത്തിലാക്കാനും കെട്ടിടനമ്പർ ലഭിക്കാത്തതിന്റെപേരിൽ തടഞ്ഞുവെച്ച മുഴുവൻ അന്തിമഗഡുക്കളും അടിയന്തരമായി പരിശോധിച്ചു വിതരണംചെയ്യാനുമാണ് സർക്കാർ നിർദേശം.
ഇളവിങ്ങനെ
വീടുനിർമാണം പൂർത്തിയായശേഷം വെള്ളം, ശുചിത്വം, ഡ്രെയിനേജ്, വഴി, വൈദ്യുതി എന്നീ അടിസ്ഥാനസൗകര്യങ്ങളുണ്ടെന്ന് നഗരസഭാ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണം. ഇതിനുശേഷം അഞ്ചാംഘട്ട ജിയോ ടാഗിങ് നടത്തിയാൽ വാസയോഗ്യതാ സർട്ടിഫിക്കറ്റോ കെട്ടിടനമ്പറോ ലഭിക്കും മുൻപുതന്നെ അവസാന ഗഡു അനുവദിക്കാം.
Content Highlights: Removal of mandatory building number requirement for final PMAY installment., Streamlining of fund disbursement for completed houses., Certification by municipal officials regarding basic infrastructure is now sufficient., Government directive to release withheld payments immediately.