ലീഗ് ക്യാമ്പിലെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പിഎംഎ സലാം; നീക്കം SKSSF-ന്റെ വിമർശനത്തിനു പിന്നാലെ

പി.എം.എ. സലാം | Photo: മാതൃഭൂമി
പി.എം.എ. സലാം | Photo: മാതൃഭൂമി

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ കടുത്ത വിമർശനങ്ങൾക്കുപിന്നാലെ ആലുവയില്‍ നടന്ന ജില്ലാ ലീഗ് ക്യാമ്പിലെ പരാമർശത്തിൽ വിശദീകരണവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.

എറണാകുളം ജില്ലാ മുസ്ലീം ലീഗിലെ വിഭാഗീയത അവസാനിപ്പിക്കാനും സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നുമുളള പാര്‍ട്ടി നിലപാട് വിശദീകരിച്ചാണ് ആലുവയില്‍ നടന്ന ജില്ലാ ലീഗ് ക്യാമ്പില്‍ സംസാരിച്ചതെന്ന് സലാം പറഞ്ഞു. വ്യക്തികളെ കേന്ദ്രീകരിച്ച് ഗ്രൂപ്പ് പ്രവർത്തനം നടത്തുന്നതിനെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നതിന് ഉപമയായാണ് പ്രാദേശികമായി അമീറന്മാരുടെ കീഴില്‍ മുരീദന്മാരാകരുതെന്ന പ്രയോഗത്തിലൂടെ ഉദ്ദേശിച്ചതും അദ്ദേഹം വ്യക്തമാക്കി. 

'സാദിഖലി തങ്ങൾ എന്ന ഒരു ഇമാം മതിയെന്ന് വ്യക്തമായി പറഞ്ഞിരുന്നു. അത് മുസ്ലിം ലീഗ് പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളെ ഉദ്ദേശിച്ചു മാത്രമാണെന്ന് സദസ്സിന് മുഴുവന്‍ അന്നേ വ്യക്തമായതാണ്. എന്നാൽ, പ്രസംഗത്തിലെ  സെക്കന്‍റുകള്‍ ദൈര്‍ഘ്യമുളള ഭാഗം മാത്രം പ്രചരിപ്പിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരോട് തികച്ചും സദുദ്ദേശ്യത്തോടെ നടത്തിയ പ്രസംഗത്തിലെ പ്രയോഗങ്ങൾക്ക് മറ്റൊരു രീതിയിൽ വ്യാഖ്യാനം വന്നതിൽ ഖേദം പ്രകടിപ്പിക്കുന്നു. മഹാരഥന്മാരായ നേതാക്കൾ നയിച്ച പാതയിൽ മുസ്ലിംലീഗ് പ്രസ്ഥാനത്തിൽ അണിനിരന്ന് പൂർവ്വാധികം ശക്തിയോടെ നമുക്ക് ഒന്നിച്ചു മുന്നോട്ട് പോകാം', പി.എം.എ സലാം കൂട്ടിച്ചേർത്തു. 

ലീഗ് ക്യാമ്പിലെ സലാമിന്റെ പരാമർശത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് നേരത്തേ രം​ഗത്തെത്തിയിരുന്നു. സുന്നി വിശ്വാസ, ആദര്‍ശങ്ങളെ പരസ്യമായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം. എ സലാമിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 

സുന്നി ആദര്‍ശത്തെ അംഗീകരിക്കുന്നവരാണ് മുസ്ലിം ലീഗിലെ മഹാഭൂരിപക്ഷം പ്രവര്‍ത്തകരും എന്നിരിക്കെ അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നീക്കങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. നേരത്തെ ഇദ്ദേഹം സമസ്തയുടെ ആദരണീയരായ അധ്യക്ഷനെയും എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റിനെയും മാധ്യമങ്ങളിലൂടെ പരിഹസിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തിലെല്ലാം പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. നിക്ഷിപ്ത താത്പര്യങ്ങള്‍ക്കുവേണ്ടി പാര്‍ട്ടി സ്ഥാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഇത്തരക്കാരെ കടിഞ്ഞാണിട്ടില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാവുമെന്നും യോഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

Content Highlights: PMA Salam expresses regret for remarks made at League Camp