കത്തയച്ചാലൊന്നും പിഎംശ്രീയില്‍നിന്ന് സര്‍ക്കാരിന് പിന്മാറാനാകില്ലെന്ന് ABVP; വിദ്യാര്‍ഥികളെ വഞ്ചിച്ചാല്‍ ശക്തമായ സമരം

ഈശ്വരപ്രസാദ് മാധ്യമങ്ങളോട് സംസാരിക്കുന്നു
ഈശ്വരപ്രസാദ് മാധ്യമങ്ങളോട് സംസാരിക്കുന്നു

കോട്ടയം: പിഎംശ്രീ പദ്ധതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാരിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്. സിപിഐയുടെ നിലപാട് സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കത്തയയ്ക്കും. അതിനപ്പുറം പിഎംശ്രീ പദ്ധതിയില്‍നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. വിദ്യാഭ്യാസമേഖലയുടെ വികസനത്തിന് തുരങ്കംവെയ്ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെങ്കില്‍ ശക്തമായ സമരങ്ങളുണ്ടാകുമെന്നും എബിവിപി സെക്രട്ടറി ഈശ്വരപ്രസാദ് പറഞ്ഞു.

പിഎംശ്രീ പദ്ധതി ധാരണാപത്രത്തില്‍ ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാന സര്‍ക്കാരിനാകില്ല. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഒരുമിച്ച് തീരുമാനമെടുക്കാന്‍ സാധിക്കും. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് റദ്ദാക്കാന്‍ സാധിക്കും. അല്ലാതെ സിപിഐ പറഞ്ഞിട്ട് ഇവിടെനിന്ന് ഒരു കത്ത് അയച്ച് അവസാനിപ്പിക്കാനാകില്ല. വിദ്യാര്‍ഥികളെ വഞ്ചിക്കാനാണ് തീരുമാനമെങ്കില്‍ നിയമപരമായി നേരിടും. അതോടൊപ്പം സര്‍ക്കാരിനെതിരെ സമാനതകളില്ലാത്ത സമരങ്ങള്‍ക്ക് എബിവിപി നേതൃത്വം നല്‍കുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: ABVP states Kerala govt cannot unilaterally withdraw from PM SHRI scheme. Warns of protests if education development is hindered. Details on the controversy.