കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്, എൽഡിഎഫിന് പിഡിപി ബന്ധം- പ്രധാനമന്ത്രി

#ന്യൂസ് ഡെസ്ക്
നരേന്ദ്ര മോദി | Photo: PTI
നരേന്ദ്ര മോദി | Photo: PTI

കൊച്ചി: യുഡിഎഫിനും എൽഡിഎഫിനും എതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് ഇന്ന് 'എംഎംസി' അഥവാ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ് ആയി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിനായി തീവ്രവാദ നിലപാടുകളുള്ള സംഘടനകളുമായി കോൺഗ്രസ് കൈകോർക്കുകയാണെന്നും ഇത് കേരളത്തിന്റെ സമാധാനത്തെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അധികാരത്തിലെത്താൻ വേണ്ടി കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയെപ്പോലെയുള്ള സംഘടനകളെ കൂട്ടുപിടിക്കുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി. വിഘടനവാദ അജണ്ടകളുള്ള ഇത്തരം സംഘടനകൾക്ക് കോൺഗ്രസ് പിന്തുണ നൽകുന്നത് ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. വിഘടനവാദ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളുടെ ഐക്യത്തെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഇടത് മുന്നണിയും ഇത്തരം നിലപാടുകളിൽ നിന്ന് വ്യത്യസ്തമല്ലെന്ന് പ്രധാനമന്ത്രി വിമർശിച്ചു. പിഡിപി പോലെയുള്ള ഭീകര പ്രസ്ഥാനങ്ങളുമായി എൽഡിഎഫിന് നേരത്തെ തന്നെ ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾക്കിടയിൽ തീവ്രവാദം പടർത്തുന്നതിൽ മുൻപന്തിയിലുള്ള ഇത്തരം ശക്തികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്നും അതിനാൽ തന്നെ കേരളത്തിലെ ജനങ്ങൾ ഈ രണ്ടു മുന്നണികളെയും അകറ്റി നിർത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

അഴിമതിയുടെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും 'പാർട്ണർമാർ' ആണെന്നും പ്രധാനമന്ത്രി വിമർശിച്ചു. യുഡിഎഫ് ഭരണകാലത്ത് സോളാർ അഴിമതിയായിരുന്നു ചർച്ചയെങ്കിൽ, ഇപ്പോൾ സിഎംആർഎൽ അഴിമതിയാണ് കേരളത്തിൽ നിറഞ്ഞുനിൽക്കുന്നത്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പോലും ഇരുമുന്നണികളും പങ്കാളികളാണെന്ന് അദ്ദേഹം ആരോപിച്ചു. സ്വർണ്ണം മോഷ്ടിക്കുന്നതിലും അത് കടത്തിക്കൊണ്ടുപോകുന്നതിലും ഇരുപക്ഷത്തെയും നേതാക്കൾക്ക് പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വികസനം തടയുന്നതിലും വ്യവസായങ്ങൾ തകർക്കുന്നതിലും ഈ രണ്ടു മുന്നണികളും ഒറ്റക്കെട്ടാണെന്ന് മോദി കുറ്റപ്പെടുത്തി. കുറ്റകൃത്യങ്ങളിലും വർഗീയത പരത്തുന്നതിലും ഇവർ പങ്കാളികളാണ്. പേരുകളിൽ മാത്രമേ ഇവർ തമ്മിൽ വ്യത്യാസമുള്ളൂ എന്നും ചെയ്തികളിൽ ഇവർ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിന്റെ നാശത്തിനായി പ്രവർത്തിക്കുന്ന ഈ രണ്ടു വിഭാഗങ്ങളെയും ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വികസനത്തിന് ഊന്നൽ നൽകുന്ന ബിജെപി-എൻഡിഎ സഖ്യത്തെ കേരളം പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിലെത്തുമെന്നും കേരളത്തിന്റെ പുരോഗതിക്കായി രാപ്പകൽ അധ്വാനിക്കുമെന്നും, നിലവിലെ വലിയ ജനപങ്കാളിത്തം മാറ്റത്തിന്റെ കാറ്റാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: PM Narendra Modi accuses UDF of forming 'MMC' and LDF of links with extremist groups in Kerala.