പ്രധാനമന്ത്രിയുടെ ആദരം ഹൃദയപൂർവം സ്വീകരിച്ച് ആലിന്റെ കുടുംബം; വീഡിയോയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ മാതാപിതാക്കളായ അരുണ്‍ എബ്രഹാമും ഷെറിന്‍ ആന്‍ ജോണും സമീപം | ഫോട്ടോ: ഇ.വി. രാഗേഷ്/ മാതൃഭൂമി
ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ മാതാപിതാക്കളായ അരുണ്‍ എബ്രഹാമും ഷെറിന്‍ ആന്‍ ജോണും സമീപം | ഫോട്ടോ: ഇ.വി. രാഗേഷ്/ മാതൃഭൂമി

മല്ലപ്പള്ളി: പത്തുമാസം പൊന്നുപോലെ വളർത്തിയ ഏകമകൾ ആലിൻ കൈവിട്ടുപോകുമ്പോൾ അവളിലൂടെ അഞ്ച് ജീവിതം ചേർത്തുപിടിക്കാൻ മാതാപിതാക്കൾ കാട്ടിയ മനക്കരുത്തിനും പ്രതിബദ്ധതയ്ക്കും ‘മൻ കീ ബാത്തി’ലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി അർപ്പിച്ച ആദരം ഹൃദയപൂർവം സ്വീകരിച്ച് കുടുംബം.
ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ ദാനംചെയ്തതു സംബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശം ഹൃദയപൂർവം സ്വീകരിക്കുന്നുവെന്ന്, മുത്തശ്ശൻ റെജി ശാമുവൽ പറഞ്ഞു. വ്യക്തിപരമായ നഷ്ടത്തിലും നാട് ഒപ്പമുണ്ടായിരുന്നു. കേന്ദ്രസർക്കാരും കേരളസർക്കാരും അകമഴിഞ്ഞ സഹായസഹകരണങ്ങളാണ് ചെയ്തത്. പ്രധാനമന്ത്രിയുടെ പരാമർശം അവയവദാതാക്കൾക്ക് പ്രചോദനമാകുമെന്ന് കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തോടൊപ്പം കേരളത്തിനും അഭിമാനമാണ് ഈ പ്രഖ്യാപനം. അരുൺ അബ്രഹാമും ഷെറിനുമാണ് ആലിന്റെ മാതാപിതാക്കൾ.

മൻ കീ ബാത്തിൽനിന്ന്...

‘കുറച്ചു ദിവസങ്ങൾക്കുമുൻപ് കേരളത്തിൽ നിന്നുള്ളആലിൻ ഷെറിൻ എബ്രഹാം എന്ന പെൺകുട്ടിയെ നമുക്ക് നഷ്ടപ്പെട്ടു. വെറും പത്ത് മാസം പ്രായമുള്ളപ്പോൾ അവളീലോകത്തോട് വിട പറഞ്ഞു. സങ്കൽപ്പിച്ചു നോക്കൂ. അവൾക്ക് മുന്നിൽ ഒരു ജീവിതകാലം മുഴുവൻ ബാക്കിയുണ്ടായിരുന്നു. അത് പെട്ടെന്ന് അവസാനിച്ചു. എത്രയെത്ര സ്വപ്നങ്ങളും സന്തോഷങ്ങളും പൂർത്തീകരിക്കപ്പെടാതെ അവശേഷിച്ചു. മകളുടെ നഷ്ടത്തിൽ ദുഃഖിക്കുമ്പോൾത്തന്നെ മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹവും മാതാപിതാക്കളുടെ മനസ്സിൽ നിറഞ്ഞുനിന്നു.
ഒരു കുടുംബത്തിനും ഇത്തരമൊരു വിധി നേരിടേണ്ടിവരരുതെന്ന് അവർ ആഗ്രഹിച്ചു. ആലിൻ ഷെറിൻ എബ്രഹാം ഇന്ന് നമ്മോടൊപ്പമില്ല. പക്ഷേ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാക്കളുടെ പട്ടികയിൽ അവളും ചേർക്കപ്പെട്ടു.’

ആലിൻ ഷെറിന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

: പത്തുമാസം പ്രായമുണ്ടായിരുന്ന ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ ദാനം ചെയ്തതിനെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ ആലിൻ ഷെറിനെക്കുറിച്ചു നടത്തിയ പരാമർശവും മന്ത്രാലയം എടുത്തുപറഞ്ഞു.


അവയവദാനത്തിലും അവയവം മാറ്റിവെക്കലിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തിയതായി മന്ത്രാലയം പറഞ്ഞു. 2013-ൽ അയ്യായിരത്തിൽ താഴെ ആയിരുന്ന അവയവം മാറ്റിവെക്കൽ 2025-ൽ നാലിരട്ടി വർധിച്ച് 20,000-ത്തിനടുത്തെത്തി. 2023 സെപ്റ്റംബറിനുശേഷം ആധാർ അധിഷ്ഠിത സംവിധാനത്തിലൂടെ 4.8 ലക്ഷം പൗരർ മരണത്തിനുശേഷം അവയവദാനത്തിന് സന്നദ്ധത അറിയിച്ചു. നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ അവയവദാനം, അവയവം മാറ്റിവെക്കൽ എന്നിവയിൽ വലിയ പുരോഗതി കൈവരിച്ചതായും മന്ത്രാലയം അറിയിച്ചു.