വ്യാജവാർത്ത; ഒരുകോടി രൂപ ആവശ്യപ്പെട്ട് മാധ്യമങ്ങൾക്ക് പി.കെ ശ്രീമതിയുടെ വക്കീൽ നോട്ടീസ്

#News Desk
പി.കെ. ശ്രീമതി | ചിത്രം: ലതീഷ് പൂവത്തൂർ / മാതൃഭൂമി
പി.കെ. ശ്രീമതി | ചിത്രം: ലതീഷ് പൂവത്തൂർ / മാതൃഭൂമി

കണ്ണൂർ: വ്യാജവാർത്ത നൽകിയ സംഭവത്തിൽ ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽ നോട്ടീസ് അയച്ച് സിപിഎം നേതാവ് പി.കെ. ശ്രീമതി. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും അല്ലെങ്കിൽ സിവിലും ക്രിമിനലുമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നുമാണ് നോട്ടീസിൽ പറയുന്നത്. വ്യാജവാർത്ത നൽകിയ മറ്റ് മാധ്യമങ്ങൾക്ക് ചൊവ്വാഴ്ച നോട്ടീസ് അയക്കും. 

നേരത്തേ വ്യാജവാർത്ത പ്രചരിപ്പിച്ചർക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഡിജിപി, വനിതാ കമ്മിഷൻ എന്നിവർക്ക് പി.കെ. ശ്രീമതി പരാതി നൽകിയിരുന്നു. പരാതി സൈബർ ഓപ്പറേഷൻസ് ഐജി പി. പ്രകാശാണ് അന്വേഷിക്കുന്നത്. ശ്രീമതിയുടെ പരാതി മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് കൈമാറിയതോടെയാണ് അന്വേഷണത്തിന് സൈബർ വിഭാഗം ഐജിക്ക് നിർദേശം നൽകിയത്.

കുന്നംകുളം മുൻ എം.എൽ.എ. പി.ആർ. കൃഷ്ണന്റെ ഭാര്യയായി നടിച്ച് താൻ പെൻഷൻ കൈപ്പറ്റിയെന്നാണ് പി.കെ. ശ്രീമതിക്കെതിരെ നടന്ന വ്യാജപ്രചാരണം. വ്യാജപ്രചാരണം നടത്തിയവർക്കു മാപ്പില്ലെന്ന് പി.കെ. ശ്രീമതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വ്യാജപ്രചാരണത്തെത്തുടർന്ന് മാനസികമായി പ്രശ്‌നത്തിലായി. ഒരു പൊതുപ്രവർത്തകയുടെ നേരേ പൊടിപ്പും തൊങ്ങലുംവെച്ച് പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് ഈ പ്രായത്തിലും കേൾക്കേണ്ടിവന്നു. സമൂഹത്തിൽ അവമതിപ്പുണ്ടാക്കുകയെന്ന ദുരുദ്ദേശ്യമായിരുന്നു ഇതിനുപിന്നിലെന്നതിൽ സംശയമില്ല. വാർത്ത നൽകുന്നതിനുമുൻപ് തന്റെ ഭാഗം ആരും ചോദിക്കുകയോ വസ്തുത പരിശോധിക്കുകയോ ചെയ്തില്ലെന്നും ശ്രീമതി പറഞ്ഞിരുന്നു.

Content Highlights: CPM leader PK Sreemathi sent a legal notice through Advocate P Saseendran to online channels Karma News and Bharat Live demanding ₹1 crore in compensation for spreading fake pension claims, warning of civil and criminal action within 15 days.