രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസും മുകേഷിനെതിരായ പരാതിയും ഒന്നല്ല; ന്യായീകരണവുമായി പി.കെ. ശ്രീമതി

#ന്യൂസ് ഡെസ്ക്
രാഹുൽ മാങ്കൂട്ടത്തിൽ (ഫയൽചിത്രം) | പി.കെ. ശ്രീമതി | ചിത്രം: ലതീഷ് പൂവത്തൂർ, മാതൃഭൂമി |മുകേഷ് | ചിത്രം: സുധീർ മോഹൻ, മാതൃഭൂമി
രാഹുൽ മാങ്കൂട്ടത്തിൽ (ഫയൽചിത്രം) | പി.കെ. ശ്രീമതി | ചിത്രം: ലതീഷ് പൂവത്തൂർ, മാതൃഭൂമി |മുകേഷ് | ചിത്രം: സുധീർ മോഹൻ, മാതൃഭൂമി

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികൾക്ക് സമാനമായതല്ല കൊല്ലം എംഎൽഎ മുകേഷിനെതിരായ ഉയർന്നുവന്ന പരാതികളെന്ന് സിപിഎം മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പാർട്ടി എപ്പോഴും ശക്തമായ നിലപാടുകൾ എടുത്തിട്ടുണ്ടെന്നും അത്തരം അക്രമങ്ങൾക്ക് തങ്ങളെല്ലാവരും എപ്പോഴും എതിരാണെന്നും ശ്രീമതി പറഞ്ഞു. 

'തെറ്റായ കാര്യങ്ങൾ നടന്നാൽ, തെറ്റാണെന്ന് അന്നും പറഞ്ഞിട്ടുണ്ട്, ഇന്നും പറയും. സ്ത്രീകളെ വസ്തുവായി കാണുന്ന മനോഭാവം പലർക്കുമുണ്ട്. അത് അനുവദിക്കാൻ കഴിയില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിനോട് സമാനമായിട്ടുള്ള ഒരു കേസും, അതായത്, ഇത്തരത്തിൽ ക്രിമിനൽ മനോഭാവത്തോടെയുള്ള ഒരു കേസും ഇവിടെ ഉണ്ടായിട്ടില്ല. അത് ആദ്യം നമ്മൾ മനസിലാക്കണം.' പി.കെ. ശ്രീമതി പറഞ്ഞു.

'രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടികളോട് എന്തൊക്കെയാണ് ചെയ്തിരിക്കുന്നതെന്ന് ഓരോ ദിവസവും വരുന്ന വാർത്തകളിലൂടെയാണ് നമ്മൾ മനസിലാക്കുന്നത്. മുമ്പ് ഒരു ജനപ്രതിനിധിയിൽ നിന്നും ഉണ്ടായിട്ടുള്ളതായി കേട്ടിട്ടില്ലാത്ത തരം കാര്യങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ ഒരോ ദിവസവും പുറത്തുവരുന്നത്. രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട് ഇത്തരം സംഭങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ ഇത്തരമൊന്ന് ഇതാദ്യമാണ്.' അവർ പറഞ്ഞു.

'സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടത്തുന്നത്, അതിനി ആരുതന്നെ ആയാലും, അവസാനം ഉണ്ടായ സംഭവത്തിൽ പോലും ഞങ്ങളെല്ലാവരും അതിൽ പ്രതികരിച്ചിട്ടുണ്ട്. ഒരുവിധത്തിലും ഇത്തരം പ്രവർത്തികളോട് യോജിക്കാൻ കഴിയില്ല. അത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ അതിശക്തമായ നടപടി എടുക്കണമെന്ന അഭിപ്രായക്കാരാണ് ഞങ്ങളെല്ലാം. ഞങ്ങളുടെ സംഘടനയും എല്ലാക്കാലവും അതിനുവേണ്ടി നിലകൊണ്ടിട്ടുണ്ട്.' മുകേഷ് എംഎൽഎയുമായി ബന്ധപ്പെട്ട് സ്ത്രീപീഡന പരാതിയെ സൂചിപ്പിച്ചുകൊണ്ട് പി.കെ. ശ്രീമതി പറഞ്ഞു. 

Content Highlights: PK Sreemathi clarifies that the Rahul Mamkoottathil and Mukesh cases are not similar, emphasizing strong stances against violence against women.