കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെക്കില്ല, എനിക്കെതിരായ വാർത്തയുടെ അച്ഛനെ അന്വേഷിക്കൂ- പി.കെ ശശി

തിരുവനന്തപുരം: കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നത് തന്റെ മുന്നിലുള്ള അജന്‍ഡയല്ലെന്ന് സി.പി.എം. നേതാവ് പി.കെ. ശശി. ഇതുസംബന്ധിച്ച് കല്പിതകഥകള്‍ മെനയുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
സംഘടനാപരമായ ഒരു കാര്യവും മാധ്യമങ്ങളോട് പങ്കുവെക്കാന്‍ തയ്യറല്ലെന്നായിരുന്നു തരംതാഴ്ത്തല്‍ നടപടിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പി.കെ. ശശിയുടെ പ്രതികരണം. 'ഞാന്‍ കമ്യൂണിസ്റ്റാണ്, പാര്‍ട്ടിക്കാരനായി നില്‍ക്കുകയാണ്. പാര്‍ട്ടിയിലെ ഒരു വിഷയവും മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ല', അദ്ദേഹം പറഞ്ഞു.
മണ്ണാര്‍ക്കാട്ടെ പാര്‍ട്ടിനിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേടുകളുണ്ടായെന്ന ആരോപണം ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നെന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വാര്‍ത്തയുടെ അച്ഛനെ അന്വേഷിച്ച് പുറത്തുവിടൂ എന്നായിരുന്നു മാധ്യമങ്ങളുടെ തുടര്‍ ചോദ്യങ്ങളോട് ശശിയുടെ മറുപടി.
ജില്ലാ കമ്മിറ്റി അംഗമായ പി.കെ. ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടിസ്ഥാനങ്ങളില്‍നിന്നും നീക്കാന്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനിച്ചത്. പിന്നാലെ, പി.കെ. ശശി കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചേക്കുമെന്നും വിവരമുണ്ടായിരുന്നു. ജില്ലാ കമ്മിറ്റിയുടെ നടപടിക്കെതിരെ സംസ്ഥാന സമിതിയെ സമീപിക്കാനും നീക്കമുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Content Highlights: PK Sasi responds to Party action against him