RSS വര്‍ഗീയ സംഘടന, അവരുമായി സന്ധിയുണ്ടാക്കിയിട്ടില്ല; എം.വി ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍എസ്എസുമായുള്ള സഹകരണത്തെ കുറിച്ച് എം.വി. ഗോവിന്ദന് നിലപാട് വ്യക്തമാക്കിയതായും അതിനെ കുറിച്ച് തനിക്ക് കൂടുതലൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍എസ്എസ് ഒരു വര്‍ഗീയസംഘടനയാണെന്നും അത്തരത്തിലുള്ള സംഘടനകളുമായി സിപിഎം ഒരു തരത്തിലും സഹകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗോവിന്ദനോട് ചൊവ്വാഴ്ച ഉയര്‍ന്ന ചോദ്യം എന്തായിരുന്നുവെന്ന് തനിക്കറിയില്ലെന്നും അതിന് അദ്ദേഹം നല്കിയ മറുപടിയെ കുറിച്ച് ബുധനാഴ്ച അദ്ദേഹം നിലപാട് വിശദീകരിച്ചതാണല്ലോയെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചു. രാജ്ഭവനില്‍ ആര്‍എസ്എസ് ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം വിശദീകരണം നല്കി. സര്‍ക്കാര്‍ പരിപാടികളില്‍ അത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കില്ലെന്ന് രാജ്ഭവന്റെ ഭാഗത്തുനിന്ന് അറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ പ്രതികരണത്തിലെ പ്രസക്തഭാഗങ്ങള്‍
യാഥാര്‍ഥ്യങ്ങള്‍ എല്ലാവര്ക്കും അറിയാമല്ലോ, സിപിഎമ്മിന്റെ രാഷ്ട്രീയം എവിടേയും തുറന്നുപറയാറുണ്ട്. എത്ര വലിയ ശത്രുവായാലും ആ ശത്രുവിന്റെ മുന്നിലും തലകുനിക്കാതെ രാഷ്ട്രീയം പറയാന്‍ കെല്പുള്ള പാര്‍ട്ടിയാണ് സിപിഎം. സാധാരണഗതിയിലുള്ള രാഷ്ട്രീയപ്രവര്‍ത്തനം ശത്രുവിന്റെ മുന്നില്‍ നടത്തുന്നതിനും സിപിഎം അറച്ചുനില്ക്കാറില്ലെന്നും ഞങ്ങള്‍ക്കു നേരെ വന്ന ശത്രുവിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാനും എല്ലാക്കാലത്തും സിപിഎം തയ്യാറായിട്ടുണ്ട്. ഞങ്ങളിലാരെങ്കിലും ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഒരുഘട്ടത്തിലും സ്വീകരിച്ചിട്ടില്ല. ആര്‍എസ്എസ് ആരാധിക്കുന്ന ഫോട്ടോകള്ക്കുമുന്നില് താണുവണങ്ങുന്ന നിലപാടല്ല സിപിഎമ്മിനോ സിപിഐയ്ക്കോ ഉള്ളത്. തലയുയര്ത്തിക്കൊണ്ടുതന്നെ കോണ്‍ഗ്രസിനെയും ബിജെപിയെയും ലീഗിനെയും ചെറുക്കാന്‍ ഞങ്ങള്‍ തയ്യാറായിട്ടുണ്ട്. ഞങ്ങളൊരു കാലത്തും ഒരുഭാഗത്ത് ഒരുവര്‍ഗീയ ശക്തിയെയും മറ്റൊരു ഭാഗത്ത് മറ്റൊരു വര്‍ഗീയ ശക്തിയെയും ഒന്നിച്ചുനിര്‍ത്തി മുന്നോട്ടുപോയിട്ടില്ല. ഒരു വര്‍ഗീയതയേയും ഒന്നിച്ചു നിര്‍ത്താന്‍ ഞങ്ങള്‍ തയ്യാറായിട്ടില്ല. വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 215 സഖാക്കളെ കൊലപ്പെടുത്തിയ വിഭാഗമാണ് ആര്‍എസ്എസ്. ആര്‍എസ്എസ് ചെയ്തത് ശരിയായിട്ടില്ല എന്നുപറയാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടുണ്ടോ. ഇതെല്ലാം നമ്മുടെ നാട് കണ്ടതാണ്.
ആര്‍എസ്എസുമായി യോജിപ്പിന്റെ ഒരു മേഖലയുമില്ല. ഫാസിസ്റ്റ് ആശയങ്ങള്‍ക്കെതിരെ പോരാടുന്നവാണ് കമ്മ്യൂണിസ്റ്റുകാര്‍. ഫാസിസ്റ്റ് ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. അതൊരു വര്‍ഗീയ സംഘടനയാണ്. അവരുമായി ഒരു ഘട്ടത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം യോജിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. ആര്‍എസ്എസുമായി ഐക്യപ്പെടാന്‍ പോയിട്ടില്ല. അവരുമായി ഇന്നും ഇന്നലെയും നാളെയും യോജിപ്പില്ല. ഒരു വര്‍ഗീയശക്തിയോടും ഞങ്ങള്‍ ഐക്യപ്പെടില്ല. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടത്തിന്റെ ആക്രമണത്തിന് ഒരുപാട് സഖാക്കള്‍ ഇരയായിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മും ആര്‍എസ്എസുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ജനസംഘവുമായും അക്കാലത്ത് ഒരു സഹകരണവുമുണ്ടായിരുന്നില്ല. ജനതാപാര്‍ട്ടിയുമായി സഹകരണം ഉണ്ടായിട്ടുണ്ട്. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ജനതാപാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ സിപിഎം ജനതാപര്‍ട്ടിയില്‍ ലയിച്ചിട്ടില്ല.തിരഞ്ഞെടുപ്പ് പോരാട്ടം വന്നപ്പോള്‍ ജനതാപാര്‍ട്ടിയുമായി സഹകരിച്ചിട്ടുണ്ട്. ഇന്ദിരഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണകൂടത്തിന് ആര്‍എസ്എസ് പിന്തുണയുണ്ടായിരുന്നതായുള്ള തെളിവുകളും മുഖ്യമന്ത്രി നിരത്തി.
സര്‍ക്കാരിന്റെ നിലപാടാണ് കൃഷിമന്ത്രി ഗവര്‍ണറെ അറിയിച്ചത്. സര്‍ക്കാര്‍ പരിപാടി എന്നുപറയുമ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ച ചിഹ്നങ്ങള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്ന നിലപാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഓരോരുത്തരുടേയും താല്പര്യത്തിനനുസരിച്ച് പരിപാടി നടത്താന്‍ കഴിയില്ല. അത് പിന്നീട് ഗവര്‍ണര്‍ക്കും ബോധ്യപ്പെട്ടതായാണ് മനസ്സിലാക്കുന്നത്. സര്‍ക്കാര്‍ പരിപാടികളില്‍ ഇത്തരം ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഔദ്യോഗികഅറിയിപ്പ് ലഭിച്ചിട്ടുണ്ട്. രാജ്ഭവന് രാജ്യത്തെ ഒരു പ്രധാന ഭരണകേന്ദ്രമാണ്. അവിടെ പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കളും ചിഹ്നങ്ങളും രാജ്യത്തിന് അംഗീകരിക്കാന്‍ കഴിയണം, ഭരണഘടനാപരമായിരിക്കണം രാജ്ഭവന് എന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള വേദിയായി കാണരുത്. അത്തരമൊരു നിലപാട് സാധാരണഗതിയില്‍ അംഗീകരിക്കാന്‍ കഴിയില്ല. ഭരണഘടനാവിരുദ്ധമായ കാര്യങ്ങള്‍ രാജ്ഭവനില്‍ അംഗീകരിക്കാന്‍ കഴിയില്ല. ഭരണഘടനയോട് വിയോജിച്ച പ്രസ്ഥാനമാണ് ആര്‍എസ്എസ്. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയാണ് ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിച്ചത്. രാജ്യത്തെ ആഭ്യന്തരശത്രുക്കളോട് പൊരുതുക എന്നതായിരുന്നു ആര്‍എസ്എസിന്റെ ആവശ്യമെന്നും രാജ്ഭവനില്‍ പ്രദര്‍ശിപ്പിച്ചത് ഇന്ത്യയുടെ ഭൂപടമായിരുന്നോ എന്ന സംശയവും മുഖ്യമന്ത്രി ഉന്നയിച്ചു. ഭരണഘടന നിര്‍ദേശിക്കാത്ത ഒന്നിനേയും അംഗീകരിക്കില്ലെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കി. രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Kerala CM Pinarayi Vijayan clarifies CPI(M)`s stance on RSS, rejecting any collaboration