തളർത്താൻ പലരും ശ്രമിച്ചിട്ടുണ്ട്, പാർട്ടിയിലുള്ള വിശ്വാസം മുറുകെ പിടിച്ചു- പിണറായി

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തന്റെ കോളേജ് വിദ്യാഭ്യാസ കാലത്തുണ്ടായിരുന്ന ഒരു സുഹൃത്ത് മദ്യപാനി ആയി മാറിയതാണ് തനിക്ക് വലിയ പശ്ചാത്താപം ഉണ്ടാക്കിയ കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയാൾ വലിയ കാശുകാരനായിരുന്നു. അന്നത്തെ കാലത്ത് നൂറിന്റെ നോട്ടുകൾ കൈവശമുണ്ടായിരുന്ന ആളാണ്. പക്ഷെ എന്നെ വലിയ കാര്യമായിരുന്നു. അടുത്ത സുഹൃത്തുമായിരുന്നു. പക്ഷെ അയാൾ മദ്യം ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. മദ്യപാനത്തേപ്പറ്റി ഉപദേശിച്ചെങ്കിലും അയാൾ അത് തുടർന്നു. പിന്നീട് അയാളുമായുള്ള സൗഹൃദം ഞാൻ ഉപേക്ഷിച്ചു. എന്നാൽ ആ ബന്ധം വിഛേദിച്ചതോടെ അയാൾ കൂടുതൽ മദ്യപാനത്തിലേക്ക് പോയി. അങ്ങനെ ചെയ്തത് പിന്നീട് കുറ്റബോധമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്റെ ദൗർബല്യം മക്കളാണെന്ന് ചിലർ കരുതിയിരുന്നു. എതിർ രാഷ്ട്രീയ ചേരിയിലുള്ള ഒരാൾ ഒരുദിവസം വന്ന് തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധിയുണ്ട് എന്ന് വന്ന് അറിയിച്ചു. എന്നാൽ അത് വരുന്നത് വച്ച് കാണാമെന്ന് നിലപാടാണ് ഞാൻ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തളർത്താൻ വേണ്ടി ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഒരുകാലത്തും തളർന്നുപോയ സാഹചര്യങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്റെ വിശ്വാസം പാർട്ടിയോടാണ്. ആ പാർട്ടിയിലുള്ള വിശ്വാസമാണ് എനിക്ക് കരുത്ത് നൽകിയത്. പഴയകാലത്തെ പോലെ ആളുകളുമായി കൂടിയിരിക്കാനും സമയം ചെലവഴിക്കാനും ഇപ്പോൾ സാധിക്കുന്നില്ല. ഓരോ കാലത്തും ഓരോ നിയോഗങ്ങളുണ്ട്. അത് നിർവഹിക്കുക എന്നതാണ് ഇപ്പോഴത്തെ രീതി. ഒറ്റക്കിരിക്കേണ്ടി വന്നാൽ അതിലും തനിക്ക് ബുദ്ധിമുട്ടില്ലെന്നും സമാധാനമായി ഇരിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലം സ്വന്തം വീടാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: CM Pinarayi Vijayan expresses deep regret over a college friend who succumbed to alcoholism., Reveals he once faced a threat of his children being kidnapped by political opponents., States that his unwavering belief in his political party is his primary source of strength., Reflects on his changed lifestyle due to his duties and finds peace at his own home.