‘വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ എന്താണ് തെറ്റ്, ശബരിമല എൽഡിഎഫിനെ ബാധിച്ചിട്ടില്ല’

#ന്യൂസ് ഡെസ്ക്
പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും (ഫയൽചിത്രം) | Photo: Mathrubhumi
പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും (ഫയൽചിത്രം) | Photo: Mathrubhumi

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയം തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും അയ്യപ്പസംഗമ പരിപാടിയുടെ സമയത്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളിപ്പള്ളി നടേശനൊപ്പം ഒരു കാറിൽ സഞ്ചരിച്ചത് മഹാപരാധമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. അതിന്റെ കാര്യങ്ങൾ വിശദമായി പരിശോധിക്കുകയും എന്തെങ്കിലും തിരുത്തലുകൾ വരുത്തണമെങ്കിൽ അത് വരുത്തുകയും ചെയ്യുമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വിശദമായ പരിശോധന ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വെള്ളാപ്പള്ളി നടേശനൊപ്പം ഒരു കാറിൽ സഞ്ചരിച്ചത് എന്തോ ഒരു മഹാപരാധം നടന്നെന്ന മട്ടിൽ ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പമ്പയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ, നിൽക്കുന്ന സ്ഥലത്തുനിന്ന് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കുറച്ചുദൂരം പോകാനുണ്ടായിരുന്നു. അപ്പോഴാണ് വെള്ളാപ്പള്ളി കാണാൻ വന്നത്. കണ്ട് സംസാരിച്ചതിന് ശേഷം പരിപാടിക്ക് പോകാൻ താനും ഇറങ്ങി, വെള്ളാപ്പള്ളിയും ഇറങ്ങി. പരിപാടിയിക്ക് പോകാൻ താൻ കാറിൽ കയറിയപ്പോൾ അദ്ദേഹവും തനിക്കൊപ്പം കാറിൽ കയറിയെന്നതാണ് വസ്തുത. ആ ദൂരത്തേക്ക് അദ്ദേഹം നടന്നുപോകുന്ന അവസ്ഥ ഒഴിവാക്കാൻ ആ കാറിൽ കയറട്ടേ എന്ന നിലപാട് താനും സ്വീകരിച്ചിട്ടുണ്ടാവും. അതിലെന്താ തെറ്റ്, സാധാരണഗതിയിൽ. ഒരുതരത്തിലും തൊട്ടുകൂടാൻ പറ്റാത്ത ഒരാളാണ് വെള്ളാപ്പള്ളിയെ പോലൊരാള് എന്ന് പറയാൻ പറ്റുമോ. അത് ഏതൊരാളായാലും ചെയ്യുന്ന കാര്യമല്ലേ. പ്രത്യേകിച്ച് ഒരേ പ്രായക്കാര്, എന്നേക്കാളും കുറച്ച് പ്രായമുള്ളയാള് എന്നൊക്കെ വരുമ്പോൾ അത്തരം ആളുകളെ ആദരിക്കാൻ തയ്യാറാകും. അതിൽ അപാകത കാണുന്നില്ല. എന്നാൽ വലിയതോതിൽ അതിനെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടന്നെന്നത് വസ്തുതയാണ്, മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയം തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ തോതിൽ പ്രചരണത്തിന് വേണ്ടി ഉപയോഗിച്ചു എന്നത് വസ്തുതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ പ്രചരണം ബിജെപിയും നടത്തി. കോൺഗ്രസും യുഡിഎഫും നടത്തി. ഇവർ ആരാണ് കൂടുതൽ നടത്തിയത് എന്നതേ നോക്കേണ്ടതുള്ളൂ. എന്നാൽ ഇതിൽ വ്യക്തമാകേണ്ട കാര്യം, സംസ്ഥാന സർക്കാർ ഇതിനോട് സ്വീകരിച്ച സമീപനമാണ്. സർക്കാരിന് ഇക്കാര്യത്തിൽ യാതൊരു ആശയക്കുഴപ്പവുമുണ്ടായിരുന്നില്ല. ഏത് തട്ടിപ്പ് നടന്നാലും അതിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുക എന്നതാണ് സർക്കാർ നിലപാട്. അത് തന്നെയാണ് ഇവിടെയുമുണ്ടായത്. എന്നാൽ എസ്‌ഐടി പോരാ, സിബിഐയ്ക്ക് വിടണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യമുന്നയിച്ചു. എന്നാൽ ആ അന്വേഷണസംഘം കൃത്യമായി നടപടികൾ സ്വീകരിച്ചു. ജനങ്ങളും നല്ല രീതിയിലാണ് വിലയിരുത്തിയത്. സാധാരണഗതിയിൽ ഇത് ഏറ്റവും കൂടുതൽ ബാധിക്കേണ്ടത് പത്തനംതിട്ടയിലാണല്ലോ. പന്തളത്തെ നഗരസഭ, നേരത്തെ ബിജെപിയുടെ കൈവശമായിരുന്നു. ഇത്തവണ അവർക്ക് അത് നഷ്ടപ്പെട്ടു. ശബരിമല വിഷയം എൽഡിഎഫിനെതിരായിരുന്നെങ്കിൽ പന്തളത്ത് ബിജെപിയുടെ നില ഗണ്യമായി കുതിച്ചുയരുമായിരുന്നില്ലേ. അതുണ്ടായില്ലല്ലോ. എൽഡിഎഫ് ആണല്ലോ അവിടെ ബിജെപിയെ പരാജയപ്പെടുത്തി അധികാരം നേടിയത്. കൊടുങ്ങല്ലൂർ നഗരസഭയിൽ ബിജെപി കഴിഞ്ഞ തവണ വിജയത്തിന് അടുത്തുനിൽക്കുകയായിരുന്നു. എന്നാൽ ഇത്തവണ എൽഡിഎഫ് അവിടെ നല്ല നിലയ്ക്ക് മുന്നേറിയല്ലോ. ശബരിമല വിഷയം സംസ്ഥാനത്ത് ഏതെങ്കിലും തരത്തിൽ എൽഡിഎഫിനെ ബാധിച്ചെന്ന് കാണാൻ കഴിയില്ല, മുഖ്യമന്ത്രി പറഞ്ഞു. 

Content Highlights: pinarayi vijayan on car journey with vellappally natesan and claims sabarimala gold heist made no impact on ldf in local body poll