ജീവിതത്തിൽ ഇതുവരെയും തെറ്റ് ചെയ്തതായി ബോധ്യമില്ല, ഭയം പാർട്ടിയെ മാത്രം- മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രി പിണറായി വിജയൻ | Photo: MBTV Screengrab
മുഖ്യമന്ത്രി പിണറായി വിജയൻ | Photo: MBTV Screengrab

തിരുവനന്തപുരം: ജീവിതത്തിൽ ഇതുവരെയും എന്തെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തതായി ബോധ്യമില്ലെന്നും അതുകൊണ്ടാണ് രാഷ്ട്രീയവും വ്യക്തിപരവുമായ ആരോപണങ്ങളെ പുഞ്ചിരിയോടെ നേരിടാൻ കഴിയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്കപ്പിൽ താൻ ഏറ്റിട്ടുള്ള മർദനങ്ങളുടെ ഫലമാണ് ഇന്ന് ലോക്കപ്പ് മരണങ്ങൾ ഇല്ലാതാക്കിയ ആഭ്യന്തരവകുപ്പിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. നടൻ മോഹൻലാലുമായി നടന്ന അഭിമുഖത്തിലാണ് പിണറായി വിജയൻ തന്റെ മനസ് തുറന്നത്. കോടിയേരിയുടെ മരണം ഉണ്ടാക്കിയ വേദനയെക്കുറിച്ചും ജീവിതത്തിൽ പശ്ചാത്തപിക്കേണ്ടിവന്ന സന്ദർഭത്തെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് ഏൽക്കേണ്ടിവന്ന ക്രൂരമായ പോലീസ് മർദനം. ലോക്കപ്പിലെ ഭീകരമായ രാത്രികൾ.. ജയിൽവാസത്തിന് ശേഷം ആ ചോര പുരണ്ട ഷർട്ടും ഉയർത്തിപ്പിടിച്ച് നിയമസഭയിൽ പിണറായി വിജയൻ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം.. ഓർമകൾ ഭീകരമാണെങ്കിലും ചിരിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്റെ മറുപടി. 'ആ ഷർട്ട് കുറേക്കാലം സൂക്ഷിച്ചിരുന്നു, ഇപ്പോൾ കൈവശമില്ല. അതൊക്കെ ഒരു വല്ലാത്ത അനുഭവമായിരുന്നു. ഞാൻ അന്ന് ചെറുപ്പമാണ്. അതുകൊണ്ട് അതിനെ അതിജീവിക്കാൻ കഴിഞ്ഞു.' അദ്ദേഹം പറഞ്ഞു.

'അടിച്ചുതോലുപൊളിക്കുക എന്ന് പറയില്ലേ, അതായിരുന്നു അനുഭവം. അടികൊണ്ട് നീരുവന്ന് പൊട്ടി ശരീരത്തിന്റെ തൊലി പൊളിഞ്ഞുപോയിട്ടുണ്ട്. അതിന്റ ഓർമകൾ ഉള്ളതുകൊണ്ടുതന്നെ ആഭ്യന്തര മന്ത്രിയായ ശേഷം ലോക്കപ്പ് മർദനം പ്രോത്സാഹിപ്പിക്കാറില്ല. അത്തരം ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി എടുത്തിട്ടുണ്ട്. പോലീസിനുള്ളിൽ അത്തരം കേസുകൾ വന്നാൽ തന്നെ അന്വേഷിക്കാൻ സിബിഐയെയാണ് ഏൽപിക്കാറ്. നമ്മുടെ സേനതന്നെ അത്തരം കേസുകൾ അന്വേഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാറില്ല.' മുഖ്യമന്ത്രി വ്യക്തമാക്കി.

'നിസ്സഹായരായ മനുഷ്യരെ ക്രൂരമായി മർദിക്കുന്നതിനോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല.' അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലെ വ്യക്തിപരമായ അധിക്ഷേപങ്ങളെക്കുറിച്ചും രാഷ്ട്രീയപരമായ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, 'മനസ് എപ്പോഴും ശുദ്ധമായിരിക്കണം, കുറ്റബോധമുണ്ടാകരുത്. എന്തെങ്കിലും ആരോപണം ഉയരുമ്പോൾ അതിന്റെ ഒരംശത്തിലെങ്കിലും നമ്മുടെ പങ്കാളിത്തമുണ്ടെങ്കിൽ നമുക്ക് കുറ്റബോധം വരും. എന്നാൽ അതില്ലെങ്കിൽ അത്തരം ആരോപണങ്ങളെ ഒരു ചിരിയോടെ നേരിടാൻ നമുക്ക് സാധിക്കും.' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

'കേരളത്തിൽ എവിടെയൊക്കെയോ സ്ഥലങ്ങളും വീടുകളുമുണ്ട്, സിംഗപ്പുരിൽ കമലാ ഇന്റർനാഷണൽ എന്ന കമ്പനിയുണ്ട് എന്നിങ്ങനെ എത്രയോ ആരോപണങ്ങളും വാർത്തകളും വന്നിട്ടുണ്ട്. എന്നാൽ അതൊന്നും എന്നെ ബാധിച്ചിട്ടില്ല. എന്റെ ഇതുവരെയുള്ള ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള ഒരു തെറ്റ് ഞാൻ ചെയ്തു എന്ന് എനിക്ക് ബോധ്യമില്ല. അതുകൊണ്ടുതന്നെ എനിക്ക് നല്ല രീതിയിൽ മുന്നോട്ടുപോകാൻ പറ്റും.' അദ്ദേഹം പറഞ്ഞു.

'പക്ഷേ നമ്മുടെ സമൂഹത്തിൽ ഇത്തരം തെറ്റായ ധാരണകൾ നിലനിൽക്കുന്നുണ്ട് എന്നത് നമ്മൾ മനസിലാക്കണം. ഉദാഹരണത്തിന്, പണ്ട് പാർട്ടിയുടെ ഒരു പ്രധാനിയായി ഇരിക്കുന്ന സമയത്ത് മകന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഒരാൾ എന്റെയടുത്ത് വന്നു. ബന്ധപ്പെട്ടയാളോട് സംസാരിക്കാം എന്ന് ഞാൻ പറഞ്ഞു. എനിക്ക് വളരെ അടുപ്പമുള്ള എന്നെ ചെറുപ്പം മുതലേ അറിയുന്ന ആളായിരുന്നു അത്.'

'രാത്രി നാട്ടിലേക്ക് വൈകിയെത്തുന്ന അവസരങ്ങളിൽ കടത്തുകടക്കാൻ തോണിയുമായി വന്ന് സഹായിക്കുന്ന ആളായിരുന്നു. രണ്ടുമൂന്നു തവണ അദ്ദേഹം എന്നെ കാണാൻ വന്നു, പിന്നീട് വന്നപ്പോ അദ്ദേഹം എന്നോട് പറഞ്ഞത്, വേറെ എന്തെങ്കിലും ചെയ്യേണ്ടതായിട്ടുണ്ടെങ്കിൽ ചെയ്യാം എന്നായിരുന്നു. ആദ്യം എനിക്ക് മനസിലായില്ല, നിങ്ങൾ വേറെ എന്തുചെയ്യാനാണ്, ഞാൻ ബന്ധപ്പെട്ടയാളോട് പറഞ്ഞിട്ടുണ്ട് എന്നുമായിരുന്നു എന്റെ മറുപടി. എന്നാൽ അദ്ദേഹം ഒരിക്കൽകൂടി എടുത്ത് ചോദിച്ചതോടെ എനിക്ക് സംശയമായി.'

'എന്താ നിങ്ങൾ ഉദ്ദേശിക്കുന്നത്, പൈസയോ മറ്റോ തരാനാണോ എന്ന ചോദ്യത്തിന് അദ്ദേഹം അതേ എന്ന് മറുപടി തന്നു. നിങ്ങളായതുകൊണ്ട് മാത്രം കൂടുതൽ ഒന്നും പറയുന്നില്ലെന്നും, ഇരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റ് പുറത്തുപോകാനും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അപ്പോത്തന്നെ പോയി, പുറത്തുള്ളവരോട് പറഞ്ഞു, അങ്ങനെ ഒരു അബദ്ധം പറ്റിയെന്ന്. നോക്കൂ, ഇത്തരത്തിലാണ് നമ്മുടെ നാട്ടുകാരുടെ ധാരണ.' അദ്ദേഹം പറഞ്ഞു.

'നമ്മളെപ്പറ്റി ചെറുപ്പംമുതലേ അറിയുന്ന ആൾക്കുപോലും ഇതാണ് ധാരണ. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി നിൽക്കാൻ അന്നും കഴിഞ്ഞിട്ടുണ്ട് ഇന്നും കഴിഞ്ഞിട്ടുണ്ട്, നാളെയും കഴിയും എന്നാണ് എന്റെ പൂർണമായ ബോധ്യം.' അദ്ദേഹം പറഞ്ഞു.

അമ്മയുടെ മരണത്തിലല്ലാതെ ജീവിതത്തിൽ എപ്പോഴെങ്കിലും കരഞ്ഞുപോയ സന്ദർഭം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന്, 'ഒന്നിച്ചുണ്ടായിരുന്നവർ, നമുക്ക് ശേഷം പോകേണ്ടിയിരുന്നവർ അവരുടെയൊക്കെ മരണം വേദനിപ്പിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മരണസമയത്ത് ആ വേദന വെളിവായിരുന്നു. ആ അനുശോചനയോഗത്തിൽ സംസാരിച്ച് പൂർത്തിയാക്കാൻ എനിക്കായില്ല. അങ്ങനെയൊക്കെയുള്ള സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ജീവിതത്തിൽ എന്തിനോടെങ്കിലും ഭയമുണ്ടോ എന്ന ചോദ്യത്തിന്, 'ഭയം എന്നത് ആ തരത്തിലില്ല, പക്ഷേ പൊതുവിൽ ഞാൻ പാർട്ടിക്ക് കീഴ്‌പ്പെട്ട് പോകുന്ന ഒരാളാണ്. പാർട്ടി ആഗ്രഹിക്കുന്ന പൊതുവായ നിലപാടുകളുണ്ട്. ആ നിലപാടുകളിൽ അണുവിട വ്യത്യാസം വരരുത് എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. അതിനെ ഭയന്നാണ് ജീവിക്കുന്നത്. അതുകൊണ്ട്, അങ്ങനെയൊരു ഭയമുണ്ട് എന്ന് വേണമെങ്കിൽ പറയാം. മറ്റൊരു തരത്തിലുള്ള ഭയവും എന്നെ ബാധിക്കാറില്ല.' അദ്ദേഹം വ്യക്തമാക്കി.

'ജീവിതത്തിൽ ഒറ്റവട്ടമേ പശ്ചാത്തപിക്കേണ്ടി വന്നിട്ടുള്ളൂ. കോളേജ് പഠനകാലത്ത് വളരെ അടുത്ത ഒരു സുഹൃത്തുണ്ടായിരുന്നു. ധനികനായ ഒരു സായിപ്പിന്റെ മകനായിരുന്നു അവൻ. കൈയിൽ എപ്പോഴും കാശുള്ള, ട്രൗസറിന്റെ പോക്കറ്റിൽ നൂറിന്റെ നോട്ടുണ്ടാവാറുള്ള ആളായിരുന്നു അവൻ. എന്നെ വലിയ കാര്യമായിരുന്നു. ഞാൻ അന്ന് വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകനായി മാറിയിരുന്നു.'

'ഈ സുഹൃത്ത് പതിയ മദ്യപാനത്തിലേക്ക് നീങ്ങി. അത് ശരിയല്ല എന്നുപറഞ്ഞ് അയാളെ തിരുത്താൻ ശ്രമിച്ചെങ്കിലും അയാൾ പരിധിവിട്ടുപോയ അവസ്ഥയായിരുന്നു. അതോടെ ഞാൻ ആ ബന്ധം വിച്ഛേദിച്ചു. പക്ഷേ പിന്നീട് തോന്നിയിട്ടുണ്ട്, അന്ന് ആ സൗഹൃദം അവസാനിപ്പിച്ചത് അയാളെ കൂടുതൽ നാശത്തിലേക്ക് എത്തിച്ചു എന്ന്. അയാൾ വല്ലാതെ തകർന്നുപോയി. പൂർണമദ്യപാനിയായി വഴിയരികിലൊക്കെ ഇരിക്കുന്ന അവസ്ഥയിലേക്ക് അയാൾ എത്തി.'

'ആ സംഭവം എന്നെ വലിയ കുറ്റബോധത്തിലേക്ക് നയിച്ചിട്ടുണ്ട്. അന്ന് ആ സൗഹൃദവും അടുപ്പവും വിടാതെ ഇരുന്നെങ്കിൽ.. അയാൾ ചിലപ്പോൾ അപ്പോഴും മദ്യപിച്ചിരുന്നേക്കും, പക്ഷേ ഇതുപോലെ ഒരു മദ്യപാനിയായി മാറില്ലായിരുന്നു എന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. അതാണ് ജീവിതത്തിൽ കുറ്റബോധം തോന്നിയ ഒരു കാര്യം.' മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Pinarayi Vijayan claims a life without mistakes, attributing his resilience against accusations to a clear conscience., He recounts brutal police torture during the Emergency, which shaped his policies against lock-up deaths as Home Minister., The CM expresses deep regret over ending a friendship in college, believing it worsened his friend's alcoholism., He shares the profound pain caused by the death of his colleague, Kodiyeri Balakrishnan, which left him unable to finish his speech., Vijayan states his only fear is deviating from the party's principles and ideology.