പിണറായി ജനകീയനായ നേതാവ്, നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹംതന്നെ ഇടതുമുന്നണിയെ നയിക്കും- എം.എ. ബേബി

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. എൽഡിഎഫിലെ ജോസ് കെ. മാണി, ബിനോയ് വിശ്വം അടക്കമുള്ള എല്ലാ ഘടകകക്ഷി നേതാക്കളും പോരാട്ടത്തിൽ നായകസ്ഥാനത്ത് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത വികസനപ്രവർത്തനം നടത്താൻ നേതൃത്വംകൊടുത്ത മുഖ്യമന്ത്രി ഉള്ളപ്പോൾ രാഷ്ട്രീയ പോരാട്ടം നയിക്കുക അദ്ദേഹമാണ്. പല പാർട്ടികൾ ചേർന്ന മുന്നണിയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽപ്പെട്ട എല്ലാ പാർട്ടികളിലെ നേതാക്കളും എൽഡിഎഫ് പോരാട്ടത്തിൽ നായകസ്ഥാനത്ത് ഉണ്ടാകും. ബിനോയ് വിശ്വം, ജോസ് കെ. മാണി തുടങ്ങി എല്ലാവരും ഉണ്ടാകും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉണ്ടാകും. സഹായിക്കാൻ ഞങ്ങളും വരും. ഏതെങ്കിലും ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്ന പാർട്ടിയല്ല, ഇതൊരു മുന്നണിയാണ്. ആ മുന്നണിയിൽ കേരളത്തിലെ ഇന്നത്തെ ഏറ്റവും പ്രമുഖനായ നേതാവ് പിണറായി വിജയനാണ്. സമർത്ഥനായ, കാര്യക്ഷമതയുള്ള, ജനകീയനായ നേതാവാണ് എന്നതുകൊണ്ടാണ് അദ്ദേഹത്തിനുനേരെ ഒറ്റതിരിഞ്ഞ ആക്രമണം നടക്കുന്നത്', എം.എ. ബേബി പറഞ്ഞു.
യുഡിഎഫിൽ ഒരുപാട് മുഖ്യമന്ത്രിസ്ഥാന പ്രേമികളുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലുള്ളത് ജനപക്ഷ രാഷ്ട്രീയത്തിന്റെ പ്രേമികളാണ്. അതിൽ വ്യത്യസ്ത ഉത്തരവാദിത്വങ്ങൾ ആര് ഏറ്റെടുക്കും എന്നത് എൽഡിഎഫിന്റെ മുമ്പിൽ ഉയർന്നുവരുമ്പോൾ ആ സമയത്ത് ഉത്തരം കണ്ടെത്തും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെ എൽഡിഎഫ് കൂട്ടായി നയിക്കും. എല്ലാ നേതാക്കന്മാരും അതിൽ ഉണ്ടാകും. ആ നേതൃനിരയെ ജനപക്ഷത്ത് നിന്നുകൊണ്ട് മുഖ്യമന്ത്രി നയിക്കും, എം.എ. ബേബി കൂട്ടിച്ചേർത്തു.
Content Highlights: Pinarayi Vijayan to Lead LDF in Upcoming Kerala Assembly Elections, Says M.A. Baby