‘രാഷ്ട്രീയ വൈരമല്ല, ജനക്ഷേമമാണ് സർക്കാരിനെ നയിക്കേണ്ടത്’; പൊതിച്ചോർ വിവാദത്തിൽ പിണറായി വിജയൻ

#ന്യൂസ് ഡെസ്ക്
പിണറായി വിജയൻ | Photo: PTI
പിണറായി വിജയൻ | Photo: PTI

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ. നടത്തിവരുന്ന പൊതിച്ചോർ വിതരണം നിരോധിക്കാനുള്ള യു.ഡി.എഫ്. സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം വിചിത്രവും ജനവിരുദ്ധവുമാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടവർ നിലവിലുള്ള പരിഹാരങ്ങൾ പോലും ഇല്ലാതാക്കുന്നത് ദൗർഭാഗ്യകരമാണെന്ന്  അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

പൊതിച്ചോർ നിരോധനം കൊണ്ട് സർക്കാരിനും ആരോഗ്യമന്ത്രിക്കുമുള്ള നേട്ടം എന്താണെന്ന് അദ്ദേഹം ചോദിച്ചു. ജാതിമത രാഷ്ട്രീയ ഭേദമന്യേ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വർഷങ്ങളായി നടന്നുവരുന്ന മാതൃകാപരമായ ഈ സന്നദ്ധ പ്രവർത്തനത്തിൽ സങ്കുചിത രാഷ്ട്രീയത്തിന്റെ വിഷം കലർത്തുന്നത് മനുഷ്യത്വമില്ലാത്ത നടപടിയാണ്. ബദൽ സംവിധാനങ്ങൾ ഒരുക്കാതെ തിരക്കുപിടിച്ച് നിരോധനം ഏർപ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പിണറായി പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് മനുഷ്യർക്ക് ആഹാരം നിഷേധിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ പകർച്ചവ്യാധികൾ കാരണം 150 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടതെന്നും ചികിത്സാപിഴവുകളെക്കുറിച്ചുള്ള ഗുരുതരമായ പരാതികൾ വിവിധയിടങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷിഗല്ല പോലുള്ള രോഗങ്ങളുടെ വ്യാപനം മുൻപത്തേക്കാൾ പത്തിരട്ടിയായി വർധിച്ചിട്ടും ഡോക്ടർമാരുടെ നിയമനം നടത്തുന്നതിലോ ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിലോ ശ്രദ്ധിക്കാതെ സർക്കാർ ഇത്തരം ജനോപകാരപ്രദമായ തീരുമാനങ്ങൾ നിരോധിക്കുന്നതിന് മുൻഗണന നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ വൈരമല്ല, മറിച്ച് ജനക്ഷേമമാണ് ഒരു സർക്കാരിനെ നയിക്കേണ്ടതെന്ന് പിണറായി പറഞ്ഞു. വിശക്കുന്നവന് ആഹാരം നൽകുക എന്നത് അടിസ്ഥാനപരമായ മനുഷ്യത്വമാണ്. അത് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഒരു ജനാധിപത്യ സർക്കാരിന് ഉണ്ടാകണം. ജനോപകാരപ്രദമായ ഇത്തരം പ്രവർത്തനങ്ങൾ തടയാൻ കാണിക്കുന്ന തിടുക്കം സർക്കാരിന് ആരോടാണ് പ്രതിബദ്ധതയുള്ളതെന്ന ചോദ്യമാണ് ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 
 

Content Highlights: Pinarayi Vijayan condemns the ban on DYFI's food distribution program., Criticism of the government's focus on politics over public welfare., Highlighting the health crisis and rise in infectious diseases like Shigella., Accusation of government failure in hospital staffing and medicine supply.