ഗ്യാനേഷ് കുമാറും വി.ഡി. സതീശനും നടപ്പാക്കുന്നത് RSS അജൻഡ, പോലീസിന് എന്തുമാവാം- വിമർശനവുമായി പിണറായി

#ന്യൂസ് ഡെസ്ക്
കോഴിക്കോട് എ.കെ.ജി. ഓഡിറ്റോറിയത്തിൽ നടക്കുന്ന സി.പി.എം. വിപുലീകൃത ജില്ലാ കമ്മിറ്റി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് എ.കെ.ജി. ഓഡിറ്റോറിയത്തിൽ നടക്കുന്ന സി.പി.എം. വിപുലീകൃത ജില്ലാ കമ്മിറ്റി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: മറ്റു പാർട്ടികളെപ്പോലെ ബി.ജെ.പി. എന്നത് കേവലമായ ഒരു രാഷ്ട്രീയപ്പാർട്ടിയല്ലെന്നും ആർ.എസ്.എസ്. അജൻഡ നടപ്പാക്കുകയാണ് കേന്ദ്രഭരണത്തിലൂടെ അവർ ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ. സി.പി.എം. വിപുലീകൃത ജില്ലാകമ്മിറ്റിയോഗം കോഴിക്കോട് എ.കെ.ജി. ഹാളിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിന്റെ ഈ താത്പര്യങ്ങൾ സംരക്ഷിക്കുക എന്ന ദൗത്യമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്. ആർ.എസ്.എസിെന്റയും ബി.ജെ.പിയുടെയും ഒരു ദൗത്യം നിർവഹിക്കാനുള്ള കസേരയിൽ ഇരിക്കുന്നു എന്ന ബോധ്യത്തോടുകൂടിയാണ് അദ്ദേഹം കാര്യങ്ങൾചെയ്യുന്നത്.

ഇക്കാര്യത്തിലൊക്കെ ആർ.എസ്.എസിനും ബി.ജെ.പിക്കും കൃത്യമായ നിലപാടുണ്ട്. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നെല്ലാം പറഞ്ഞ് നേരത്തേ ആരംഭിച്ചതിന്റെ തുടർച്ചയാണിത്.

കേന്ദ്രത്തിലുണ്ടായ ഇത്തരം സംഭവങ്ങളിൽ ഗവൺമെന്റിനുനേരേ സമരവുമായി വന്ന പാർട്ടിയാണ് കോൺഗ്രസ്. ആ കോൺഗ്രസിന്റെ നേതാവാണ് കേരളത്തിൽ മുഖ്യമന്ത്രിയായിരിക്കുന്നത്. അദ്ദേഹം ആർ.എസ്.എസിന്റെ അതേ അജൻഡയാണ് ഇവിടെ നടപ്പാക്കുന്നത്. ഓരോ കാര്യത്തിലും ബി.ജെ.പിയോട് താദാത്മ്യം പ്രാപിച്ച് പോവുകയാണ്.

അതോടൊപ്പം വിദ്യാർഥികളുടെ നേരേ, ബഹുജനങ്ങളുടെ നേരേ നടത്തുന്ന ആക്രമണങ്ങൾ. തിരുവനന്തപുരത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കു നേരേ സ്വീകരിച്ച സമീപനം. എന്തുമാകാം എന്ന നിലപാടിലേക്ക് പോലീസ് എത്തി.

ഒരു എസ്.ഐ. ആഭ്യന്തരമന്ത്രിയെവരെ പരാമർശിച്ച് പരസ്യമായി പോസ്റ്റ് ഇടുകയാണ്. ഞങ്ങൾ ഗവർണറുമായി തർക്കത്തിനില്ല എന്നാണു പറയുന്നത്. തർക്കിക്കേണ്ട കാര്യങ്ങളിൽ തർക്കിക്കേണ്ടേ. പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ടിടത്ത് അങ്ങനെ വേണ്ടേ. തീർത്തും തെറ്റായരീതിയിൽ ആർ.എസ്.എസ്. അജൻഡ പരസ്യമായി നടപ്പാക്കുമ്പോൾ ഞങ്ങൾ അതിനോടൊപ്പമില്ല എന്നെങ്കിലും പറയേണ്ടേ. അതിനെ ചോദ്യംചെയ്യേണ്ടേ. എന്തൊരു വിധേയത്വമാണിതെന്നും പിണറായി ചോദിച്ചു.

രാവിലെ മുതിർന്ന സി.പി.എം. നേതാവ് സി. ഭാസ്കരൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.പി. മുസാഫർ അഹമ്മദ് സ്വാഗതംപറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എം. ഗിരീഷ് രക്തസാക്ഷിപ്രമേയവും കെ.കെ. ദിനേശൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു.

ജില്ലാസെക്രട്ടറി എം. മെഹബൂബ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയും തുടർന്ന് പൊതുചർച്ചയും നടന്നു. പൊതുചർച്ച ബുധനാഴ്ചയും തുടരും. ഉച്ചയ്ക്കുശേഷം മേൽക്കമ്മിറ്റി അംഗങ്ങൾ മറുപടി പറയും. വിശാല സംസ്ഥാനസമിതി യോഗത്തിന്റെ ഭാഗമായി റാലി നടന്നതിനാൽ കോഴിക്കോട്ട് സമാപനറാലി ഉണ്ടാവില്ല.

Content Highlights: Pinarayi Vijayan stated BJP is not just a political party but executing an RSS agenda., Criticized Chief Election Commissioner Gyanesh Kumar for serving central interests.