‘പതിന്നാലാമത്തെ കുട്ടിയാണ് ഞാൻ, 11 പേരും മരിച്ചു; രാമായണ വായന, സംന്യാസ ആശയങ്ങൾ’ പിണറായി പറയുന്നു

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ ഒരു നാട്ടിൻപുറത്ത് ജനിച്ച് വളർന്ന തന്റെ കുട്ടിക്കാലത്തെക്കുറിച്ചും കുടുംബ പശ്ചാത്തലത്തെക്കുറിച്ചും മനസ്സ് തുറന്ന് മുഖ്യമന്ത്രി. തന്റെ അമ്മ പ്രസവിച്ച പതിനാലാമത്തെ കുട്ടിയാണ് താനെന്ന് അദ്ദേഹം വെളിപ്പെടുത്തി. പതിനാല് മക്കൾ ജനിച്ചെങ്കിലും തനിക്ക് മുൻപ് ജനിച്ചവരിൽ 11 പേരും ചെറിയ പ്രായത്തിൽ തന്നെ മരണപ്പെടുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. തനിക്കും രണ്ട് മൂത്ത സഹോദരങ്ങൾക്കും മാത്രമാണ് ജീവിതത്തിലേക്ക് കടന്നുവരാൻ സാധിച്ചത്. ആകെ മൂന്ന് സഹോദരങ്ങൾ മാത്രമാണ് തങ്ങൾ ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മോഹൻലാലുമായുള്ള അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

കുട്ടിക്കാലത്തെ തന്റെ പഠനത്തിൽ ജ്യോതിഷന്റെ ഇടപെടലുണ്ടായതിനെപ്പറ്റിയും രസകരമായി പിണറായി വിജയൻ അവതരിപ്പിച്ചു. തന്റെ ജാതകം നോക്കിയിട്ട് എവിടെ വരെ തോൽക്കുന്നോ അവിടെ വരെ പഠിപ്പിക്കാം എന്നാണ് അമ്മയോട് ജാതകം നോക്കിയ ആൾ പറഞ്ഞത്. അങ്ങനെയാണ് പഠനം തുടരുന്ന സാഹചര്യമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ന് ചെറുപ്പകാലത്ത് കായിക വിനോദങ്ങളിലേർപ്പെട്ടിരുന്നു. അന്ന് ഏറെ ഇഷ്ടം ഫുട്‌ബോളിനോടായിരുന്നു. പിന്നീട് ഇഷ്ടം മറ്റ് കുട്ടികളേപ്പോലെ ക്രിക്കറ്റിലേക്ക് മാറി. തന്റെ കൂടെ കളിച്ചുനടന്നവരിൽ ചിലർ സംസ്ഥാന തലത്തിൽ വരെ എത്തിയിരുന്നുവെന്നും മുഖ്യമന്ത്രി ഓർമിച്ചു. തന്റെ പഴയകാല സുഹൃത്തുക്കൾ ഇപ്പോഴും സുഹൃത്തുക്കളായി നിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്രയും കാലത്തിനിടയ്ക്ക് തന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എന്താണോ ഉള്ളത് അതുകൊണ്ട് ജീവിക്കാൻ പഠിച്ച ആളാണെന്നും സാഹചര്യങ്ങളിൽ സംതൃപ്തനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം ചെറുപ്പത്തിന്റെ സ്വാധീനമാണ്. അമ്മ തനിക്ക് തച്ചോളി പാട്ടുകൾ പാടിത്തരുമായിരുന്നു. പിന്നീട് രാമായണവും മറ്റും വായിച്ച് അമ്മയെ കേൾപ്പിക്കുമായിരുന്നു. വായനകളിലൂടെ തന്നിലേക്കെത്തിയ ആശയങ്ങൾ തന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. ഒരു സന്യാസ ജീവിതത്തിന്റെ ചില ആശയങ്ങൾ ചിലപ്പോൾ മനസിൽ ഉണ്ടാകാനിടയുണ്ട്. അതുകൊണ്ടാണ് മറ്റ് മോഹങ്ങൾ ഉണ്ടാകാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടിക്കാലത്തെ കഥാപ്രസംഗം അവതരിപ്പിച്ചിരുന്നതും ജാലവിദ്യ കാണിച്ചതുമൊക്കെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പക്ഷെ എന്തെങ്കിലും എഴുതണമെന്ന ആഗ്രഹം ഇതുവരെ തോന്നിയിട്ടില്ല. തന്നെ ഏറ്റവും സ്വാധീനിച്ച കൃതികൾ അന്നാ കരീനയും വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ, തകഴിയുടെ കയർ തുടങ്ങിയവയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

കടുപ്പക്കാരനാണെന്ന ഇമേജ് ബ്രാൻഡ് ചെയ്യപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോൾ സാധാരണക്കാരിൽ നിന്ന് വ്യത്യസ്തനാണ് എന്ന് തോന്നിപ്പിക്കാൻ മറ്റുള്ളവർ ശ്രമിക്കാറുണ്ട്. ക്ഷോഭിച്ച തരത്തിലുള്ള ചിത്രങ്ങൾ മാത്രമേ ഇവർ പ്രചരിപ്പിക്കാറുള്ളു. എന്നാൽ ഇതൊന്നും തന്നെ സ്വാധീനിക്കാറില്ല. ഇന്നുവരെ അക്കാര്യത്തിൽ ആരെയും വിളിച്ച് തിരുത്താനോ സ്വാധീനിക്കാനോ താൻ തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറയുന്നു. ഇന്നത്തെ കാലത്തെ കുട്ടികൾ ആധുനിക ലോകത്തെ ചതിക്കുഴികളെ ബോധവാന്മാരായിരിക്കണം എന്നാണ് തനിക്ക് ഉപദേശിക്കാനുള്ളത്. രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടാതെ കാര്യങ്ങൾ ചെയ്യാതിരിക്കുകയാണ് പ്രധാനം.

Content Highlights: CM Pinarayi Vijayan reveals he was the 14th child in his family, with only three surviving infancy., Discusses his childhood interests in sports like football, magic, and Kathaprasangam., Addresses his public image as a 'stern' person, calling it a manufactured brand., Shares insights into the books (Anna Karenina, Les Misérables) and values that shaped his life.