സി.എം.ആർ.എൽ.-എക്സാലോജിക് കേസ്: പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

#ന്യൂസ് ഡെസ്ക്
പിണറായി വിജയൻ | ചിത്രം: മാതൃഭൂമി
പിണറായി വിജയൻ | ചിത്രം: മാതൃഭൂമി

കൊച്ചി: സി.എം.ആർ.­എൽ.-എക്സാലോജിക് പണം ഇടപാട് കേസിൽ പിണറായി വിജയൻ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ പിണറായി വിജയൻ, മകൾ ടി. വീണ, മരുമകൻ പി.എ. മുഹമ്മദ് റിയാസ്, പി. നിഖിൽ. കെ. വാരിസ്, ഷൈജൽ, എം. നന്ദുലാൽ എന്നിവരാണ് അപ്പീൽ നൽകിയത്.

സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അപ്പീൽ അടിയന്തരമായി കേൾക്കണമെന്ന് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും അഭിഭാഷകർ വെള്ളിയാഴ്ച രാവിലെ ജസ്റ്റിസ് സതീഷ് നൈനാൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിനുമുന്നിൽ ആവശ്യപ്പെട്ടു. അപ്പീൽ പരിഗണിക്കേണ്ട ജസ്റ്റിസ് കെ. നടരാജൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിലവിൽ അവധിയിലായതിനാലും തിങ്കളാഴ്ച മാത്രമേ ലഭ്യമാകൂ എന്നതിനാലുമാണ് ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. സാധാരണ റോസ്റ്റർ പ്രകാരം ജസ്റ്റിസ് കെ. നടരാജന്റെ ബെഞ്ചുതന്നെ കേസ് പരിഗണിക്കട്ടെയെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പിണറായി വിജയന് സുപ്രീം കോടതി പത്തുദിവസത്തെ സമയം അനുവദിക്കുകയും അതുവരെ വിജിലൻസ് അന്വേഷണം തടയുകയും ചെയ്തിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, അപ്പീൽ വീണ്ടും പരിഗണിക്കാൻ നിർദേശിക്കുകയായിരുന്നു.

രജിസ്ട്രി വഴി സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിൽ എത്തുന്നതിലെ കാലതാമസം ഒഴിവാക്കാൻ, പത്തുദിവസത്തെ സ്റ്റേ മാത്രമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി, സുപ്രീം കോടതി ഉത്തരവടക്കം ചേർത്ത് പിണറായി വിജയൻ നേരിട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. തിങ്കളാഴ്ച പിണറായി വിജയന് വേണ്ടി സുപ്രീം കോടതിയിൽനിന്നുള്ള മുതിർന്ന അഭിഭാഷകർ ഹൈക്കോടതിയിൽ ഹാജരാകും.

മുമ്പ് പിണറായി വിജയന്റെ അപ്പീൽ കേൾക്കാനുള്ള അപേക്ഷ തള്ളിയ ജസ്റ്റിസ് കെ. നടരാജനും ജസ്റ്റിസ് ജോൺസൺ ജോണും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചുതന്നെയാണ് തിങ്കളാഴ്ച ഈ അപ്പീൽ വീണ്ടും പരിഗണിക്കുന്നത്. ഈ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യംചെയ്താണ് പിണറായി വിജയൻ സുപ്രീം കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയതും.

അതേസമയം, ചോദ്യംചെയ്യലിനായി ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരാകില്ലെന്ന് പിണറായി വിജയൻ കത്തുമുഖേന അറിയിച്ചു. വിജിലൻസ് കേസിൽ അന്വേഷണം സുപ്രീംകോടതി സ്‌റ്റേ ചെയ്തതും കത്തിലുണ്ട്.

Content Highlights: The Kerala High Court is set to hear Pinarayi Vijayan's appeal on Monday, as he skips today's Enforcement Directorate appearance following a Supreme Court stay.