ജനങ്ങൾക്കായി പ്രവർത്തിച്ച ഉദ്യോഗസ്ഥൻ, അനുകരിക്കാൻ ശ്രമിച്ച വ്യക്തിത്വം- PH കുര്യനെക്കുറിച്ച് വി വേണു

തിരുവനന്തപുരം: ജനങ്ങൾക്കായി പ്രവർത്തിച്ച ഉദ്യോഗസ്ഥനായിരുന്നു പി.എച്ച്. കുര്യനെന്ന് മുൻ ചീഫ് സെക്രട്ടറി വി. വേണു ഐഎഎസ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമസംവിധാനം എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലായിരുന്നു അദ്ദേഹത്തിൻ്റെ ശ്രദ്ധയെന്നും സഹപ്രവർത്തകനായിരുന്ന വേണു മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. താൻ സർവീസിൽ ഏറ്റവും കൂടുതൽ അനുകരിക്കാൻ ശ്രമിച്ചിട്ടുള്ള ഉദ്യോഗസ്ഥനായിരുന്നു കുര്യനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞാൻ സർവീസിൽ ഏറ്റവും കൂടുതൽ അനുകരിക്കാൻ ശ്രമിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് കുര്യൻ സാർ. കാരണം അദ്ദേഹം ഒരു ഉദ്യോഗസ്ഥനപ്പുറം നമ്മുടെ നാടിന്റെ ഓരോ വിഷയത്തെക്കുറിച്ചും എപ്പോഴും ചിന്തിക്കുകയും ചർച്ച ചെയ്യുകയും ആകുലപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തി കൂടിയായിരുന്നു.
ഒരു ഉദ്യോഗസ്ഥന്റെ കടമ ഫയലുകളിലോ നിയമങ്ങളിലോ അല്ലെന്നും മറിച്ച് അത് ഇവിടുത്തെ പൗരന്മാരുടെ ക്ഷേമമാണെന്നും അദ്ദേഹം ചെയ്യുന്ന കാര്യങ്ങളിലൂടെ ഞാൻ പഠിച്ചു. അതുകൊണ്ട് അദ്ദേഹത്തിൻ്റെ ആ രീതി പിന്തുടരാൻ ശ്രമിച്ചിരുന്നു. മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ ആവശ്യങ്ങൾക്ക് മറുപടി നൽകാനും നിയമങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തണം എന്നത് ഉദ്യോഗസ്ഥന്റെ കാഴ്ചപ്പാടിനെയും അർപ്പണബോധത്തെയും ആശ്രയിച്ചിരിക്കുന്നു. നിയമം ജനങ്ങൾക്ക് പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയുമെങ്കിൽ, ഉദ്യോഗസ്ഥൻ അത് അങ്ങനെ തന്നെ ഉപയോഗിക്കണം. നിയമത്തിലെ നൂലാമാലകളും സാങ്കേതിക വശങ്ങളും മാത്രം പരിശോധിച്ച് ഒരു കാര്യം നടപ്പാക്കാൻ കഴിയില്ലെന്ന് പറയുന്നതല്ല ഉദ്യോഗസ്ഥന്റെ ജോലി.
റവന്യൂ ഡിപ്പാർട്ട്മെന്റിലും ദുരന്ത നിവാരണത്തിലും അദ്ദേഹത്തിന്റെ തൊട്ടുപുറകെ വന്നയാളാണ് ഞാൻ. 2018ലെ പ്രളയകാലത്ത്, ആദ്യം മുതൽ അവസാനം വരെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചു. റവന്യൂ വകുപ്പിലെ പല കാര്യങ്ങളിലും തീരുമാനമെടുക്കാൻ എനിക്ക് ധൈര്യം ലഭിച്ചത് കുര്യൻ സാറിന്റെ പ്രവർത്തനങ്ങൾ അടുത്തുനിന്ന് കണ്ടും പഠിച്ചതിനാലാണ്.
ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാവരും അതിലെ പ്രധാന കണ്ണികളാണെന്ന ബോധ്യത്തോടെ പ്രവർത്തിച്ചുവെന്നതാണ് ദുരന്തനിവാരണ രംഗത്ത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. ഏകപക്ഷീയമായി ഉദ്യോഗസ്ഥതലത്തിൽ മാത്രം തീരുമാനമെടുക്കുന്ന സമീപനമായിരുന്നില്ല അദ്ദേഹത്തിന്റേത്.
എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരാനും അവരുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും കഴിയുന്ന മികച്ച കോർഡിനേറ്ററുടെ ചുമതല അദ്ദേഹം ഭംഗിയായി നിർവഹിച്ചു. നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്നും നമ്മുടെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യങ്ങൾ ഏതൊക്കെയാണെന്നും അദ്ദേഹത്തിന് വ്യക്തമായി മനസ്സിലായിരുന്നു.
ഒരു കാര്യം സാധ്യമല്ലെന്ന് പറഞ്ഞ് മാറിനിൽക്കുകയോ, അത് നിയമത്തിലോ ചട്ടങ്ങളിലോ വ്യക്തമാക്കിയിട്ടില്ലെന്ന് പറഞ്ഞ് ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയോ അദ്ദേഹം ചെയ്തിരുന്നില്ല. പകരം, പ്രശ്നത്തിന് ഏത് രീതിയിൽ പരിഹാരം കണ്ടെത്താമെന്ന് പരിശോധിച്ച് അതനുസരിച്ച് മുന്നോട്ടുപോകാൻ അദ്ദേഹം ശ്രമിച്ചു. വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർക്കും അത്തരമൊരു സമീപനത്തോടെ പ്രവർത്തിക്കാനുള്ള ആത്മവിശ്വാസം പകർന്നുനൽകിയ അദ്ദേഹത്തിന്റെ ഇടപെടലുകൾ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്', വേണു പറഞ്ഞു.
അർബുദ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെവെയാണ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന പി.എച്ച്.കുര്യൻ അന്തരിച്ചത്. 1986 കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. റവന്യൂ, വ്യവസായ, ഐടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ഒഡീഷയിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച ജന്മനാടായ കോട്ടയം പാമ്പാടിയിൽ നടക്കും.
Content Highlights: Former Chief Secretary V Venu pays tribute to late IAS officer P.H. Kurian., Highlights Kurian's dedication to public welfare and disaster management, including the 2018 floods., Mentions P.H. Kurian's career, service as Additional Chief Secretary, and upcoming funeral in Kottayam.