കൊച്ചിയിലേക്ക് ഇന്ന് പൂച്ചക്കുട്ടി പറന്നെത്തും; യാത്ര ബ്രസല്‍സില്‍ നിന്ന് ദോഹ വഴി

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം വഴി വിദേശത്തുനിന്നുള്ള ഓമനമൃഗം വ്യാഴാഴ്ച്ച കൊച്ചിയിലെത്തും. വിദേശത്തേക്ക് മൃഗങ്ങളെ അയക്കുന്നതിനും അവിടെ നിന്ന് കൊണ്ടുവരുന്നതിനും അനുമതി നല്കുന്ന അനിമല്‍ ക്വാറന്റൈന് ആന്‍ഡ് സര്ട്ടിഫിക്കേഷന് സേവനം (എ.ക്യു.സി.എസ്.) കൊച്ചിയില്‍ ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു ഓമനമൃഗം വിദേശത്തുനിന്ന് കൊച്ചിയിലെത്തുന്നത്.
രാവിലെ 10.30-ന് എയര്‍ഇന്ത്യ വിമാനത്തില്‍ ബെല്‍ജിയത്തിലെ ബ്രസല്‍സില്‍നിന്ന് ദോഹ വഴിയാണ് തൃശ്ശൂര്‍ സ്വദേശി രാമചന്ദ്രന് നായരുടെ പൂച്ചക്കുട്ടി എത്തുന്നത്.
കൊച്ചി വിമാനത്താവളത്തില്‍ അനിമല്‍ ക്വാറന്റൈന് സേവനം ആരംഭിക്കണമെന്നത് ഏറെ നാളത്തെ ആവശ്യമായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10-നാണ് അനുമതി ലഭിച്ചത്. നേരത്തേ ഓമന മൃഗങ്ങളെ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്.
മൃഗങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കുമായി കൊച്ചി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എ.സി. പെറ്റ് സ്റ്റേഷന്, പ്രത്യേക കാര്‍ഗോ വിഭാഗം, വെറ്ററിനറി ഡോക്ടര്‍ ഓണ്‍ കോള്‍ തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്ന ഓമനകളെ എ.ക്യു.സി.എസ്. വിഭാഗം പരിശോധന നടത്തി അസുഖങ്ങളൊന്നുമില്ലെന്ന് ബോധ്യപ്പെട്ടാല്‍ ഉടമയ്ക്ക് വിട്ടുനല്‍കും. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ 15 ദിവസത്തേക്ക് ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റും.
Content Highlights: pets can be brought through cochin international airport