പെരിയ ഇരട്ടക്കൊലക്കേസ്; സിബിഐ കോടതി വെറുതെവിട്ടയാളെ അറസ്റ്റുചെയ്ത് ഹൈക്കോടതിയിൽ ഹാജരാക്കി

കാഞ്ഞങ്ങാട്: യൂത്തുകോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ല്യോട്ടെ ശരത്ലാലിനേയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ.കോടതി വെറുതെവിട്ടയാളെ ഹൈക്കോടതി നിർദേശപ്രകാരം അറസ്റ്റുചെയ്തു. പുല്ലൂർ-പെരിയ ഗ്രാമപ്പഞ്ചായത്തിലെ തന്നിത്തോട് സ്വദേശിയായ മുരളി തന്നിത്തോടിനെയാണ് ബേക്കൽപ്പോലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്തത്. ഇരകളുടെ കുടുംബം നൽകിയ അപ്പീലിന്മേൽ ഹൈക്കോടതി നോട്ടീസയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ്.
സി.ബി.ഐ. കുറ്റപത്രത്തിലെ ഒൻപതാം പ്രതിയാണ് മുരളി തന്നിത്തോട്. 24 പേരായിരുന്നു സി.ബി.ഐ.യുടെ കുറ്റപത്രത്തിൽ പ്രതികളായി ഉണ്ടായിരുന്നത്. ഇതിൽ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെ പത്തു പേരെ ഇരട്ട ജീവപര്യന്തത്തിനും മുൻ എം.എൽ.എ. കെ.വി.കുഞ്ഞിരാമനടക്കം നാലു പേരെ അഞ്ചു വർഷത്തേക്കുമായിരുന്നു എറണാകുളം സി.ബി.ഐ. കോടതി ശിക്ഷിച്ചത്. ബാക്കി പത്തു പേരെയും വെറുതെ വിട്ടിരുന്നു. ഇവരെ വെറുതെ വിട്ടതിനെതിരെയാണ് ശരത്ലാലിന്റെ അച്ഛൻ സത്യനാരായണനും കൃപേഷിന്റെ അച്ഛൻ പി.വി.കൃഷ്ണനും ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടതിനു പിന്നാലെ പീതാംബരനുൾപ്പെടെയുള്ള നാലു പ്രതികളെ സംഭവ സ്ഥലത്ത് നിന്ന് വെളുത്തോളി ഗ്രാമത്തിലേക്ക് കാറിലെത്തിച്ചത് മുരളി തന്നിത്തോടാണെന്നായിരുന്നു സി.ബി.ഐ. കുറ്റപത്രത്തിലുണ്ടായിരുന്നത്. സി.ബി.ഐ. കോടതി വെറുതെ വിട്ട പത്തു പേരിൽ മുരളി തന്നിത്തോട്(44), പ്രദീപ് എന്ന കുട്ടൻ(40),ശാസ്താ മധു(47),റെജി വർഗീസ്(49),എ.ഹരിപ്രസാദ്(36),പി.രാജേഷ്(44) എന്നിവരോടാണ് ഹൈക്കോടതി സിങ്കിൾ ബെഞ്ചാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. മറ്റു അഞ്ചുപേർക്കും വേണ്ടി കഴിഞ്ഞ ദിവസം അഭിഭാഷകൻ ഹാജരായിരുന്നു.
അഭിഭാഷകൻ ഹാജരാകുകയോ നേരിട്ട് കോടതിയിലെത്താതിരിക്കുകയോ ചെയ്തതിനെ തുടർന്നാണ് മുരളിയ്ക്കെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്. കേസ് 2027 ജനുവരി നാലിന് പരിഗണിക്കാൻ മാറ്റി. കുറ്റക്കാരായി വിധിച്ച പ്രതികൾക്ക് ശിക്ഷ പോര എന്ന് പറഞ്ഞ് സി.ബി.ഐ.യുടെ അപ്പീലും ഹൈക്കോടതിയിലുണ്ട്. ഇതും ജനുവരി നാലിന് പരിഗണിക്കും. അതിനിടെ തുടർ അന്വേഷണം വേണമെന്ന ആവശ്യവും കുടുംബം ഉന്നയിച്ചിട്ടുണ്ട്.
Content Highlights: Murali Thannithodu, the 9th accused in the Periya double murder case, was arrested by Bekal police., The arrest followed a Kerala High Court notice after he failed to appear following an appeal by the victims' families., The CBI court had earlier acquitted 10 accused, leading to an appeal in the High Court by the parents of Sharathlal and Kripesh., The case has been posted for further hearing on January 4, 2027.