പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ: പ്രതിഷേധ മാർച്ചുമായി യൂത്ത്കോൺഗ്രസ്, ജലപീരങ്കി

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ നൽകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി മാർച്ച് ഉദ്ഘാടനം ചെയ്തു. കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും കല്ല്യോട്ടെ സ്മൃതി കൂടീരത്തിൽ നിന്നു തുടങ്ങിയ പ്രകടനം കല്ല്യോട്ട് കവലയിൽ വച്ചായിരുന്നു പോലീസ് തടഞ്ഞത്. ബേക്കൽ ഡിവൈഎസ്പി വി.വി. മനോജിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹമായിരുന്നു ബാരിക്കേഡുമായി നിലയുറപ്പിച്ചിരുന്നത്.
പ്രതിഷേധ ജ്വാല എന്ന പേരിൽ സ്മൃതി കുടീരത്തിൽ നിന്നു ഏതാനും കിലോമീറ്റർ അകലെയുള്ള ഏച്ചിലടുക്കം വരെ മാർച്ച് നടത്താനായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ഇതിനു പോലീസ് അനുമതി നൽകിയിരുന്നില്ല. അനുമതിയില്ലെങ്കിലും മാർച്ച് നടത്തുമെന്ന് പറഞ്ഞാണ് പ്രവർത്തകർ കല്ല്യോട്ട് സംഘടിച്ചത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിനെയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പത്തു പ്രതികളിൽ രണ്ടു പേർക്കാണ് സർക്കാർ പരോൾ അനുവദിച്ചിരുന്നത്. നാലാം പ്രതി കെ.അനിൽകുമാർ, എട്ടാം പ്രതി സുബീഷ് വെളുത്തോളി എന്നിവർ പുറത്തിറങ്ങുകയും ചെയ്തു. സുബീഷിന് 20 ദിവസത്തേക്കും അനിൽകുമാറിന് ഒരു മാസത്തേക്കുമാണ് പരോൾ. ഇരുവർക്കും ബേക്കൽ പോലീസ് പരിധിയിൽ പ്രവേശിക്കാൻ അനുമതിയില്ലെന്ന വ്യവസ്ഥയുമുണ്ടായിരുന്നു.
ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ നൽകുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ബേക്കൽ പോലീസ് നേരത്തെ അഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. പ്രതികളുടെ പരോൾ അപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് സർക്കാരിന്റെ ആനുകൂല്യമുണ്ടായത്.
Content Highlights: Youth Congress protest against parole granted to convicts in Periya double murder case