പെരിയാറിൽ മത്സ്യങ്ങള്‍ ചത്തസംഭവം: സബ് കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി- മന്ത്രി രാജീവ്

യോഗത്തില്‍നിന്ന്
യോഗത്തില്‍നിന്ന്

കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. സബ് കളക്ടറോട് ശനിയാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചുണ്ടെന്നും മന്ത്രി അറിയിച്ചു.

മത്സ്യങ്ങള്‍ കൂട്ടത്തോടെ നശിക്കാനിടയായ സാഹചര്യം എന്തെന്ന് ലാബ് റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂ. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടര്‍ അതോറിറ്റി, ഫിഷറീസ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെട്ടതാണ് കമ്മിറ്റി.  കൂടാതെ ഫിഷറീസ് യുണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പരിശോധിക്കും. 

പെരിയാറില്‍ സംഭവിച്ചത് ഗൗരവമേറിയ കാര്യമാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഹ്രസ്വ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും. പാതാളം റെഗുലേറ്റര്‍ ഷട്ടര്‍ തുറന്നപ്പോഴാണ് ഇത് സംഭവിച്ചത്. എല്ലാ വശങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സബ് കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. സബ് കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ഉന്നതലതല സമിതി അന്വേഷിക്കും. ആരെങ്കിലും കുറ്റംചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

കൂടുകൃഷി ചെയ്ത മത്സ്യക്കര്‍ഷകര്‍ക്ക് ഉണ്ടായ നഷ്ടം സംബന്ധിച്ച് ഫിഷറീസ് വകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍തലത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കും. മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള ദീര്‍ഘകാല നടപടി സ്വീകരിക്കും. ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ പഠനത്തിന്റെകൂടി അടിസ്ഥാനത്തിലാകും ഇത്.
 
ഇനിമുതല്‍ പാതാളം റഗുലേറ്റര്‍ തുറക്കുന്നതിന് പ്രോട്ടോക്കോള്‍ തയ്യാറാക്കാന്‍ ഇറിഗേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, ഏലൂര്‍ മുന്‍സിപ്പാലിറ്റി എന്നിവ ഉള്‍പ്പെട്ട സമിതി രൂപവത്കരിക്കാനും തീരുമാനിച്ചു. ഏലൂര്‍ ഭാഗത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതല ഉന്നതതല ഉദ്യോഗസ്ഥന് നല്‍കാന്‍ നിര്‍ദേശിച്ചു. 

ഈ മേഖലയില്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നതു പരിഹരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടിയന്തരമായി നടപടി സ്വീകരിക്കണം. ജൂലൈ 31-നകം എല്ലാ കമ്പനികളിലും ബയോ ഫില്‍ട്ടര്‍ സ്ഥാപിക്കണം. വ്യവസായ വകുപ്പും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ നിര്‍ദേശം നടപ്പിലാക്കുന്നതിന് ഉന്നതതല യോഗം ചേരും. 

പെരിയാര്‍ സംരക്ഷിക്കാന്‍ ശാശ്വതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഇതിനായി തിരുവനന്തപുരത്ത് ഉന്നതതല യോഗംചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. തുടര്‍ന്ന് പെരിയാര്‍ പരിധിയില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ആക്ഷന്‍ പ്ലാന്‍ ചര്‍ച്ചചെയ്തു നടപ്പിലാക്കും.  

പാതാളം റെഗുലേറ്ററിന്റെ മുകള്‍ഭാഗത്ത് പുഴയുടെ വലത് കരയില്‍ 1.2 കിലോമീറ്ററില്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഡയഫ്രം വാള്‍ സ്ഥാപിക്കും. ഇതോടൊപ്പം നിരീക്ഷണ പാതയും ഉണ്ടാകും. ഇവിടെ ഒരു മാസത്തിനകം റവന്യൂ വകുപ്പ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. 

കളമശ്ശേരി ടി.സി.സി ഗസ്റ്റ് ഹൗസില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ കെ. മീര, എലൂര്‍ നഗരസഭാ ചെയര്‍മാന്‍ എ.ഡി സുജില്‍, ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്സന്‍ എസ്. ശ്രീകല, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: periayar fish death will take action on the basis of sub collector report says minister p rajeeve