കാർ കത്തി ഗർഭിണിയുടെ മരണം: സോന സന്തോഷവതിയായിരുന്നെന്ന് ഭർതൃപിതാവ്; ഭർത്താവിന് പങ്കില്ലെന്ന് നിഗമനം

#ന്യൂസ് ഡെസ്ക്
തീപിടിച്ച കാര്‍, ഇന്‍സൈറ്റില്‍ മരിച്ച സോന
തീപിടിച്ച കാര്‍, ഇന്‍സൈറ്റില്‍ മരിച്ച സോന

പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ കാർകത്തി ഗർഭിണിമരിച്ച സംഭവത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയതിൽ ഭർത്താവ് രജിൻലാലിനു പങ്കില്ലെന്ന് പോലീസ് നിഗമനം. പേരാമ്പ്രയിലെ പെട്രോൾ പമ്പിൽനിന്ന് കാനിൽ സോന പെട്രോൾവാങ്ങുന്ന സി.സി.ടി.വി. ദൃശ്യം കഴിഞ്ഞദിവസം പോലീസിനു ലഭിച്ചിരുന്നു. ഇതു ബാഗിലാക്കി കാറിലെത്തിച്ചെന്നാണ് കരുതുന്നത്. കാൻ പാടെ കത്തിപ്പോയെങ്കിലും ഇതിന്റെ മൂടി കാറിൽനിന്ന് ലഭിച്ചിരുന്നു.

ഇതിന്റെ തുടർച്ചയായ അന്വേഷണത്തിലാണ് ഇത്തരമൊരു നിഗമനത്തിൽ പോലീസ് എത്തിയത്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

15-ന് രാത്രിയാണ് വീട്ടിലേക്കുള്ള യാത്രക്കിടെ കാറിനു തീപിടിച്ചത്‌. സംഭവത്തിൽ കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാലിന്റെ ഭാര്യ സോന (27) തീപ്പൊള്ളലേറ്റു മരിച്ചു. ഭർത്താവ് രജിൻലാൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തീപ്പിടിത്തത്തിൽ രജിൻലാലിരുന്ന ഡ്രൈവർ സീറ്റും പാടെ കത്തിയമർന്നിരുന്നു. രജിൻലാലിന്റെ പിൻഭാഗത്താണ് കൂടുതൽ പൊള്ളലേറ്റത്. ഇതും പിന്നിൽനിന്നാണ് തീപടർന്നതെന്ന നിഗമനത്തിലേക്ക് പോലീസിനെ നയിച്ച ഘടകമാണ്.

സംഭവം നടന്നദിവസം സോന ഉച്ചയോടെ ഭർത്താവിനൊപ്പം വാല്യക്കോട്ടെ ഇളയമ്മയുടെ വീട്ടിൽ എത്തിയിരുന്നു. സോനയെ അവിടെ ഇറക്കി ഭർത്താവ് തിരികെപ്പോവുകയും ചെയ്തു. ഇളയമ്മയുടെ മകൾക്കൊപ്പം സോന പേരാമ്പ്ര ടൗണിൽ വരുകയും സാധനങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. ഈ സമയത്താണ് തനിയെ പെട്രോൾ പമ്പിൽപ്പോയി രാത്രി 7.25-ഓടെ പെട്രോൾ വാങ്ങിയത്. രാത്രി ഭർത്താവിനൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു തീപ്പിടിത്തം ഉണ്ടായത്.

സോന കഴിഞ്ഞത് സന്തോഷത്തോടെ; ആരോപണങ്ങളെല്ലാം തെറ്റെന്ന് ഭർത്തൃപിതാവ്

പേരാമ്പ്ര: ചെറുവണ്ണൂരിൽ കാർ കത്തി മരിച്ച സോന ഭർത്തൃവീട്ടിൽ കഴിഞ്ഞത് സന്തോഷത്തോടെയാണെന്നും മകനും മരുമകളും തമ്മിൽ ഒരു പ്രശ്‌നവുമില്ലായിരുന്നുവെന്നും ഭർത്തൃപിതാവ് കക്കറമുക്ക് പൂവത്തുംചാലിൽ രാജൻ ‘മാതൃഭൂമി’യോടു പറഞ്ഞു.

“ദുരന്തം ഞെട്ടലോടെയാണ് കേട്ടത്. എന്റെ മകളെപ്പോലെ കണ്ട കുട്ടിയാണ് സോന. സോനയുടെ വീട്ടുകാർ പറഞ്ഞ ആരോപണങ്ങളെല്ലാം തെറ്റാണ്.....”-അദ്ദേഹം പറയുന്നു. “ഈ വീട്ടിൽ ഒരു ബുദ്ധിമുട്ടും സോന നേരിട്ടിട്ടില്ല. പെട്രോൾ പമ്പിൽനിന്ന് സോന പെട്രോൾവാങ്ങുന്ന സി.സി.ടി.വി. ദൃശ്യം പുറത്തുവന്നതോടെ എന്റെ മകൻ ഇക്കാര്യത്തിൽ കുറ്റവാളിയല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. വീട്ടിൽ നിന്നായിരുന്നു ഇതു ചെയ്തതെങ്കിൽ വലിയ അപകടമായി മാറിയേനെ. പ്രായമായവർ ഉൾപ്പെടെ താമസിക്കുന്ന വീടാണിത്. ദുരന്തത്തിന്റെ വേദനയിലും ആ ഒരു ആശ്വാസത്തിൽ മാത്രമാണ് ഞങ്ങളിപ്പോൾ. സോനയുടെ മരണത്തിൽ വലിയ ദുഃഖത്തിൽ കഴിയുമ്പോഴാണ് പെട്രോൾ വാങ്ങിയത് സോനയാണെന്ന ഞെട്ടിക്കുന്ന കാര്യം കേൾക്കുന്നത്. സംഭവദിവസം രാവിലെ വീട്ടിൽനിന്നു കൊണ്ടുപോയ ബാഗിലാണ് പെട്രോൾ വാങ്ങിയതെന്നാണ് ദൃശ്യത്തിലുള്ളത്. ഇതെന്തിനാണ് ഈ വലിയ ബാഗെന്ന് വീട്ടുകാർതന്നെ ചോദിച്ചിരുന്നു. രാവിലെ തിരുവള്ളൂരിലെ ക്ലിനിക്കിൽ സോനയും രജിൻലാലും സഹോദരിയും ആദ്യം പോയതാണ്. അതിനു ശേഷമാണ് പേരാമ്പ്രയിലെ ആശുപത്രിയിലേക്ക് പോയത്. സാധാരണ കാറിന്റെ മുൻപിലാണ് ഇരിക്കാറുള്ളത്.

മകനുൾപ്പെടെ വീട്ടുകാരെല്ലാം നന്നായി അവളെ നോക്കാറുണ്ട്. നല്ല സ്‌നേഹത്തിലും സന്തോഷത്തിലുമാണ് കഴിഞ്ഞത്. സോനയ്ക്ക് ഇഷ്ടമുള്ളതെല്ലാം വീട്ടുകാർ വാങ്ങി എത്തിച്ചുകൊടുക്കാറാണു പതിവ്. അലക്കാൻപോലും പുറത്തിറങ്ങേണ്ട. ജ്യൂസടിച്ചു കുടിക്കാൻമാത്രമേ അടുക്കളയിൽ പോലും വരാറുള്ളൂ. ഇളയമകന്റെ ഭാര്യയെ വിമാനംകയറ്റാൻ കോഴിക്കോട് അടുത്തിടെ പോയതും സോനയടക്കം കുടുംബസമേതമാണ്. ബീച്ചിലൊക്കെപ്പോയി സന്തോഷത്തോടെയാണു മടങ്ങിയത്. ഗർഭിണിയായശേഷം ഇ.എം.എസ്. ആശുപത്രിയിൽ നിരവധി തവണ കൊണ്ടുപോയിട്ടുണ്ട്.

അപ്പോഴൊന്നും സ്വന്തം വീട്ടുകാർ വന്നു നോക്കിയിട്ടില്ല. നാട്ടുകാരോട് അന്വേഷിച്ചാൽ എല്ലാം വ്യക്തമാകും. കേസ് നൽകിയ ശേഷമാണ് സോന രജിൻലാലിനെ സ്വന്തമാക്കിയത്. അതിനു മുൻപു തന്നെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും രാജൻ പറഞ്ഞു. സംഭവത്തിൽ നിജസ്ഥിതി വ്യക്തമാക്കാൻ പോലീസ് ഉടനെ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രജിൻലാൽ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.

സോന ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ

പേരാമ്പ്ര: സോന ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ വസന്ത പറയുന്നു. സംഭവദിവസം രാവിലെ 10.30ഓടെ സോനയുമായി ഫോണിൽ സംസാരിച്ചിരുന്നു. അപ്പോൾ അവൾ ഒരു വിഷമവും പറഞ്ഞിട്ടില്ല. രജിൻലാൽ വിദേശത്തേക്കു പോയാൽ പാലേരിയിലെ വീട്ടിലേക്ക് വരുമെന്നു പറഞ്ഞു. ഗർഭിണിയായ സോന കുഞ്ഞിനെ വളരെ ശ്രദ്ധിക്കുന്നയാളാണ്. അതിനാൽ ആത്മഹത്യചെയ്യില്ല. സോന പെട്രോൾ വാങ്ങിയിട്ടുണ്ടാകാം. എന്നാൽ, രജിൻലാൽ വാങ്ങിപ്പിച്ചതാകാമത്. മോൾക്ക് നീതി കിട്ടണം. സത്യം ജയിക്കട്ടെെയന്നും വസന്ത പറഞ്ഞു.

Content Highlights: Police conclude husband Rajinlal is not involved in the incident., CCTV footage confirms the victim purchased petrol from a local pump., Evidence suggests the petrol container lid was found inside the vehicle., Investigation focuses on the victim's own actions regarding the fire.