കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്: യുഡിഎഫിനെ പുറത്താക്കാൻ ബിജെപിയുടെ പിന്തുണ തേടി എൽഡിഎഫ്

കോട്ടയം: കോട്ടയം നഗരസഭയിലെ മൂന്ന് കോടി രൂപയുടെ പെൻഷൻ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ബി.ജെ.പിയുടെ പിന്തുണ തേടി എൽ.ഡി.എഫ്. നഗരസഭാ ചെയർപേഴ്സനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് എൽ.ഡി.എഫ് നീക്കം.
നഗരസഭയിൽ യു.ഡി.എഫ് ഭരണം അവസാനിപ്പിക്കാൻ ബി.ജെ.പിക്ക് താൽപര്യം ഉണ്ടോ എന്ന് ബി.ജെ.പി വ്യക്തമാക്കണമെന്നും ഉണ്ടെങ്കിൽ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടു. ഇത് രാഷ്ട്രീയ സഖ്യം അല്ലെന്നാണ് എൽ.ഡി.എഫിന്റെ വിശദീകരണം.
അതേസമയം, നഗരസഭയിലെ മൂന്ന് കോടി രൂപയുടെ തട്ടിപ്പിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സാജു വർഗീസിൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. ക്രൈം ബ്രാഞ്ച് സംഘം നഗരസഭയിൽനിന്ന് പ്രാഥമിക വിവരങ്ങൾ തേടി. പ്രതി അഖിൽ സി. വർഗീസ് ഒളിവിൽ തുടരുന്നതിനിടെയാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. കോട്ടയം വെസ്റ്റ് പൊലീസാണ് കേസ് നേരത്തേ അന്വേഷിച്ചിരുന്നത്.
Content Highlights: Pension fraud in Kottayam Municipality