പീച്ചി പോലീസ് മർദ്ദനം: എസ്.ഐയുടെ സസ്പെൻഷൻ അപര്യാപ്തം, പിരിച്ചുവിടണമെന്ന് പരാതിക്കാരൻ

#മാതൃഭൂമി ന്യൂസ്
കെ.പി. ഔസേപ്പിനെയും മകനെയും പോലീസ് മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം | Photo: special arrangement
കെ.പി. ഔസേപ്പിനെയും മകനെയും പോലീസ് മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം | Photo: special arrangement

തൃശ്ശൂർ: പീച്ചി പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനക്കേസിൽ പ്രതിയായ എസ്ഐ പി.എം. രതീഷിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ തൃപ്തനല്ലെന്ന് പരാതിക്കാരനായ കെ.പി. ഔസേപ്പ്. ഇത് താൽക്കാലിക നടപടി മാത്രമാണെന്നും, കുറ്റം തെളിഞ്ഞ സാഹചര്യത്തിൽ രതീഷിനെ സർവീസിൽ നിന്ന് പിരിച്ചുവിടുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മർദ്ദനത്തിന് കൂട്ടുനിന്ന മറ്റ് അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.

സിസിടിവി ദൃശ്യങ്ങളിലൂടെ കുറ്റം തെളിഞ്ഞ സാഹചര്യത്തിൽ സസ്പെൻഷൻ പോലുള്ള ലഘുവായ നടപടികൾ പോരെന്നാണ് ഔസേപ്പിന്റെ ആവശ്യം. സസ്പെൻഷൻ കാലയളവിൽ പകുതി ശമ്പളത്തോടെ ഉദ്യോഗസ്ഥൻ പിന്നീട് സർവീസിൽ തിരിച്ചെത്തുമെന്നിരിക്കെ, ഇത് കുറ്റകൃത്യത്തിന് തക്കതായ ശിക്ഷയല്ലെന്ന് അദ്ദേഹം പറയുന്നു. അതിനാൽ, പോലീസ് ആക്ട് അനുസരിച്ച് രതീഷിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.

എസ്.ഐ രതീഷിന് പുറമെ, കുറ്റകൃത്യത്തിന് സഹായം നൽകിയ ഗ്രേഡ് എസ്ഐമാരായ ജയേഷ്, ഡേവിസ്, സിപിഒമാരായ മഹേഷ്, മനീഷ്, യൂസഫ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് ഔസേപ്പ് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്തപ്പോൾ സ്റ്റേഷനിലെ മറ്റ് പോലീസുകാർ എസ്.ഐക്ക് അനുകൂലമായാണ് മൊഴി നൽകിയതെന്നും ഔസേപ്പ് പറയുന്നു. കുറ്റവാളിയെ സംരക്ഷിക്കുന്നതും കുറ്റകൃത്യത്തെ അനുകൂലിക്കുന്നതും കുറ്റം ചെയ്യുന്നതിന് തുല്യമാണ്. അതിനാൽ, എസ്.ഐയെ സഹായിക്കുകയും കള്ളമൊഴി നൽകുകയും ചെയ്ത എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: Victim of Peechi police brutality demands dismissal of SI Ratheesh, not just suspension