രാഷ്ട്രീയ കോമരങ്ങൾ കേരളത്തിന് മാനക്കേട്: പി.സി. ജോർജിന് കത്തോലിക്കാ കോൺഗ്രസിന്റെ കടുത്ത മറുപടി

#മാതൃഭൂമി ന്യൂസ്
പി.സി ജോര്‍ജ് | Photo - Mathrubhumi archives
പി.സി ജോര്‍ജ് | Photo - Mathrubhumi archives

കോട്ടയം: മെത്രാന്മാർക്കെതിരെ അതിരൂക്ഷ ഭാഷയിൽ വിമർശനം ഉന്നയിച്ച പി.സി. ജോർജിന് ശക്തമായ മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ്. എന്തും വിളിച്ചു പറയാനുള്ള ലൈസൻസല്ല രാഷ്ട്രീയ പ്രവർത്തനമെന്ന് കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത വ്യക്തമാക്കി. പി.സി. ജോർജിനെപ്പോലെയുള്ള രാഷ്ട്രീയ കോമരങ്ങൾ കേരള രാഷ്ട്രീയത്തിന് തന്നെ വലിയ മാനക്കേടാണെന്നും സംഘടന തുറന്നടിച്ചു. മെത്രാന്മാർക്കെതിരെ ജോർജ് നടത്തിയ രൂക്ഷമായ പ്രതികരണങ്ങൾക്ക് പിന്നാലെയാണ് സഭ ഇത്തരത്തിൽ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചത്.

വോട്ടെടുപ്പിന് പിന്നാലെ സഭയ്‌ക്കെതിരെ പി.സി. ജോർജ് ഉന്നയിച്ച ആരോപണങ്ങൾ തീർത്തും വ്യാജമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ചൂണ്ടിക്കാട്ടി. കാഞ്ഞിരപ്പള്ളി ബിഷപ്പ് ചില സ്ഥലങ്ങളിൽ യുഡിഎഫിന് വോട്ട് ചെയ്യാൻ നിർദ്ദേശിച്ചുവെന്നായിരുന്നു ജോർജിന്റെ പ്രധാന ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സംഘടന പറഞ്ഞു. പി.സി. ജോർജിന്റെ ഇത്തരം പ്രസ്താവനകൾ രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു.

മെത്രാന്മാർക്ക് പുറമെ സഭയുടെ മുഖപത്രമായ ദീപികയ്‌ക്കെതിരെയും പി.സി. ജോർജും മകൻ ഷോൺ ജോർജും വിമർശനം ഉന്നയിച്ചിരുന്നു. വിവാദമായ എഫ്.സി.ആർ.എ ബില്ലുമായി ബന്ധപ്പെട്ടും ജോർജ് പ്രകോപനപരമായ പരാമർശമാണ് നടത്തിയത്. ബില്ലിൽ പ്രതിഷേധമുള്ളവർക്ക് വീട്ടിൽ പോയി ഇരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇതിനുമുമ്പും തൃശ്ശൂർ ബിഷപ്പിനെതിരെയും മറ്റും സമാനമായ രീതിയിൽ ജോർജ് ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.

തിരഞ്ഞെടുപ്പിൽ പാലായിലും പൂഞ്ഞാറിലും ക്രൈസ്തവ സഭ തന്നോടൊപ്പം നിന്നില്ലെന്ന നിരാശയാണ് ഇത്തരം വിമർശനങ്ങൾക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. തന്റെ രാഷ്ട്രീയ തിരിച്ചടികൾക്ക് സഭയെയും മെത്രാന്മാരെയും പഴിക്കുന്ന രീതിയാണ് ജോർജ് ഇപ്പോൾ സ്വീകരിക്കുന്നത്. എന്നാൽ വ്യാജ ആരോപണങ്ങളിലൂടെ സഭയെയും നേതൃത്വത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് കത്തോലിക്കാ കോൺഗ്രസ്. പി.സി. ജോർജിന്റെ നിലപാടുകൾക്കെതിരെ വിശ്വാസികൾക്കിടയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Content Highlights: Catholic Congress hits back at PC George for his defamatory remarks against Bishops.