റോഡിനടിയിൽനിന്ന് മണ്ണൊലിച്ച് പോയി; പയ്യോളിയിൽ ആറുവരിപ്പാതയുടെ താഴെ ഗർത്തം

പയ്യോളി പെരുമാൾപുരത്ത് ആറുവരിപ്പാതയുടെ അടിയിൽനിന്ന് മണ്ണ് ഒലിച്ചുപോയതിനെത്തുടർന്ന് രൂപപ്പെട്ട ഗർത്തം. മുകളിലൂടെ വാഹനം പോകുന്നതും കാണാം
പയ്യോളി പെരുമാൾപുരത്ത് ആറുവരിപ്പാതയുടെ അടിയിൽനിന്ന് മണ്ണ് ഒലിച്ചുപോയതിനെത്തുടർന്ന് രൂപപ്പെട്ട ഗർത്തം. മുകളിലൂടെ വാഹനം പോകുന്നതും കാണാം

പയ്യോളി: ആറുവരിപ്പാതയുടെ അടിയിൽ പെരുമാൾപുരം ശിവക്ഷേത്രത്തിന് സമീപം ഗർത്തം രൂപപ്പെട്ടു. റോഡിനടിയിൽനിന്ന് മണ്ണ് വ്യാപകമായി ഒലിച്ചുപോയതിനെ തുടർന്നാണ് ഗുഹയെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഗർത്തമുണ്ടായിട്ടുള്ളത്. ആറുവരിപ്പാതയിൽ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന മൂന്നുവരിപ്പാതയുടെ അടിയിൽനിന്നാണ് മണ്ണ് പുറത്തേക്ക് ഒലിച്ചുപോയിട്ടുള്ളത്. ബുധനാഴ്ച രാവിലെ സമീപവാസികളാണ് ഇത് കാണുന്നത്.

ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്തമഴയിൽ സംഭവിച്ചതാണെന്ന് കരുതുന്നു. സ്ഥലത്തിന്റെപേരിൽ കേസ് നിലനിൽക്കുന്നതിനാൽ ഇവിടെ സർവീസ് റോഡ് ഇല്ല. മഴയത്ത് വെള്ളം നിറഞ്ഞപ്പോൾ റോഡിലുണ്ടായ വിടവിലൂടെ വെള്ളം താഴേക്ക് ഒഴുകിയപ്പോൾ സംഭവിച്ചതാണെന്ന് പറയുന്നു. അതോടെ താഴെയുള്ള ഭിത്തിയും അടർന്നാണ് മണ്ണും വെള്ളവും ഒഴുകിയത്. ഏതാണ്ട് മൂന്നുമീറ്റർ ദൂരം മണ്ണില്ലാത്തത് കാണാം. വെള്ളം താഴേക്കിറങ്ങിയ വിടവും കാണാം. ഇങ്ങനെ സംഭവിച്ചിട്ടും ഇതിന് മുകളിലൂടെത്തന്നെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇത് അപകടത്തിലേക്ക് നയിക്കുമെന്ന ആശങ്കയുയർന്നിട്ടുണ്ട്.

വാഹനങ്ങളുടെ ദിശ മാറ്റിക്കാൻ അധികൃതരാരും എത്തിയില്ല. ഇവിടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാതയുടെ ഭിത്തിക്കായി കമ്പികെട്ടുന്ന തൊഴിലാളികൾ സാധാരണപോലെ ജോലി തുടർന്നു. നാട്ടുകാർ ഈ സംഭവം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അത് തങ്ങളുടെ ജോലിയിൽ വരുന്നതല്ലെന്നായിരുന്നു മറുപടി. തുടർന്ന് സമീപവാസി അമ്പാടിയിൽ രവീന്ദ്രൻ എൻ.എച്ച്. ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

മേയ് മാസത്തിന്റെ തുടക്കത്തിൽ ആദ്യത്തെ മഴയിൽ ഈ സ്ഥലത്തുനിന്ന് വെള്ളവും മണ്ണും ചെളിയുമെല്ലാം റോഡരികിലെ രവീന്ദ്രന്റെ വീട്ടിലേക്ക് കുത്തിയൊഴുകിയിരുന്നു. പോർച്ചിൽ നിർത്തിയ കാറും ബെക്കുകളും ചെളിയിൽ പുതഞ്ഞു. വീടിന്റെ വരാന്തവരെ ചെളിയായിരുന്നു.

Content Highlights: Large sinkhole formed beneath the Payyoli six-lane highway near Perumalpura Temple., Soil erosion caused by heavy rainfall led to a cave-like void under the road., Vehicles continue to pass over the compromised section despite high safety risks., Local residents reported the issue after authorities failed to take immediate action., Previous instances of mud and water flooding local residences have been documented.