രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; പയ്യന്നൂർ തഹസിൽദാർക്ക് സസ്പെൻഷൻ

#ന്യൂസ് ഡെസ്ക്
രാജേഷ്
രാജേഷ്

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച റപ്പലിങ് ഇൻസ്ട്രക്ടർ ആർ. രാജേഷിന്റെ ഭൗതികദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ നടപടി. പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിയെ സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മിഷണർക്ക് മന്ത്രി എ.പി. അനിൽകുമാർ നിർദേശം നൽകി. സംഭവത്തെകുറിച്ച് കണ്ണൂർ ജില്ലാ കളക്ടർ കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ മന്ത്രിയുടെ നടപടി.

എംബാം ചെയ്യാതെയും മതിയായ ഫ്രീസർ സൗകര്യമില്ലാതെയുമാണ് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ആംബുലൻസ് ഡ്രൈവർമാരായ മുഹമ്മദ് നിയാസും മുഹമ്മദ് തൻവീറുമാണ് അനാസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്. വെള്ളത്തിൽ വീണുമരിച്ചതിനാൽ ശരീരം വീർത്ത അവസ്ഥയിലായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ മൃതദേഹം എംബാം ചെയ്യുകയോ ഫ്രീസർ ഉപയോഗിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാൽ, യാതൊരു മുൻകരുതലുമില്ലാതെയാണ് മൃതദേഹം കൊണ്ടുപോയത്.

തൃശ്ശൂർ ചാവക്കാട് എത്തിയപ്പോഴാണ് ആംബുലൻസിലെ വീഴ്ച തിരിച്ചറിഞ്ഞത്. ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുവന്നതിനെ തുടർന്ന് ഭൗതിക ദേഹത്തിന് കേടുപാടുകൾ സംഭവിക്കുമോ എന്ന് ഭയന്ന ഡ്രൈവർമാർ, ചാവക്കാട് വെച്ച് മറ്റൊരു ആംബുലൻസിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് മുന്നിലുള്ള മറ്റ് ആംബുലൻസ് ഡ്രൈവർമാരുടെ സഹായത്തോടെയാണ് ഫ്രീസർ സൗകര്യമുള്ള വാഹനത്തിൽ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. മൃതദേഹം വഴിയിൽവെച്ച് മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ചെറുപുഴ മീൻതുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെയാണ് തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ ആർ. രാജേഷ് (36) മരിച്ചത്. മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിച്ചുകൊണ്ടുവരുന്നതിനിടയിലാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

ലൈഫ് ജാക്കറ്റ്, റോപ്പ് എന്നിവയടക്കം രാജേഷ് ധരിച്ചിരുന്നു. എന്നാൽ, സ്വന്തം ലൈഫ് ജാക്കറ്റ് ഊരി തുരുത്തിൽനിന്ന് രക്ഷിച്ചുകൊണ്ടുവരികയായിരുന്ന വ്യക്തിക്ക് രാജേഷ് നൽകുകയായിരുന്നു. തുടർന്ന് കയറിൽ പിടിച്ച് പുഴ കുറുകെ കടക്കുന്നതിനിടെ കയറിൽനിന്ന് പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. തിരച്ചിലിനൊടുവിൽ ഓഗസ്റ്റ് നാലിനാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

Content Highlights: Payyanur Tehsildar suspended for negligence in transporting mortal remains., The body of R. Rajesh was transported without embalming or freezer facilities., Ambulance drivers intervened in Chavakkad to transfer the body to a freezer-equipped vehicle., R. Rajesh died while performing a heroic rescue operation in Meenthulli Thuruthu., Revenue Minister AP Anil Kumar initiated action based on the District Collector's report.