സ്കൂൾ മുറ്റത്ത് കണ്ണീർപ്പൂക്കൾ; മടങ്ങി അമ്മയും മകനും, ദുരന്തത്തിന്റെ നടുക്കം മാറാതെ നാട്

പൂഞ്ഞാർ: പയ്യാനിത്തോട്ടം ഉരുൾപൊട്ടലിൽ മരിച്ച മണപ്പാട്ട് റെജീന ജോണിയുടെയും മകൻ ജോസഫിൻ ജോണിയുടെയും മൃതദേഹം ആംബുലൻസിൽ പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്‌കൂൾമുറ്റത്തേക്ക് എത്തുമ്പോൾ സമയം ഞായറാഴ്ച രാവിലെ 11.30. അല്പനേരം മഴ മാറിനിന്ന സമയം. വീട് പൂർണമായും നഷ്ടപ്പെട്ട കുടുംബത്തിന് വീടുപോലെയായി സ്‌കൂൾ അങ്കണം.
ഈ സ്‌കൂളിലെ ജീവനക്കാരിയായിരുന്നു റെജീന. അവിടേക്കുള്ള അവരുടെ അവസാനവരവ് കാത്ത് നാടുമുഴുവൻ സ്‌കൂൾമുറ്റത്ത് കൂടിനിന്നിരുന്നു. മൃതദേഹങ്ങൾ എത്തിച്ചപ്പോൾ നാടാകെ കണ്ണീരണിഞ്ഞു. റെജീനയുടെ ഭർത്താവ് എം.ജെ. ജോണിയും മറ്റ് മക്കളായ ജോമിറ്റും സോമിറ്റും അലമുറയിട്ട് അടുത്തേക്ക് എത്തി. അധികം കഴിയും മുന്പ് വീണ്ടും ശക്തമായ മഴയുടെ വരവ്.
സംസ്‌കാര ശുശ്രൂഷയ്ക് തുടക്കമാകുമ്പോൾ ആ ഓർമ്മകളിൽ എല്ലാവരും തലകുനിച്ചു. റെജീനയുടേയും ജോസഫിന്റേയും ഹൃദയത്തിൽ സൂക്ഷിച്ച സ്വപ്നങ്ങൾ പലരും പങ്കുവെച്ചു. ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജോസഫിൻ, ചൂണ്ടച്ചേരി സെയ്ന്റ് ജോസഫ് എൻജിനിയറിങ് കോേളജിലെ കാന്റീൻ ജോലിയിലേക്ക് തിങ്കളാഴ്ച മടങ്ങാനിരുന്ന സന്തോഷം തങ്ങളോട് പറഞ്ഞിരുന്നെന്ന് കോളേജ് ജീവനക്കാർ പറഞ്ഞു. സ്‌കൂളിൽ എപ്പോഴും ചിരിച്ച മുഖവുമായി നടന്നിരുന്ന റെജീനയാണ് എല്ലാവരുടേയും വാക്കിൽ നിറഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ചവരെ സ്‌കൂളിൽ സജീവമായിരുന്നു റെജീന.
മൂന്നിന് മൃതദേഹങ്ങൾ സെയ്ന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിലേക്കെടത്തു. ശുശ്രൂഷകൾക്ക് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട് നേതൃത്വംനൽകി. മന്ത്രി മോൻസ് ജോസഫ്, ആന്റോ ആന്റണി എം.പി., എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ., റബർബോർഡ് ചെയർമാൻ എൻ. ഹരി, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തി.
Content Highlights: Tragic death of Regina and Josephin in the Payyanithottam landslide., Emotional funeral service held at Holy Spirit School ground., Bishop Mar Joseph Kallarangatt led the final rites at St. Alphonsa Church cemetery., High-profile attendance including Minister Mons Joseph and Anto Antony MP., Community remembers the victims' contributions and future aspirations.