പാലക്കാട്ടെ പൂർണഗർഭിണിയുടെ മരണം; കാരണം ആംനിയോട്ടിക് ഫ്‌ലുയിഡ് എംബോളിസം, ചികിത്സാപിഴവില്ലെന്ന് DMO

പാലക്കാട്: പട്ടാമ്പിയിൽ ഒൻപതുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പ്രാഥമികാന്വേഷണത്തിലും പോസ്റ്റ്‌മോർട്ടത്തിലും ചികിത്സാപിഴവ് കണ്ടെത്താനായില്ലെന്ന് പാലക്കാട് ഡിഎംഒ. ആംനിയോട്ടിക് ഫ്‌ലുയിഡ് എംബോളിസം സംഭവിച്ചതാണ് മരണകാരണമെന്ന് ഡിഎംഒ ടി.വി. റോഷി പറഞ്ഞു.
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തൃത്താല മേഴത്തൂർ കുളങ്ങര വീട്ടിൽ നിസാർ ബാഷയുടെ ഭാര്യ നൗഷിജയാണ് (29) വെള്ളിയാഴ്ച മരിച്ചത്. ഒമ്പത് മാസം ഗർഭിണിയായിരുന്നു. ഫെബ്രുവരി 16-ാം തീയതി മുതൽ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി അഡ്മിറ്റായിരുന്നു.20-ാം തീയതി രാവിലെ 10.30-ഓടെ നൗഷിജ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽനിന്ന് നൗഷിജയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരന്നു. സംഭവത്തിൽ നൗഷിജയുടെ സഹോദരൻ നൽകിയ പരാതിയിൽ തൃത്താല പോലീസ് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച അഡ്മിറ്റ് ചെയ്ത ശേഷം ചൊവ്വാഴ്ചയും ബുധനാഴ്ചയും പ്രസവം നടക്കാനുള്ള വിവിധ നടപടികൾ സ്വീകരിച്ചെങ്കിലും നൗഷിജയുടെ ഗർഭപാത്രം വികസിച്ചില്ല. വ്യാഴാഴ്ചയോടെ യുവതിക്ക് കഠിനമായ വേദനയും ബ്ലീഡിങ്ങും അനുഭവപ്പെട്ടെങ്കിലും 'നോക്കാം' എന്ന മറുപടിയാണ് ഡോക്ടർമാരിൽ നിന്നും ലഭിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
തുടർന്ന് 20-ാം തീയതി പുലർച്ചെ നൗഷിജയ്ക്ക് കടുത്തക്ഷീണവും വേദനയും അനുഭവപ്പെട്ടു. എന്നാൽ രാവിലെ 10 മണിക്ക് ഡോക്ടർ വന്നാലേ തുടർനടപടികൾ തീരുമാനിക്കാനാകൂ എന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ യുവതി കുഴഞ്ഞുവീഴുകയും ഹൃദയാഘാതം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തു.
താലൂക്ക് ആശുപത്രിയിൽനിന്നും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് ഏകദേശം 45 മിനിറ്റ് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു എന്ന് സ്വകാര്യ ആശുപത്രി അധികൃതർ റിപ്പോർട്ട് നൽകി.
മരണശേഷം ചികിത്സാ രേഖകൾ പോലീസിന് കൈമാറുന്നതിൽ താലൂക്ക് ആശുപത്രി അധികൃതർ മനഃപൂർവം കാലതാമസം വരുത്തിയതായും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.
Content Highlights: pattambi pregnant woman death no hint of medical negligence says dmo