കള്ളനെപ്പേടിച്ച് ഭാര്യ സ്വർണം ഷൂസിൽ ഒളിപ്പിച്ചു, ഭർത്താവ് ഷൂസ് എടുത്ത് ഹരിതകർമസേനയ്ക്ക് കൊടുത്തു; തിരിച്ചുനൽകി ഹരിതകർമസേനാംഗങ്ങൾ

പട്ടാമ്പി (പാലക്കാട്): കള്ളനെപ്പേടിച്ച് ഭാര്യ ഷൂസിനുള്ളിൽ സ്വർണം ഒളിപ്പിച്ചുവെച്ചതറിയാതെ ഭർത്താവ് ഷൂസ് ഹരിതകർമസേനയ്ക്ക് കൊടുത്തു. മണിക്കൂറുകൾനീണ്ട തിരച്ചിലിനൊടുവിൽ സ്വർണം കണ്ടെത്തി ഹരിതകർമസേനാംഗങ്ങൾ ഉടമയ്ക്ക് തിരിച്ചുനൽകി .
പട്ടാമ്പി ഹാർമണി സ്ട്രീറ്റിൽ താമസിക്കുന്ന അധ്യാപക ദമ്പതിമാരുടെ വീട്ടിൽ കഴിഞ്ഞ പതിനൊന്നിനായിരുന്നു സംഭവം. ഇരുവരും രാവിലെ ജോലിക്ക് പോകുന്നതിനാൽ വീട്ടിലെ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാനാണ് ഭാര്യ പഴയ ഷൂസിനുള്ളിൽ വെച്ചത്. എന്നാൽ, വീട്ടിലെത്തിയ ഹരിതകർമസേനയ്ക്ക് ഭർത്താവ് ഇതറിയാതെ പഴയ ഷൂസ് കൈമാറി. മൂന്നു പവനടങ്ങുന്ന മോതിരവും കമ്മലും മാലയുമായിരുന്നു പഴയ ഷൂസിൽ ഒളിപ്പിച്ചുവെച്ചിരുന്നത്.
ജോലികഴിഞ്ഞ് ഭാര്യ വീട്ടിലെത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. മണിക്കൂറുകൾനീണ്ട തിരച്ചിലിനൊടുവിൽ ഹരിതകർമസേനാംഗങ്ങൾ സ്വർണം കണ്ടെത്തി. ഹരിതകർമസേനാംഗങ്ങൾ, പഞ്ചായത്തംഗം സുബ്രഹ്മണ്യൻ, നഗരസഭാ ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ നഗരസഭാധ്യക്ഷൻ ടി.പി. ഷാജി സ്വർണം ഉടമയ്ക്ക് കൈമാറി.
Content Highlights: Wife hid 3 sovereigns of gold inside an old shoe for safety from thieves., Husband unknowingly handed over the shoe to Haritha Karma Sena waste collectors., Haritha Karma Sena members located the gold after an extensive search., The gold was officially handed back to the owners by the municipal chairman.