നാല് കോച്ചുകള്‍ അധികം അനുവദിച്ചതുകൊണ്ട് പാലരുവിയിലെ യാത്രാദുരിതത്തിന് പരിഹാരമാകില്ലെന്ന് യാത്രക്കാർ

#സ്വന്തം ലേഖിക
പാലരുവി എക്‌സ്പ്രസ്‌
പാലരുവി എക്‌സ്പ്രസ്‌

കൊച്ചി: പാലരുവി എക്‌സ്പ്രസിലെ യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെ അധിക കോച്ചുകള്‍ അനുവദിച്ച് സതേണ്‍ റെയില്‍വേ. തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസില്‍ നാല് അധിക കോച്ചുകള്‍ കൂടിയാണ് അനുവദിച്ചത്. ഇതോടെ ട്രെയിനിലെ കോച്ചുകളുടെ എണ്ണം 14-ല്‍നിന്ന് 18 ആയി ഉയര്‍ന്നു. മൂന്ന് ജനറലും ഒരു സ്ലീപ്പര്‍ കോച്ചും വീതമാണ് അനുവദിച്ചത്. 

വിദ്യാര്‍ഥികളും ജോലിക്കാരും സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിൻ ആണ് പാലരുവി എക്സ്പ്രസ്. പാലരുവിക്കും വേണാടിനും ഇടയ്ക്കുള്ള ഒന്നര മണിക്കൂര്‍ ഇടവേളയാണ് യാത്രാക്ലേശം കൂടാന്‍ കാരണം. പാലരുവിയിലെ തിരക്ക് മൂലം യാത്രക്കാര്‍ കുഴഞ്ഞുവീഴുന്നത് സ്ഥിരം കാഴ്ചയാവുകയും യാത്രാദുരിതം കഠിനമാവുകയും ചെയ്തതതിന് പിന്നാലെയാണ് യാത്രക്കാരുടെ സംഘടനയായ ഫ്രന്‍ഡ്സ് ഓണ്‍ റെയില്‍സിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കായംകുളം മുതല്‍ കോട്ടയം വഴി എറണാകുളം ടൗണ്‍ വരെയുള്ള യാത്രക്കാര്‍ കറുത്ത ബാഡ്ജുകള്‍ ധരിച്ചെത്തി എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ പ്രതിഷേധിക്കുകയായിരുന്നു. 

അതേസമയം, നിലവിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് നാല് കോച്ചുകള്‍കൂടി അനുവദിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നാണ് യാത്രക്കാരുടെ അഭിപ്രായം. പാലരുവിയില്‍ മുമ്പിലും പിറകിലും ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകള്‍ ചെറുതാണ്. തിരക്ക് കൂടുതലായതുകാരണം മിക്കവാറും രണ്ട് സ്ത്രീകളെങ്കിലും തലകറങ്ങി വീഴുകയോ പരിക്കുകള്‍ പറ്റുകയോ ചെയ്യാറുണ്ട്. ഇപ്പോള്‍ മിക്ക ദിവസങ്ങളിലും ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലെ തിരക്ക് കാരണം ഡിസേബിള്‍ഡ് കോച്ചിലേക്കും ആള്‍ക്കാര്‍ കയറുകയാണ് ചെയ്യുന്നത്, പാലരുവി എക്‌സ്പ്രസിലെ യാത്രക്കാരിയായ സ്വപ്ന പറഞ്ഞു. 

വേണാട് എറണാകുളം ജങ്ഷന്‍ ഒഴിവാക്കിയപ്പോള്‍ സൗത്തിലെ ഓഫീസുകളില്‍ സമയത്ത് എത്തുന്നതിനായി യാത്രക്കാര്‍ പാലരുവിയെ ആശ്രയിക്കുകയാണ്. ഇതോടെ തിരക്ക് നിയന്ത്രണാതീതമാവുകയായിരുന്നു. കൂടാതെ വന്ദേഭാരത് കടന്നുപോകുന്നതിനായി മുളന്തുരുത്തിയില്‍ പാലരുവി പിടിച്ചിടുന്നതോടെ യാത്ര ദുഷ്‌കരമാവുകയാണ്. കൃത്യസമയത്ത് ട്രെയിന്‍ ഓടുകയും പാലരുവിക്കും വേണാടിനും ഇടയിലുള്ള ഒന്നരമണിക്കൂര്‍ സമയത്തിനുള്ളില്‍ മെമുവോ പാസഞ്ചര്‍ ട്രെയിനോ കൂടി അനുവദിക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Content Highlights: Passenger-palaruvi express