പര്യത്തുകാവിൽ വീടുവെച്ച് നൽകുമെന്ന് മുഖ്യമന്ത്രി;’സമരമിരിക്കുന്നവരെകണ്ട് ഞെട്ടി,രണ്ട് മുൻമന്ത്രിമാർ’

മുഖ്യമന്ത്രി വി.ഡി.സതീശന്‍, പര്യത്തുകാവില്‍ പ്രതിഷേധത്തിനെത്തിയ മുന്‍ മന്ത്രി പി.രാജീവ്‌
മുഖ്യമന്ത്രി വി.ഡി.സതീശന്‍, പര്യത്തുകാവില്‍ പ്രതിഷേധത്തിനെത്തിയ മുന്‍ മന്ത്രി പി.രാജീവ്‌

തിരുവനന്തപുരം: പര്യത്തുകാവിലെ ഒഴിപ്പിക്കലിൽ നിർണായക തീരുമാനം അറിയിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. കോടതിവിധി പ്രകാരം കുടിയൊഴിപ്പിക്കേണ്ടി വന്നാൽ കുടുംബങ്ങൾക്ക് സ്ഥലവും വീടും വെച്ച് നൽകാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സതീശൻ പറഞ്ഞു.

അതേസമയം പര്യത്തുകാവിൽ സമരത്തിനെത്തിയ സിപിഎമ്മിനെ മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു.' അവിടെ ഇപ്പോൾ ഒരു സമരം നടക്കുന്നുണ്ട്. അത് കണ്ട് ഞെട്ടിപ്പോയി. മുൻ മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾ അവിടെ സമരം ഇരിക്കുന്നു. ഞങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് ഒഴിപ്പിക്കലിനായി പോലീസ് എത്തുന്നത്. 15-ാം തവണയായിരുന്നു അത്. എൽഡിഎഫ് സർക്കാറിന്റെ കാലത്താണ് 14 തവണയും ഒഴിപ്പിക്കലിനായി പോയിട്ടുള്ളത്. വിഷയം പരിഹരിക്കാൻ ആ സർക്കാർ ഒരു വിരൽ അനക്കിയില്ല. 14 പ്രാവിശ്യവും ഇങ്ങോട്ടേക്ക് തിരിഞ്ഞ് നോക്കാത്ത ആളുകൾ സുപ്രീംകോടതി വിധിപ്രകാരം ഒഴിപ്പിക്കലിനെത്തിയപ്പോൾ അവിടെ സമരത്തിനെത്തിയിരിക്കുകയാണ്' സതീശൻ പറഞ്ഞു.

പക്ഷേ ഞങ്ങൾ അവർ ചെയ്തത് പോലെ നിരുത്തരവാദപരമായ സമീപനം സ്വീകരിക്കില്ല. വിഷയം വന്നപ്പോൾ തന്നെ തങ്ങൾ മന്ത്രി റോജി എം ജോണി ഇടപെടലിനായി ചുമതലപ്പെടുത്തി. 'കോടതി ഉത്തരവ് നടപ്പാക്കിയാൽ പകരം സ്ഥലവും വീടും നൽകി പുനരധിവസിപ്പിക്കും. അവരെ തെരുവിലേക്ക് ഇറക്കി വിടില്ല. ഇങ്ങനെയൊരു തീരുമാനം 14 തവണ ഒഴിപ്പിക്കലിനെത്തിയപ്പോൾ കഴിഞ്ഞ സർക്കാർ സ്വീകരിച്ചോ' മുഖ്യമന്ത്രി ചോദിച്ചു.

ഇരകളായവരോടും കോടതിയിൽ അനുകൂല വിധി സമ്പാദിച്ചവരോടും തങ്ങൾ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് മൂന്ന് ദിവസത്തിനുള്ളിലാണ് ഈ സർക്കാർ ഇക്കാര്യങ്ങൾ ചെയ്തത്. നിയമപരമായും കോടതിയിൽപോയി സാവകാശം വാങ്ങിയെന്നും സതീശൻ കൂട്ടിച്ചേർത്തു.

മുൻ മന്ത്രിമാരായ പി.രാജീവ്,ആർ.ബിന്ദു എന്നിവർ പര്യത്തുകാവിൽ പ്രതിഷേധത്തിനെത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇവിടുത്തെ താമസക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയിട്ടുണ്ട്.

Content Highlights: Government promises land and housing for families facing eviction in Paryathukavu., CM V.D. Satheesan criticizes LDF's inaction during their previous 14 attempts at eviction