'പാർട്ടിക്കാർ വീട്ടിൽ വന്നു, മകളെ പറഞ്ഞ് മനസ്സിലാക്കണമെന്ന് അമ്മയോട് ഭീഷണി; കൊന്നാലും സത്യം പറയും'

കണ്ണൂര്‍: എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്ഫോടനത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ സി.പി.എമ്മിനെ വിമർശിച്ച് രംഗത്തെത്തിയ യുവതിക്കുനേരെ പാർട്ടിക്കാരുടെ ഭീഷണിയെന്ന് ആരോപണം. ബുധനാഴ്ച രാത്രി പാർട്ടി പ്രവർത്തകർ വീട്ടിലെത്തിയതായി മരിച്ച വേലായുധന്റെ അയൽവാസി സീന പറഞ്ഞു. അമ്മയോട് മകളെ കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്ന് പറഞ്ഞതായും അവർ വ്യക്തമാക്കി.
പ്രദേശത്തെ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവരാണ് വീട്ടിലെത്തിയത്. സ്ത്രീകളാണ് വന്നത്. മകളെ കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്ന് അവർ പറഞ്ഞു. അവൾ താൻ പറഞ്ഞാൽ കേൾക്കില്ലെന്നായിരുന്നു അമ്മയുടെ മറുപടി. സംഭവം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും സീന പറഞ്ഞു.
ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ 85-കാരൻ ബോംബ് സ്‌ഫോടനത്തിൽ മരിച്ച സംഭവത്തിൽ സി.പി.എമ്മിനെതിരേ രൂക്ഷവിമർശനവുമായി സീന രംഗത്തെത്തിയിരുന്നു. തേങ്ങയെടുക്കുന്നതിനിടയിൽ കിട്ടിയ സ്റ്റീൽപാത്രം വീടിന്റെ തറയോട് അടിച്ചപ്പോഴുണ്ടായ സ്ഫോടനമാണ് വേലായുധന്റെ മരണത്തിലേക്ക് നയിച്ചത്.
‘‘ആളൊഴിഞ്ഞ വീടുകൾ ബോംബ് നിർമാണ കേന്ദ്രങ്ങളാക്കുകയാണ്. ആരെങ്കിലും തുറന്നുപറഞ്ഞാൽ പറയുന്നവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും. കൊന്നാലും വേണ്ടില്ല സത്യം വിളിച്ചുപറയും. തേങ്ങയെടുക്കാൻ പോയപ്പോഴാണ് വേലായുധേട്ടൻ ബോംബ് പൊട്ടി മരിച്ചത്. വയലിൽ പുല്ലുപറിക്കാൻ സ്ത്രീകൾ പോകാറുണ്ട്. അവിടെയും ബോംബ് സൂക്ഷിച്ചാൽ പൊട്ടിത്തെറിക്കില്ലേ. ഇങ്ങനെ പോയാൽ കുഴിബോബ് കണ്ടെത്താൻ യന്ത്രം വേണ്ടിവരും. 15 വർഷംമുൻപ് വീട് വാടകയ്ക്കു നൽകി. അന്ന് വീട്ടിൽ ബോംബുണ്ടെന്നു പറഞ്ഞ് വാടകക്കാർ പേടിച്ച് വീട്ടിൽനിന്നു പോയി. മതിൽ കെട്ടിയ കല്ലിനുള്ളിൽവരെ ബോംബ് വെക്കാറുണ്ടായിരുന്നു. എന്തുകൊണ്ട് പോലീസ് ഇത്തരം കാര്യങ്ങൾ അറിയുന്നില്ല. ഭരണഘടന വാഗ്ദാനംനൽകുന്ന സമാധാനം ലഭിക്കേണ്ടേ’’ -സീന പറഞ്ഞു.
എന്നാൽ, സ്ഫോടനവുമായി ബന്ധപ്പെട്ട് യുവതി നടത്തിയ വെളിപ്പെടുത്തലുകളെ സി.പി.എം തള്ളി. കോൺഗ്രസ് അനുഭാവമുള്ള കുടുംബമാണ് യുവതിയുടേതെന്നും നാലുവർഷമായി പ്രദേശത്ത് അവർ താമസിക്കാറില്ലെന്നുമാണ് എരഞ്ഞോളി പഞ്ചായത്തംഗം നിമിഷയുടെ വാദം.
Content Highlights: party members threaten woman who criticize the CPM in case of bomb blast